കോണ്ടോട്ടിയിൽ വീട്ടമ്മയേയും മകളെയും പീഡിപ്പിച്ച അത്‌ഭുത സിദ്ധികളുളള തങ്ങൾ അറസ്റ്റിൽ

ആത്മീയതയുടെ മറവിൽ വീട്ടമ്മയേയും പ്രായപൂർത്തിയാവാത്ത മകളേയും പീഡിപ്പിച്ച കേസിൽ സിദ്ധൻ അറസ്റ്റിൽ. കരിപ്പൂർ പുളിയംപറമ്പ് മാപ്പിളക്കണ്ടി അബ്ദുറഹ്മാൻ തങ്ങളാണ്(36) അറസ്റ്റിലായത്. അസുഖങ്ങളുമായെത്തിയ യുവതിയെ ചികിത്സിക്കാമെന്ന് പറഞ്ഞാണ് സിദ്ധൻ വീട്ടുകാരുമായി ബന്ധം സ്ഥാപിച്ചത്. 17 വയസുകാരിയായ മകളെ തനിക്ക് വിവാഹം കഴിച്ചു നൽകണമെന്ന് ദിവ്യദർശനം ലഭിച്ചെന്ന് സിദ്ധൻ കുടുംബത്തെ ധരിപ്പിച്ചു.

തുടർന്ന് വീട്ടമ്മയെയും പ്രായപൂർത്തിയാകാത്ത പെൺമക്കളെയും വീട്ടിൽ നിന്ന് ഒളിസങ്കേതത്തിലേക്ക് കൊണ്ടുപോയി. യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്നു. തന്റെ അനുയായിയും തിരുവനന്തപുരത്തെ ഐ.ടി സ്ഥാപനത്തിലെ ജീവനക്കാരനുമായ ആളുടെ സഹായത്തോടെയാണ് ഇവരെ കടത്തിക്കൊണ്ടുപോയത്.

ഒളിവിൽ താമസിപ്പിച്ച കാലയളവിൽ സിദ്ധനും അനുയായിയും യുവതിയെയും മൂത്ത മകളെയും പീഡിപ്പിച്ചു. യുവതിയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി. കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 11 സെന്റ് ഭൂമി പളളി നിർമ്മിക്കാനെന്ന പേരിൽ തട്ടിയെടുത്തു.

പത്താം ക്ളാസ് തോറ്റ അബ്ദുറഹ്മാൻ ദിവ്യദർശനത്തിന്റെ പേരിൽ പലയിടങ്ങളിലായി ഒട്ടേറെ സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടാളിയെ പൊലീസ് തിരയുകയാണ്. അബ്ദുറഹ്മാൻ കൊണ്ടോട്ടിയിലും പരിസരങ്ങളിലും പ്രാർത്ഥനാസമ്മേളനങ്ങൾ നടത്തിയിരുന്നു. തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം, പോക്സോ, മനുഷ്യക്കടത്ത് വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

 

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913