രണ്ടാഴ്‌ച കഴിഞ്ഞാൽ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ പഴയ പടിയാകും, അപ്പോൾ വക്കീലന്മാർക്ക് ചിലത് ചെയ്യാനുണ്ട്

പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള പ്രചോദനം മലയാളിക്ക് ഏറ്റവും അധികം നൽകിയത് ആരെന്ന് ചോദിച്ചു കഴിഞ്ഞാൽ അതിന് മലയാളി തന്നെ എന്ന ഉത്തരം മാത്രമേയുള്ളു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് മലയാള നാടിനെ കൈപിടിച്ചുയർത്താൻ കേരളീയർ ഒത്തു ചേരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇപ്പോഴും അത് തുടർന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനിയുള്ള സമയം ആളുകൾ അവരുടെ തൊഴിലനുസരിച്ച് പുനരധിവാസത്തിൽ ഇടപെടുന്നതാണ് കൂടുതൽ ഗുണകരമാവുക എന്ന് പറയുകയാണ് മലയാളിയും യു.എന്നിലെ ദുരന്തനിവാരണ വിഭാഗം തലവനുമായ മുരളി തുമ്മാരുകുടി. ഇത്തവണ വക്കീലന്മാരുടെ സേവനം എങ്ങനെ ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്താം എന്നുപറയുകയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തുമ്മാരുകുടി.

ഫേസ്ബുക്ക് പോസ്ഡറ്റിന്റെ പൂർണരൂപം

പ്രളയകാലത്ത് വക്കീലന്മാർ എന്ത് ചെയ്യണം?

സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ആളുകൾ ഈ പ്രളയ കാലത്ത് ഒറ്റക്കെട്ടായി ദുരിതത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ തയ്യാറായി. വക്കീലന്മാരും (ജഡ്ജിമാർ ഉൾപ്പടെ) വ്യത്യസ്തമായിരുന്നില്ല. കോടതികളും ബാർ അസോസിയേഷനും ആസ്ഥാനമാക്കി അവരും രക്ഷാ പ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും ഇറങ്ങി. ഇപ്പോഴും തുടരുന്നു.

ഇനിയുള്ള സമയം ആളുകൾ അവരുടെ തൊഴിലനുസരിച്ച് പുനരധിവാസത്തിൽ ഇടപെടുന്നതാണ് ശരി എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. ഇലക്ട്രിക്കൽ എൻജിനീയർമാർ ചെളി മാറ്റാൻ നടക്കുന്നതിലും, ഡോക്ടർമാർ ഭക്ഷണം വിതരണം ചെയ്യുന്നതിലും ഇത്തരം പ്രശ്നമുണ്ട്. അതൊക്കെ നല്ല കാര്യം ആണെങ്കിലും സമൂഹത്തിന് ഇപ്പോൾ വേണ്ടത് അവരുടെ പ്രത്യേക കഴിവുകളാണ്

വക്കീലന്മാർക്ക് (നിയമവിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക്) ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്. വെള്ളം കയറിയ ലക്ഷക്കണക്കിന് വീടുകളിൽ പല തരത്തിലുമുള്ള രേഖകളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അത് വീടിന്റെ ആധാരം തൊട്ടു കുട്ടികളുടെ സർട്ടിഫിക്കറ്റ് വരെ ആകാം. ഇതോരോന്നും തിരിച്ചു കിട്ടാനുള്ള വിഷമത്തിൽ ആളുകൾ പരിഭ്രാന്തരാണ്. രണ്ടാഴ്ച കഴിഞ്ഞാൽ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ പഴയ പടിയാകാൻ സാധ്യതയുണ്ട്. ഒരു ആധാരമോ മറ്റു സർട്ടിഫിക്കറ്റുകളോ രണ്ടാമത് കിട്ടാൻ മാസങ്ങൾ എടത്തേക്കാം. പല പ്രാവശ്യം ഓഫിസുകൾ കയറി ഇറങ്ങേണ്ടതായതും വരും. കേരളത്തിന് പുറത്ത് നിന്നും സംഘടിപ്പിക്കേണ്ട കാര്യങ്ങളാണെങ്കിൽ (ബാങ്കിലെ എഫ് ഡി രേഖകൾ) കൂടുതൽ ബുദ്ധിമുട്ടാണ്.

ഇക്കാര്യത്തിൽ സർക്കാർ കുറച്ചു നിർദേശങ്ങൾ പുറപ്പെടുവിക്കണം. വക്കീൽ കുട്ടികളുടെ ഒരു സംഘം ഓരോ വീട്ടിലും പോയി അവരുടെ ഇത്തരത്തിലുള്ള നഷ്ടങ്ങളുടെ കണക്കെടുത്ത് അവ വീണ്ടെടുക്കാൻ അവരെ സഹായിക്കുന്ന ഒരു പദ്ധതി ഉണ്ടാക്കണം.

ഫീൽഡ് വിസിറ്റ് ഉള്ളതിനാൽ അധികം എഴുതാൻ പറ്റുന്നില്ല. ആരെങ്കിലും ഈ ആശയം ഏറ്റെടുത്താൽ കൂടുതൽ നിർദേശങ്ങൾ നൽകാം.

മുരളി തുമ്മാരുകുടി

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913