ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്ന് നേട്ടത്തിന്റെ ദിനം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, മലയാളി താരം നീനയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നേട്ടത്തിന്റെ ദിനം. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 88.03 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണ മെഡല്‍ നേടിയത്. ദേശീയ റെക്കോര്‍ഡും നീരജ് ചോപ്രയുടെ ഏറ്റവും മികച്ച വ്യക്തിഗത ദൂരവുമാണിത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം എട്ടായി. വനിതകളുടെ ലോജ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം നീന വരകില്‍ വെള്ളി മെഡല്‍ നേടി. 6.51 മീറ്ററാണ് നീന ചാടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 41 ആയി.

മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ധരുണ്‍ അയ്യാസ്വാമി വെള്ളി നേടി. 48.96 സമയത്തിലാണ് ധരുണ്‍ ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ഖത്തറിന്റെ അബ്ദുറഹ്മാന്‍ സാംബ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 47.66 സെക്കന്‍ഡ് ആണ് സാംബയുടെ സമയം. വനിതകളുടെ ഹര്‍ഡില്‍സില്‍ ഇന്ത്യയ്ക്ക് മെഡല്‍ നഷ്ടമായി. മലയാളി താരം അനു രാഘവന്‍ 56.92 സെക്കന്‍ഡില്‍ അഞ്ചാമതായാണ് ഓടിയെത്തിയത്. മറ്റൊരു ഇന്ത്യന്‍ താരം ജൗന മര്‍മു 57.48 സെക്കന്‍ഡില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു

ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ കടന്നു. ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീം സെമിയില്‍ പ്രവേശിച്ചു. തായ്‌ലന്‍ഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ റാണി രാംപാല്‍ ഹാട്രിക് ഗോള്‍ നേടി.

അതേസമയം ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സെമിയില്‍ വീണു. ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് യു യിങ് ആണ് സൈനയെ പരാജപ്പെടുത്തിയത്. ഇതോടെ സൈനയ്ക്ക് വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.