പ്രളയത്തിനിടെ ജർമ്മനിക്ക് പോയ മന്ത്രി രാജു തിരിച്ചെത്തി; മന്ത്രിക്കസേര തെറിച്ചേക്കും

കേരളം പ്രളയ ദുരന്തത്തിൽ അകപ്പെട്ടപ്പോൾ ജർമ്മൻ സന്ദർശനത്തിന് പോയ മന്ത്രി കെ. രാജുവിനെതിരെ സി.പി.ഐയിൽ പാർട്ടിതലത്തിൽ അച്ചടക്കനടപടിക്ക് സാദ്ധ്യത. കേരളം ദുരന്തമുഖത്ത് നിൽക്കുമ്പോൾ വിവേചനബുദ്ധിയോടെ പ്രവർത്തിക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമർശനം സി.പി.ഐക്കകത്ത് ശക്തമാണ്. അടുത്ത മാസം നാലിന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിശദീകരണം തേടുമെന്നാണ് സൂചന. അതിനിടെ, ജർമനിയിൽ നിന്ന് അടിയന്തരമായി തിരിച്ചുവിളിക്കപ്പെട്ട മന്ത്രി രാജു തിങ്കളാഴ്ച തലസ്ഥാനത്തെത്തി. തിങ്കളാഴ്ച രാവിലെ ഡൽഹിയിലെത്തിയ മന്ത്രി വൈകിട്ട് ആറ് മണിയോടെയാണ് തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അനുമതി വാങ്ങിയിട്ട് തന്നെയാണ് യാത്ര പോയതെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വാർത്താലേഖകരോട് പ്രതികരിച്ചു

അതേസമയം, മന്ത്രി കെ. രാജു പോയത് ശരിയായ നടപടി അല്ലാത്തതിനാലാണ് സി.പി.ഐ അദ്ദേഹത്തോട് തിരിച്ച് വരാൻ പറഞ്ഞതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. തിരിച്ച് വരണമെന്ന് പാർട്ടി ആവശ്യപ്പെട്ടതനുസരിച്ച് രാജു ജർമ്മനിയിൽ നിന്ന് തിരിച്ച് പുറപ്പെട്ടു. ഇത്തരം സന്ദർഭത്തിൽ അദ്ദേഹം പോയത് ശരിയായില്ലെന്ന് പാർട്ടിക്ക് തോന്നി. അതിനാലാണ് അടിയന്തരമായി തിരിച്ചു വരാൻ പറഞ്ഞത്. രാജുവിനോട് പാർട്ടി വിശദീകരണം ചോദിക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളാണ്, പരസ്യമായി പറയേണ്ട കാര്യമില്ല’ എന്നായിരുന്നു പ്രതികരണം.

ചികിൽസയ്ക്ക് ശേഷം തലസ്ഥാനത്ത് എത്തിയ കാനം രാജേന്ദ്രൻ എം.എൻ സ്മാരകത്തിലാണ് മാദ്ധ്യമങ്ങളോട്, രാജുവിനെ പരസ്യമായി തള്ളിപ്പറഞ്ഞത്. ഗവ. ചീഫ് വിപ്പിനെ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങൾ സി.പി.ഐ എക്സിക്യൂട്ടീവ് ചർച്ച ചെയ്യാനിരുന്നതാണെങ്കിലും പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ അത് മാറ്റിവച്ചിരുന്നു. സെപ്തംബർ നാല് മുതൽ ആറ് വരെ സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും ചേരുന്നുണ്ട്. അതിലാകും വിശദീകരണം തേടുക.

പ്രളയ ദുരന്തത്തിനിടെ നടത്തിയ വിദേശ യാത്ര പാർട്ടിയെ മൊത്തത്തിൽ നാണക്കേടിലും വിവാദത്തിലും ആക്കിയെന്ന വിമർശനമാണ് നേതൃത്വത്തിന് അപ്പാടെയുള്ളത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനത്തിെന്റ ചുമതല സർക്കാർ നിശ്ചയിച്ച് നൽകിയിരിക്കെയാണ് രാജു നേരത്തെ നിശ്ചയിച്ച പ്രകാരം വിദേശ യാത്രക്ക് തുനിഞ്ഞത്. രാജുവിനെതിരെ നടപടി വേണമെന്ന ആവശ്യം കീഴ്ഘടകങ്ങളിൽ നിന്നുയരുന്നുണ്ട്.മന്ത്രിസ്ഥാനം ഒഴിയണമെന്നനും പാർട്ടിയുടെ യശസ് ഉയർത്താൻ ശാസനയും വിശദീകരണവും പോരെന്നാണ് പൂരിപക്ഷം സിപിഐ പ്രവർത്തകരുടെയും ആവശ്യം എന്തായാലും മന്ത്രി കെ. രാജുവിനെതിരേ സി.പി.ഐ. കര്‍ശനനടപടി സ്വീകരിക്കും എന്നുതന്നെയാണ് പാർട്ടി നേതാക്കളും പറയുന്നത്.

കഴിഞ്ഞ പ്രളയ കാലത്തും മന്ത്രി കെ. രാജു ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വൈകിയിരുന്നു. മന്ത്രിയുടെ അലംഭാവം വാര്‍ത്തയായതോടെ ഒറ്റ ദിവസത്തെ അവലോകന യോഗവും സന്ദര്‍ശനവും നടത്തി മന്ത്രി മടങ്ങി. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ സന്ദര്‍ശന വേളയിലും കെ. രാജു ജില്ലയില്‍ എത്തിയിരുന്നില്ല.