ഇംഗ്ളണ്ടിനെതിരെ ഇന്ത്യയ്ക്ക് 203 റൺസിന്റെ ജയം; വിജയം കേരളത്തിലെ പ്രളയ ബാധിതർക്ക് സമർപ്പിച്ച് കൊഹ്‌‌ലി

ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. നോട്ടിംഗ്ഹാമിൽ നടന്ന മത്സരത്തിൽ 204 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. 521 റൺസിന്റെ ലക്ഷ്യവുമായിറങ്ങിയ ഇംഗ്ളണ്ട് 317 റൺസിന് എല്ലാവരും പുറത്തായി. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1 എന്ന നിലയിലെത്തി.

311/9 എന്ന നിലയിൽ അ‍ഞ്ചാം ദിനം ബാറ്റിംഗ് തുടർന്ന ഇംഗ്ളണ്ടിന് ആറ് റൺ മാത്രമാണ് കൂട്ടിച്ചേർക്കാനായത്. അപ്പോഴേക്കും ജെയിംസ് ആൻഡേഴ്സിനെ അശ്വിൻ രോഹിത്തിന്റെ കൈകളിലെത്തിച്ച് ആദ്യ സെഷനിൽ തന്നെ ഇന്ത്യയുടെ വിജയം ഉറപ്പാക്കി. 33 റൺസെടുത്ത റാഷിദ് പുറത്താവാതെ നിന്നു. അഞ്ച് വിക്കറ്റ് നേടിയ ഇന്ത്യൻ പേസർ ജസ്‌പ്രിത് ബുംറയാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇശാന്ത് ശർമ രണ്ടും ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ആർ.അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

23/0 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വൈകാതെ ജെന്നിംഗ്സിനെ (13) നഷ്ടമായി. ഇശാന്ത് ശർമ്മയുടെ പന്തിൽ ഋഷഭ് പന്താണ് ജെന്നിംഗ്സിനെ പിടികൂടിയത്. ടീം സ്കോറിൽ അഞ്ച് റൺസ് കൂടി ചേർക്കപ്പെട്ടതോടെ കുക്കിനെയും (17) ഇശാന്ത് പറഞ്ഞു വിട്ടു. രാഹുലാണ് ക്യാച്ചെടുത്തത്. ക്യാപ്ടൻ ജോ റൂട്ടിനെ (13) ബുംറ രാഹുലിന്റെ കൈയിൽ എത്തിച്ചു. യുവതാരം ഒല്ലി പോപ്പ് (16) ഷമിയുടെ പന്തിൽ സ്ലിപ്പിൽ കൊഹ്ലിയുടെ തകർപ്പൻ ക്യാച്ചിലൂടെ പവലിയനിൽ എത്തിയതോടെ 62/4 എന്ന നിലയിൽ പ്രതിസന്ധിയിലായി ഇംഗ്ലണ്ട്. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച ബെൻ സ്റ്റോക്സും (62) കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ ജോസ് ബട്ട്ലറും (106) ചേർന്ന് ഇംഗ്ലണ്ടിനെ വൻതകർച്ചയിൽ നിന്ന് കരകയറ്റി. അഞ്ചാം വിക്കറ്റിൽ ഇരുവരും 169 റൺസ് കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിന്റെ ടീം സ്കോർ 231ൽ വച്ച് ബട്ട്ലറെ എൽബിയിൽ കുരുക്കി ബുംറയാണ് കൂട്ടുകെട്ട് പൊളിച്ചത്. 176 പന്ത് നേരിട്ട് 21 ഫോർ ഉൾപ്പെട്ടതായിരുന്നു ബട്ട്ലറുടെ ഇന്നിംഗ്സ്. തൊട്ടടുത്ത പന്തിൽ ബെയർസ്റ്റോയുടെ (0) കുറ്റി തെറിപ്പിച്ച് ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. തുടർന്ന് സ്റ്റോക്സിനെ പാണ്ഡ്യയും വോക്സിനെയും (4), ബ്രോഡിനെയും (20) ബുംറയും പറഞ്ഞയയ്ക്കുകയായിരുന്നു.

വിജയം കേരളത്തിലെ പ്രളയ ദുരിതബാധിതർക്ക് സമർപ്പിച്ച് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലി. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഇന്ത്യൻ ടീമിന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണിതെന്ന് മത്സരശേഷം കൊഹ്ലി പറഞ്ഞു.

രണ്ട് ഇന്നിംഗ്സുകളിലായി 97,​ 103 എന്നിങ്ങനെ റൺസ് നേടിയ കൊഹ്ലി മാൻ ഒഫ്ദ മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ 203 റൺസിനാണ് ഇന്ത്യ ഇംഗ്ളണ്ടിനെ തകർത്തത്. ഇന്ത്യ ഉയർത്തിയ 521 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ളണ്ട് 317 റൺസിന് എല്ലാവരും പുറത്തായി. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരന്പര 2-1 എന്ന നിലയിലായി.