500 കോടി ഇടക്കാലാശ്വാസം മാത്രം; അരിക്ക് പണം ഈടാക്കില്ല: കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ. കേരളത്തിന് അരി സൗജന്യമായി തന്നെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി ആശ്വാസ സഹായമായി 500 അനുവദിച്ചതിന് പിന്നാലെ 223 കോടി രൂപ ഈടാക്കുന്ന വിധത്തിൽ കേന്ദ്രഭക്ഷ്യവകുപ്പ് ഉത്തരവിറക്കിയത് വിവാദമായിരുന്നു. തുടർന്ന് വൈകിട്ടോടെ പണം ഈടാക്കില്ലെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ അറിയിച്ചു.

കേന്ദ്രസഹായമായി ഒരു ലക്ഷം മെട്രിക് ടൺ അരിയാണ് സംസ്ഥാനം ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചത് 89549 മെട്രിക് ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്. കേന്ദ്രസഹായം കാരണം സംസ്ഥാനത്ത് അരിവില ഉയരില്ലെന്ന നേട്ടം കൂടി സംസ്ഥാന സർക്കാർ കണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രഭക്ഷ്യവകുപ്പിന്റെ ഉത്തരവ് എത്തിയത്. അരിവിലയും ഗതാഗത ചെലവും സംസ്ഥാന സർക്കാർ വഹിക്കണം. ഇപ്പോൾ പണം നൽകേണ്ടതില്ലെങ്കിലും പിന്നീട് പണം നൽകണം. അല്ലാത്ത പക്ഷംകേരളത്തിന് അനുവദിച്ച വിഹിതത്തിൽനിന്ന് വെട്ടിക്കുറയ്ക്കുമെന്നും ഭക്ഷ്യവകുപ്പ് സെക്രട്ടറിക്കു ലഭിച്ച ഉത്തരവിൽ പറഞ്ഞിരിക്കുന്നു.

ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമൻ വിവരം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. അദ്ദേഹം ഇക്കാര്യം ഉടൻ തന്നെ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനെ അറിയിച്ചു. ഇതിന് പിന്നാലെ അരി സൗജന്യമായി നൽകുമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.

അതേസമയം, കേരളത്തിന് 500 കോടി പ്രഖ്യാപിച്ചത് ഇടക്കാലാശ്വാസം മാത്രമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനം വിശദമായ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നും അതിന് ശേഷം കൂടുതൽ തുക നൽകുന്നത് ആലോചിക്കാമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് അടിയന്തര സഹായമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേരത്തെ 500 കോടി രൂപ പ്രഖ്യാപിച്ചത്.

പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. അടിയന്തരസഹായമായി 2000 കോടിയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. കൂടാതെ പ്രളയത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടുലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകുമെന്നും മോദി വ്യക്തമക്കിയിരുന്നു.