കേരള സര്‍വ്വകലാശാല പി.ജി. പരീക്ഷ മാറ്റിവെയ്ക്കില്ല; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

പ്രളയക്കെടുതിയില്‍ നിന്ന് ഇപ്പോഴും കരകയറാത്ത ആലപ്പുഴ, കുട്ടനാട് പ്രദേശങ്ങളിലെ പി.ജി. വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി കേരള സര്‍വ്വകലാശാല. പി.ജി പരീക്ഷ മുന്‍നിശ്ചയപ്രകാരം നടത്തണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനമെടുത്തതോടെയാണ് സര്‍വകലാശാലയുടെ ക്രൂരതയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഇരയാകേണ്ടിവരുന്നത്.

പ്രളയം ഏറെ നാശം വിതച്ച ചെങ്ങന്നൂരിലും കുട്ടനാട്ടിലുമായി നിരവധി വിദ്യാര്‍ത്ഥികളാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. ചെങ്ങന്നൂരില്‍ തന്നെ നാല് കോളേജുകള്‍ കേരള സര്‍വകലാശാലയുടെ കീഴിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവിടെ പഠിക്കുന്ന പല വിദ്യാര്‍ത്ഥികളും പ്രളയത്തെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് സര്‍വകലാശാലയുടെ പരീക്ഷണം.

നാളെയും ആറാം തീയതിയിലുമായി നടക്കുന്ന പരീക്ഷകള്‍ക്ക് ഹാജരാവാന്‍ കഴിയാത്ത അവസ്ഥയാണ് പ്രളയബാധിത പ്രദേശത്തെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുമുള്ളത്. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും പി.എസ്.സിയും ഹയര്‍ സെക്കണ്ടറി-ഹൈസ്‌ക്കൂള്‍ പരീക്ഷകളും മാറ്റിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൂടിയ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇത് അട്ടിമറിക്കപ്പെടുന്നത് സര്‍വകലാശാലയുടെ പകപോക്കലാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ബിരുദതലം വരെയുള്ള പരീക്ഷകള്‍ മാറ്റാന്‍ തീരുമാനമെടുത്തെങ്കിലും പൊഫഷണല്‍ കോഴ്‌സ്, പി.ജി എന്നീ തലങ്ങളിലെ പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു.

തീരുമാനത്തോട് വൈസ് ചാന്‍സിലര്‍ക്ക് അടക്കം വിയോജിപ്പുണ്ടെങ്കിലും സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ചിലരുടെ പിടിവാശിയാണ് തീരുമാനത്തിന് പിന്നിലെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മുമ്പ് പി.ജി കോഴ്‌സുകളുടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പി.ജി വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. പി.ജി കോഴ്‌സുകളില്‍ 90 ദിവസം അധ്യയനം നടന്നിട്ടില്ലെന്നും ആകെ ഒരു മാസം മാത്രമാണ് നടന്നിട്ടുള്ളതെന്നും അതുകൊണ്ട് പരീക്ഷാ നീട്ടിവെക്കണമെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ വാദം.

https://newsgil.com/2018/08/03/online-cunsultency-advt/