കെഎം മാണിയും പിസി ജോർജും ഫ്രാങ്കോ ബിഷപ്പിന്റെ കാര്യത്തിൽ (മാത്രം) ഒറ്റക്കെട്ടാണ്: അഡ്വ.ജയശങ്കർ

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പരിഹസിച്ചും വിഷയത്തിൽ മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കളേയും പൊലീസിനേയും സാംസ്കാരിക നായകരേയും വിമർശിച്ചും രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ.ജയശങ്കർ രംഗത്ത്. ഫ്രാങ്കോ മുളയ്ക്കലിനെ വാഴ്ത്തപ്പെട്ടവനും തുടർന്ന് വിശുദ്ധനുമായി പ്രഖ്യാപിക്കണമെന്ന് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനോ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തയ്യാറാകാത്തതിനെയും ജയശങ്കർ വിമർശിക്കുന്നുണ്ട്. മുസ്ലിം ലീഗും ബി.ജെ.പിയും ഇക്കാര്യത്തിൽ പിന്നിലല്ല. ബിഷപ്പിന്റെ കാര്യത്തിൽ കേരളാ കോൺഗ്രസ് (എം)​ ചെയർമാൻ കെ.എം.മാണിയും പി.സി.ജോർജ് എം.എൽ.എയും ഇക്കാര്യത്തിൽ ഒന്നാണെന്നും ജയശങ്കർ പറയുന്നു. വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ,​ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോംഡോക്ടർ ദേവിക തുടങ്ങിയ സാംസ്കാരിക നേതാക്കൾക്ക് സംസാരശേഷി നഷ്ടപ്പെട്ടുപോയെന്നും ജയശങ്കർ പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം

ജലന്ധർ മെത്രാനെതിരെ ഒരു കന്യാസ്ത്രീ പരാതി കൊടുത്തിട്ട് ദിവസം 75ആയി. പൊലീസ് അന്വേഷണം അനന്തമായി നീണ്ടു പോകുന്നു. ഡിവൈ.എസ്.പി കൈവിലങ്ങുമായി ഒരു തവണ ജലന്ധർ വരെ പോയെങ്കിലും ഡി.ജി.പി ഏമാൻ തിരിച്ചു വിളിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിപക്ഷ നേതാവിനോ കെപിസിസി പ്രസിഡന്റിനോ പ്രതിഷേധമില്ല. ലീഗ്, ബിജെപി നേതാക്കളുടെ കാര്യവും തഥൈവ. കെഎം മാണിയും പിസി ജോർജും ബിഷപ്പിന്റെ കാര്യത്തിൽ (മാത്രം) ഒറ്റക്കെട്ടാണ്..

സ്ത്രീസുരക്ഷയെ പറ്റി വേവലാതിപ്പെടുന്ന ഒട്ടേറെ വനിതാ സംഘടനകളുണ്ട് നമ്മുടെ നാട്ടിൽ. സഖാവ് ജോസഫൈൻ നയിക്കുന്ന വനിതാ കമ്മീഷനുണ്ട്. കെആർ ഗൗരിയമ്മ മുതൽ ചിന്താ ജെറോം വരെയുള്ള ധീരനേതാക്കളുണ്ട്. ഡോക്ടർ ദേവിക മുതൽ ദീപാ നിശാന്ത് വരെ അസംഖ്യം സാംസ്കാരിക നായികമാരുണ്ട്. സകലർക്കും സംസാരശേഷി നഷ്ടപ്പെട്ടു പോയി.

നീതി തേടി ഏതാനും കന്യാസ്ത്രീകൾ എറണാകുളത്ത് ഹൈക്കോടതി ജങ്ഷനിൽ സത്യഗ്രഹം നടത്തുന്നതു വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. അവിടെ നിന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരമേയുളളൂ മേജർ ആർച്ച് ബിഷപ്പിന്റെ അരമനയിലേക്ക്. പക്ഷേ, പീഡിതയായ കന്യാസ്ത്രീക്കു വേണ്ടി അരവാക്കെങ്കിലും പറയാൻ ആരുമില്ല.

ഫ്രാങ്കോ പിതാവിനെ വാഴ്ത്തപ്പെട്ടവനും തുടർന്ന് വിശുദ്ധനുമായി പ്രഖ്യാപിച്ചാൽ നന്നായിരിക്കും.