ഇന്ത്യയിലും പണി പാളി: ജോൺസൺ ആൻഡ് ജോൺസൺ 20 ലക്ഷം വീതം നഷ്ടപരിഹാരം നൽകണം

ജോൺസൺ ആൻഡ് ജോൺസൺ ഇടുപ്പ് ഇംപ്ളാന്റ് പാളി; 20 ലക്ഷം വീതം നഷ്ടപരിഹാരം നൽകണം

ഇടുപ്പിന് ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് ഉപയോഗിക്കാവുന്ന മെഡിക്കൽ ഇംപ്ളാന്റ് പാർശ്വഫലം ഉണ്ടാക്കിയതിനെ തുടർന്ന് ആഗോള തലത്തിലെ ഫാർമസി കമ്പനിയായ ജോൺസൺ ആൻഡ് ജോൺസണിനോട് 20 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് നൽകാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിർദ്ദേശിച്ചു. ഇതോടൊപ്പം ഇംപ്ളാന്റ് ശരീരത്തിൽ ഘടിപ്പിച്ച രോഗികൾ ഓരോരുത്തരേയും പ്രത്യേകം വിലയിരുത്തി പാർശ്വഫലങ്ങളുടെ തോത് നിർണയിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിനു ശേഷമാകും നഷ്ടപരിഹാരം ഉയർത്തണോയെന്ന കാര്യം ആലോചിക്കുകയെന്നും മൗലാന ആസാദ് മെഡിക്കൽ കോളേജിലെ മുൻ ഡീൻ ഡോ.അരുൺ അഗർവാളിന്റെ നേതൃത്വത്തിലുള്ള സമിതി വ്യക്തമാക്കി.

ജോൺസൺ ആൻഡ് ജോൺസണിന്റെ ഇംപ്ളാന്റുകൾ ഉപയോഗിച്ച രോഗികളുടെ പരാതികളെ തുടർന്നാണിത്. കഴിഞ്ഞ കുറേ വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസണിന്റെ മെഡിക്കൽ ഇംപ്ളാന്റ് രോഗികളിൽ സന്നിവേശിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ചതിനെ തുടർന്നുണ്ടായ പാർശ്വ ഫലങ്ങൾ കമ്പനി പുറത്തുവിടില്ലെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

4700 രോഗികൾക്കാണ് ജോൺസൺ ആൻഡ് ജോൺസൺ ഇംപ്ളാന്റുകൾ ഘടിപ്പിച്ചത്. ഇവരിൽ 3600 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. രോഗികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനൊപ്പം 2025 വരെയുള്ള മരുന്നിന്റെ തുക റീഇംബേഴ്സ് ചെയ്യാനും സമിതി നിർദ്ദേശിച്ചു. സാധാരണ ഗതിയിൽ 15 വർഷമാണ് ഇംപ്ളാന്റുകളുടെ കാലാവധി. കമ്പനിയുടെ എ.എസ്.ആർ എക്സ്.എൽ അസെറ്റാബുലർ ഹിപ് സിസ്റ്റം, എ.എസ്.ആർ ഹിപ് റിസർഫെയ്സിംഗ് സിസ്റ്റം എന്നിവയാണ് വിവാദത്തിലായ ഇംപ്ളാന്റുകൾ. ഇംപ്ളാന്റിലെ കൊബാൾട്ട്, ക്രോമിയം എന്നിവ ചോർന്ന് രോഗിയുടെ ശരീരത്തിലേയ്ക്ക് ഇറങ്ങിയാണ് ആരോഗ്യത്തിന് ഹാനികരമായി മാറിയത്.

ഇതിന്റെ പാർശ്വഫലം അറിയാമായിരുന്നിട്ടും അതേക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിടാൻ തയ്യാറായില്ല. ശരീരത്തിനുള്ളിൽ സന്നിവേശിപ്പിക്കുന്ന ഈ ഉപകരണത്തിൽ നിന്നും പുറന്തള്ളുന്ന കൊബാൾട്ട്, ക്രോമിയം എന്നിവ രക്തത്തിൽ കലരുന്നത് മറ്റ് അവയവങ്ങളെയും ബാധിച്ച് രോഗികളുടെ മരണത്തിലാണ് ഒടുവിൽ കലാശിക്കുക. 2010ൽ കമ്പനി തങ്ങളുടെ എ.എസ്.ആർ ഇംപ്ളാന്റുകൾ ആഗോള തലത്തിൽ തിരിച്ചു വിളിച്ചിരുന്നു. 2017 ആഗസ്റ്റ് ആയപ്പോഴേക്കും റീഇംബേഴ്സ്മെന്റ് പദ്ധതിയും കന്പനി നിറുത്തി. ഇംപ്ളാന്റിലെ പാർശ്വഫലങ്ങളെ തുടർന്ന് 2013ൽ അമേരിക്കയിലെ 8000 രോഗികൾക്കായി 17,​000 കോടിയോളം നൽകാമെന്ന് കമ്പനി സമ്മതിച്ചിരുന്നു. ഇതാദ്യമായല്ല ജോൺസൺ ആൻഡ് ജോൺസൺ വിവാദത്തിലാകുന്നത്. ബേബി പൗഡർ ഗർഭാശയ കാൻസർ ഉണ്ടാക്കുന്നതായും നേരത്തെ കമ്പനിക്കെതിരെ പരാതി ഉയർന്നിരുന്നു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622