ഇട്ടി അച്യുതൻ വൈദ്യരും ഹോർത്തൂസ് മലബാറിക്കൂസും ചില സത്യങ്ങളും

ബോട്ടണി അഥവാ സസ്യ ശാസ്ത്രത്തിനു അടിത്തറ നല്‍കിയ കാള്‍ലിനെയസിനെക്കുരിച്ചെല്ലാം നമ്മള്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ മലബാറിലെ സസ്യങ്ങളെ കുറിച്ച് അടിസ്ഥാനപരമായ വിവരങ്ങള്‍ നല്‍കി അക്കാലത്തെ ഏറ്റവും വലിയ സസ്യ ഡയരക്ടറി ആയ ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൻറെ യഥാർത്ഥ ഗ്രന്ഥകർത്താവ് “ഇട്ടി അച്ചുതന്‍’’ എന്ന മലയാളി വൈദ്യനെ കുറിച്ച് നമ്മളിൽ പലരും കേട്ടിരിക്കാന്‍ ഇടയില്ല.

കേരളത്തിലെ സസ്യ സമ്പത്തിനെകുറിച്ചു ആധികാരികമായി തയ്യാറാക്കിയ ആദ്യഗ്രന്ഥമാണ് ഹോർത്തൂസ് ഇൻഡിക്കൂസ് മലബാറിക്കൂസ്. മലയാളലിപികൾ ആദ്യമായി അച്ചടിച്ചതും ഈ ഗ്രന്ഥത്തിലാണ്.ഇതിൻറെ യദാർത്ഥ ഗ്രന്ഥ കർത്താവ് ഇട്ടി അച്യുതൻ വൈദ്യർ ചേർത്തലയിലെ കടൽത്തീര ഗ്രാമമായ കടക്കരപ്പള്ളിക്കാരനാണ്. ഈ സത്യം ഹോർത്തൂസ് മലബാറിക്കസ് എന്ന ലാറ്റിൻ ഗ്രന്ഥത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കടക്കരപ്പള്ളി ‘കൊടകരപ്പള്ളി’ (Codda Carapalli, page- 13) എന്നാണ് ഹോർത്തൂസിൽ അച്ചടിച്ചിരിക്കുന്നത്.

(ഇട്ടി അച്ചുദൻ വൈദ്യരുടെ പേര് – 1716ലെ ഒരു പുസ്തകത്തിൽ നിന്ന്)

അച്ചടിച്ച് 300-ൽ പരം വർഷങ്ങൾ കഴിഞ്ഞിട്ടും യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചു ചരിത്രം വളച്ചൊടിക്കാനാണ് ചില തൽപരകക്ഷികളുടെ ശ്രമം. വെളിച്ചം ഒരുനാളും മൂടിവെക്കാൻ കഴിയില്ല എന്നതുപോലെ സത്യം ഒരിക്കൽ മറനീക്കി പുറത്തുവരികതന്നെ ചെയ്യും. ഹോർത്തൂസ് മലബാറിക്കൂസിന്റെ കാര്യത്തിലും ഇത്‌ അക്ഷരംപ്രതി ശരിയാണെന്നു കാലം തെളിയിച്ചിരിക്കുന്നു.

ഡച്ചു ഗവർണർ ആയിരുന്ന ഹെൻറിക് അഡ്രിയാൻ വാൻറീഡ് ആണ് ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം ‘നിർമ്മിച്ചത് ‘.

നിർമ്മിച്ചത്- എന്ന്‌ പറയുന്നതിന്റെ കാരണം ഗ്രന്ഥം തയ്യാറാക്കിയത് വാൻ റീഡ് അല്ല എന്നതുതന്നെ. ഗ്രന്ഥകർത്താവിന്റെ കുപ്പായം ബ്രദർ മത്തേയൂസ് എന്ന കർമലൈറ്റ് സന്യാസിക്ക് നൽകുവാനും ചില സ്ഥാപിത താത്പര്യക്കാർ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. ഇത്തരുണത്തിൽ ഈ ഗ്രന്ഥത്തിന്റെ നിർമ്മിതിയെക്കുറിച്ചു ചില സത്യങ്ങൾ തുറന്ന് എഴുതാതിരിക്കാൻ നിർവ്വാഹമില്ല.

ഹോർത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്ര ഗ്രന്ഥത്തിന്റെ നിർമ്മിതിക്ക് പ്രധാനമായും രണ്ട് ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നാം ഘട്ടത്തിൽ പ്രധാനവ്യക്തി ഫാദർ മത്തേയൂസ് (മാത്യുസ് )എന്ന കർമലീത്താ സന്യാസി ആയിരുന്നു. സഹായികളായി അപ്പു ഭട്ട്, രംഗഭട്ട്, വിനായക പണ്ഡിറ്റ് എന്നീ കൊങ്ങിണി ബ്രാഹ്മണരെയും വാൻ റീഡ് നിയമിച്ചു.

ഫാ. മാത്യുസ് തയ്യാറാക്കിയ സസ്യവിവരണങ്ങളും ചിത്രങ്ങളും വാൻറീഡ് പരിശോധിച്ചുകൊണ്ടിരുന്നു. ആ വിവരണങ്ങളിലും ചിത്രങ്ങളിലും അദ്ദേഹം ഒട്ടും തൃപ്തനായിരുന്നില്ല.

ഈ സന്ദർഭത്തിലാണ് ‘ഫ്ലോറ ഓഫ് സിലോൺ’ [Flora of Ceylon ]എന്ന സസ്യ ശാസ്ത്രഗ്രന്ഥം തയ്യാറാക്കാൻ വന്നെത്തിയ ഡോ. പോൾ ഹെർമ്മൻ കൊച്ചിയിലെത്തുന്നത്. 1674 ലാണ് ഈ ഡച്ചുകാരൻ വാൻറീഡുമായി കൂടിക്കാഴ്ച നടത്തിയത്. ഹോർത്തൂസിനുവേണ്ടി ഫാ. മാത്യുസും കൂട്ടരും തയ്യാറാക്കിയ വിവരണങ്ങളും ചിത്രങ്ങളും വാൻ റീഡ് ഡോ. ഹെർമ്മനെ കാണിക്കുകയും അഭിപ്രായം ആരായുകയും ചെയ്തു. അതുവരെ തയ്യാറാക്കിയ വിവരങ്ങൾ ശാസ്ത്രീയമല്ലെന്നും ഇതേരീതിയിൽ മുന്നോട്ടുപോയാൽ ഈ ഗ്രന്ധം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ലെന്നും പോൾ അഭിപ്രായപ്പെട്ടു.

ഫാ. മത്തേയൂസിന്റെ രചനകളെ പാടെ നിരാകരിക്കുവാനും ഗ്രന്ഥനിർമ്മിതിക്ക് പുതിയൊരു ശൈലി അവലംബിക്കുവാനും ഡോ. പോൾ ഹെർമ്മൻ ഉപദേശിച്ചു. വേര്, തണ്ട്, ഇല, പൂവ്, കായ് എന്നിവയും ചിത്രവും സഹിതം ഒരു ചെടിയുടെ സമ്പൂർണ്ണ വിവരണം ഉള്പെടുത്തുകയാണ് വേണ്ടതെന്നും പോൾ നിർദ്ദേശിച്ചു.

ഒരു പാതിരിയും വൈദ്യനും എന്ന നിലക്ക് സാധാരണ കാര്യങ്ങൾക്കു ഉപകരിക്കും എന്നല്ലാതെ മലബാറിലെ സസ്യ സമ്പത്തിനെപ്പറ്റി ഫാ. മാത്യുസിനു നല്ല വിവരമില്ലെന്നു വാൻ റീഡിന് ബോധ്യമായി.

വൈദ്യനും ഭിഷഗ്വരനും സംസ്‌കൃത പണ്ഡിതനുമായ ഒരു നാട്ടുകാരനെ ഗ്രന്ഥത്തിന്റെ രചനകൾക്കായി നിയോഗിക്കുന്നതാണ് നല്ലതെന്ന ഹെർമ്മന്റെ അഭിപ്രായം വാൻ റീഡ് അംഗീകരിക്കുകയായിരുന്നു. ഏതെങ്കിലും ഒരു വിദേശ ഭാഷ കൂടി അറിയാവുന്ന നാട്ടുവൈദ്യനാണെങ്കിൽ കൂടുതൽ നന്നായിരിക്കുമെന്നും പോൾ അഭിപ്രായപ്പെട്ടു. ഈ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു നാട്ടുവൈദ്യനെ കണ്ടെത്തിത്തരണമെന്നു വാൻ റീഡ് അന്നത്തെ കൊച്ചി രാജാവായിരുന്ന വീരകേരള വർമ്മയോട് അപേക്ഷിച്ചു. അദ്ദേഹമാണ് കരപ്പുറത്തുകാരനായ ഇട്ടി അച്യുതൻ വൈദ്യരുടെ കാര്യം വാൻ റീഡിനെ അറിയിച്ചത്. ഇന്നത്തെ ചേർത്തലയിലെ കരപ്പുറം പ്രദേശം അന്ന് കൊച്ചിരാജ്യത്തിന്റെ അധീനതയിലായിരുന്നു.

ഈയൊരു സാഹചര്യത്തിൽ ഫാദർ മാത്യുസിനെ പൂർണ്ണമായും ഒഴിവാക്കി ഗ്രന്ഥനിർമ്മിതി നടത്തുവാൻ വാൻ റീഡ് നിശ്ചയിച്ചു. ഇങ്ങനെയാണ് ഇട്ടി അച്യുതൻ വൈദ്യർ മുഖ്യരചയിതാവായി ഗ്രന്ഥരചനയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഈ ഘട്ടത്തിലും മുൻസഹായികളായിരുന്ന അപ്പു ഭട്ട്, രംഗഭട്ട്, വിനായക പണ്ഡിറ്റ് എന്നിവരുടെ സേവനം ഉണ്ടായിരുന്നു. ഇതിനുപുറമെ ബ്രാഹ്മണരും അബ്രാഹ്മണരുമായ പതിനഞ്ചോളം നാട്ടുവൈദ്യന്മാരും അച്യുതൻ വൈദ്യരുടെ സഹായികളായി വർത്തിച്ചു.

ഇട്ടി അച്യുതൻ വൈദ്യർ മുൻപേതന്നെ തയ്യാറാക്കിയിരുന്ന #ചൊൽകേട്ട_പുസ്തക’ത്തിൽ രേഖപെടുത്തിവച്ചിരുന്ന സസ്യങ്ങളുടെ ഗുണദോഷങ്ങൾ, ഔഷധ ഗുണങ്ങൾ, ചികിത്സാവിധികൾ, ഒറ്റമൂലി പ്രയോഗങ്ങൾ തുടങ്ങിയവയെല്ലാം അച്യുതൻ വൈദ്യർ മലയാളത്തിലും പോർച്ചുഗീസ് ഭാഷയിലും പറഞ്ഞുകൊടുത്തത് കൊച്ചിയിലെ ഡച്ചുകോട്ടയിലെ ഔദ്യോഗിക ദ്വിഭാഷി ആയിരുന്ന ഇമ്മാനുവൽ കർന്നെരു കേട്ടെഴുതുകയായിരുന്നു. ഇത്‌ 1675 ഏപ്രിൽ 19 നാണ് പൂർത്തിയായത്. 1677-ൽ ഗവർണർ സ്ഥാനം രാജിവച്ച വാൻറീഡ് ‘ബറ്റാവിയ’യിലേക്ക് പോയി. ഹോർത്തൂസിന്റെ കൈയെഴുത്തു പ്രതിയും ഈ യാത്രയിൽ കൂടെകൊണ്ടുപോയി. ഒരു പകർപ്പ് മുൻപേ തന്നെ ആംസ്റ്റർഡാമിലേക്ക് അയച്ചിരുന്നു. ഇങ്ങനെ തയ്യാറാക്കിയ രചനകളുടെ ലത്തീൻ തർജ്ജമയും കൊച്ചിയിൽവച്ചുതന്നെ നടന്നു.

ആദ്യഘട്ടത്തിൽ ചിത്രങ്ങൾ വരച്ചിരുന്നത് ഫാ. മത്തേയൂസ് തന്നെയായിരുന്നുവെങ്കിലും ഓരോ ഇലയും കായും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ആന്റണി ജേക്കബ്‌സ് ഗോഡ്‌കിന്റ, മർസെലീസ് സ്പ്ലിൻജേർ എന്നിവരാണ് രണ്ടാം ഘട്ടത്തിൽ ചിത്രങ്ങൾ തയ്യാറാക്കിയത്. ഇവർ രണ്ടുപേരും ഡച്ചുസൈന്യത്തിലെ സാർജന്റും ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഉദ്യോഗസ്ഥരും ആയിരുന്നു. ചിത്രകാരന്മാരായിരുന്ന ഇവരെ ഗ്രന്ഥനിർമ്മിതിയുടെ ആവശ്യത്തിലേക്കായി കൊച്ചിയിൽ എത്തിച്ചു ഈസ്റ്റ്‌ ഇന്ത്യ കമ്പനിയിൽ ഉദ്യോഗം നൽകുകയായിരുന്നു.

1678 ലാണ് ഗ്രന്ഥത്തിന്റെ ഒന്നാം വാല്യം പ്രസിസിദ്ധീകരിക്കുന്നത്. 10,12 വാല്യം പ്രസിദ്ധീകരിച്ചത് 1693ലും.
ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിൽ ചേർത്തിരിക്കുന്ന 6 സാക്ഷ്യപത്രങ്ങൾ പരിശോധിച്ചാൽ ഇത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. ഫാദർ മത്തേയൂസിന്റെ അഭ്യർത്ഥനപ്രകാരം കർമലീത്താ സന്ന്യാസിമാർക്ക് വേണ്ടി വാൻറീഡ് വരാപ്പുഴയിൽ പണികഴിപ്പിച്ച കർമലൈറ് ദേവാലയത്തിലെ ചരിത്രരേഖകൾ നോക്കിയാലും ഇക്കാര്യം വ്യക്തമാകും.

രാഷ്ട്രീയവും സാമ്പത്തികവും ഉദ്യോഗപരവുമായ നേട്ടങ്ങൾക്കുവേണ്ടി വാൻറീഡ് മലബാറിലെ സസ്യ സാമ്പത്തിനെപ്പറ്റി ഒരു ഗ്രന്ഥം ഇട്ടി അച്യുതൻ വൈദ്യരെക്കൊണ്ട് തയ്യാറാക്കിക്കുകയായിരുന്നുവെന്നും മുഖ്യരചയിതാവ് ഇട്ടി അച്യുതൻ വൈദ്യരും പ്രസാധകൻ അല്ലെങ്കിൽ സമ്പാദകൻ മാത്രമായിരുന്നു വാൻറീഡ് എന്നുള്ളതും ഈ ഗ്രന്ഥത്തിൽനിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇട്ടി അച്ച്യുതൻവൈദ്യരുടെ ജന്മഗൃഹമായിരുന്ന കടക്കരപ്പള്ളി പഞ്ചായത്ത്‌ പത്താം വാര്‍ഡ്‌ കുടകുത്താംപറമ്പ്‌ വീട്‌ ജീര്‍ണാവസ്‌ഥയിലായിരുന്നു. വൈദ്യരുടെ പിന്‍തലമുറക്കാരനായ സോമനും കുടുംബവുമാണ്‌ താമസിക്കുന്നത്‌. വൈദ്യര്‍ ഉപയോഗിച്ചിരുന്ന നാരായം, കരണ്ടി കോല്‍, താളിയോല പെട്ടി, ഇടിയന്‍ കല്ല്‌ തുടങ്ങിയവ ഇപ്പോഴും ഇവിടെ സൂക്ഷിക്കുന്നുണ്ട്‌. കൊച്ചി രാജാവ്‌ നല്‍കിയ വീരാളിപ്പട്ടും വളയും ഇവിടെയുണ്ട്‌. വീട് കഴിഞ്ഞവർഷം നിലംപൊത്തി

വൈദ്യരുടെ ജന്മഗൃഹം ഏറ്റെടുക്കുന്നതിന്‌ നേരത്തെ പുരാവസ്‌തു വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ എത്തിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. പുരാവസ്‌തു വകുപ്പ്‌ ഏറ്റെടുക്കുമെന്ന ധാരണയിലാണ്‌ പഴയ വീട്‌ പൊളിക്കാതിരുന്നതെന്ന്‌ സോമന്‍ പറഞ്ഞു. ഇതിനോടു ചേര്‍ന്ന്‌ നിര്‍മിച്ച മറ്റൊരു വീട്ടിലാണ്‌ സോമനും കുടുംബവും താമസിക്കുന്നത്‌. അറയും നിരയുമുള്ള ഓടിട്ട പഴയ വീടിന്റെ അറയില്‍ ഓട്ട്‌ ഉരുളികളും ഭരണികളും മറ്റുമുണ്ട്‌.

വൈദ്യരുടെ ജന്മഗൃഹത്തില്‍ നിന്ന്‌ അരകിലോമീറ്ററോളം അകലെയാണ്‌ കുര്യാല(അസ്‌ഥിത്തറ) സ്‌ഥിതി ചെയ്യുന്നത്‌. വൈദ്യരുടെ കുര്യാല ഉള്‍പ്പെടുന്ന സ്‌ഥലം ഏറ്റെടുത്തു സംരക്ഷിക്കാന്‍ ആറ്‌ വര്‍ഷത്തോളം മുമ്പ്‌ റവന്യു വകുപ്പ്‌ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും പാതി വഴിയില്‍ നിലച്ചു. കടക്കരപ്പള്ളി ഗവ. എല്‍പി സ്‌കൂളിന്റെ നേതൃത്വത്തിലാണ്‌ ഇപ്പോള്‍ കുര്യാല സംരക്ഷിക്കുന്നത്‌.

കാരപ്പുറത്തെ ഒരു ഈഴവ കുടുമ്പത്തിൽ ജനിച്ച അദ്ദേഹത്തിൻറെ വൈദ്യ പാരമ്പര്യം തലമുറകളായി പകർന്നു ലഭിച്ചതായിരുന്നു. അക്കാലത്ത് അവിടത്തെ ഏറ്റവും പ്രസിദ്ധനായ വൈദ്യരായിരുന്നു അദ്ദേഹം. വൈദ്യരെ കുറിച്ച് രസകരമായ ഒരു കഥയുണ്ട്. കൊണ്ടുവന്ന ചെടികളിൽ ഒന്ന് ഏതാണെന്ന് റീഡി ചോദിച്ചപ്പോൾ അത് അദ്ദേഹത്തിന് ഏതാണെന്നു അന്നേരം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം തന്റെ ശിഷ്യനോട് അത് “എന്താടാ?” എന്ന് ചോദിക്കുകയും ചെയ്തത്രേ. ഇത് തെറ്റിദ്ധരിച്ച റീഡി ആ സസ്യത്തിന് “എന്താടാ” എന്ന് നാമകരണം ചെയ്യുകയും ചെയ്തു, ഇപ്പോഴും അങ്ങനെ ഒരു ചെടിയുണ്ട്. മലയാളത്തിലെന്നു വിശ്വസിക്കപ്പെടുന്ന ഒരു ബൊട്ടാണിക്കൽ നെയിമോട് കൂടി..!!!! Entada rheedi എന്നാണു ചെടിയുടെ പേര്…!!!

ഹോർത്തൂസ് മലബാറിക്കൂസിനു ശേഷം ഇട്ടി അച്ചുതൻ വൈദ്യർക്ക് എന്ത് സംഭവിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തുന്നില്ല. തലമുറകളായി തനിക്ക് കൈ മാറി കിട്ടിയ താളിയോല ഗ്രന്ഥങ്ങളെല്ലാം ഒരു കുട്ടയിലാക്കി തന്റെ വീടിനു സമീപത്തെ ഒരു കൊങ്കണി ബ്രഹ്മണനെ ഏൽപിച്ചുവെന്നും. അയാൾ ഒരു ദീർഘ യാത്രക്ക് പുറപ്പെട്ടു പോയെന്നും പറയപ്പെടുന്നു. ഡച്ചുകാർ അദ്ദേഹത്തെ നെതർ ലണ്ടിലേക്ക് കൊണ്ടുപോയി എന്നാണു അദ്ദേഹത്തിന്റെ ഗ്രാമത്തിൽ പ്രചരിച്ച കഥ. ഏതായാലും പിന്നീട് വൈദ്യന്മാരൊന്നുമില്ലാതെ തലമുറകളിൽ എന്നോ അമൂല്യമായ ആ താളിയോല ഗ്രന്ഥങ്ങൾ നശിപ്പിക്കപ്പെട്ടു.അവഗണിക്കപ്പെട്ട ചരിത്രങ്ങളിൽ ഒന്നായി ഇട്ടി അച്ചുതൻ മാറുകയും ചെയ്തു.

(കടപ്പാട്: കൃഷ്ണപ്രസാദ്‌ ,ദിലീപ് )

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622