സംസ്ഥാനത്ത് എലിപ്പനി പടരുന്നു, 22 മരണം, 13 ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

പ്രളയം അതിജീവിച്ച ജനതയ്ക്ക് മേൽ ഭീഷണിയായി എലിപ്പനി പടരുന്നു. മൂന്ന് ദിവസത്തിനിടെ 22 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തിൽ 13 ജില്ലകളിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. തൃശൂരിൽ ഇന്ന് രാവിലെ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. മുളങ്കുന്നത് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോടാലി സ്വദേശി സിനേഷ് ആണ് മരിച്ചത്.

ആഗസ്റ്റ് ഒന്ന് മുതൽ ഇന്നലെ വരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം 269 പേർ ചികിത്സ തേടിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഈ വർഷം ഇതുവരെ 40 പേർ രോഗബാധിതരായി. കൂടാതെ സംസ്ഥാനത്താകമാനം ഉണ്ടായ 41 മരണം എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുണ്ട്. കോഴിക്കോട് 11, മലപ്പുറം 10, പാലക്കാട് അഞ്ച്, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ മൂന്ന്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ രണ്ട്, ആലപ്പുഴ ഒന്ന് എന്നിവയാണ് എലിപ്പനിയാണോ എന്ന് സംശയിക്കുന്നത്.

ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോക്കാൾ പുറത്തിറക്കി

പ്രളയത്തോടനുബന്ധിച്ച് സംസ്ഥാനത്ത് എലിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ചികിത്സ പ്രോട്ടോകോൾ പുറത്തിറക്കിയിരുന്നു. എലിപ്പനി ശക്തമായി നിയന്ത്രിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികിത്സ, സാമ്പിൾ കളക്ഷൻ എന്നിവയിൽ പാലിക്കേണ്ട നിബന്ധനകൾ ഉൾക്കൊള്ളിച്ചതാണ് പ്രോട്ടോകോൾ. ഈ പ്രോട്ടോകോൾ എല്ലാ ആരോഗ്യ പ്രവർത്തകരും കർശനമായി പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി.

രോഗം മൂർച്ഛിച്ചവർക്ക് പലർക്കും പെൻസിലിൻ ചികിത്സ ആവശ്യമായി വരും. അതുകൊണ്ടുതന്നെ താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെൻസിലിന്റെ ലഭ്യതയും ഇതിനുവേണ്ട മുൻകരുതലുകളും ഉറപ്പ് വരുത്തിയിട്ടുണ്ട്. പെൻസിലിൻ ചികിത്സയെപ്പറ്റി കൃത്യമായ മാർഗനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർക്ക് മാത്രമായി ആശുപത്രികളിൽ പ്രത്യേക കൗണ്ടർ തുടങ്ങുന്നതാണ്. ഈ കൗണ്ടർ വഴി പ്രതിരോധ ഗുളികകൾ നൽകുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ

രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടവരും സന്നദ്ധ പ്രവർത്തകരും വീട് വൃത്തിയാക്കാൻ പോയവരും ആഴ്ചയിൽ ഒരിക്കൽ എലിപ്പനിയ്ക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി. ഡോക്സിസൈക്ലിൻ കഴിക്കണം. 100 എം.ജി.യിലുള്ള 2 ഗുളികകൾ ഒരുമിച്ച് കഴിക്കണം. കഴിഞ്ഞ ആഴ്ച ഗുളിക കഴിച്ചവർ ഈ ആഴ്ചയും കഴിക്കണം.

 പ്രതിരോധ മരുന്നുകൾ കഴിച്ചവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കയ്യുറയും കാലുറയും ഉൾപ്പെടെയുള്ള സ്വയം പരിരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം

 പ്രളയബാധിത പ്രദേശത്ത് താമസിച്ചവരോ ബന്ധപ്പെട്ട് പ്രവർത്തിച്ചവരോ പനി, ശരീര വേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടണം.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622