‘വിഷ’ പ്പിനെ അറസ്ററ് ചെയ്യാത്തതില്‍ പ്രതിഷേധം! നീതിക്കായി നമുക്ക് തെരുവില്‍ ഇറങ്ങാം

സ്ത്രീ പീഢകരെ സംരക്ഷിക്കുന്ന അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്ത്, നീതി നിഷേധത്തിനെതിരെ കോഴിക്കോട് കിഡ്സൻ കോർണറിൽ പ്രതിഷേധ ജാഥയും തൃശൂർ കേരള സാഹിത്യ അക്കാദമി അങ്കണത്തിൽ ഐക്യദാർഢ്യസായാഹ്നവും നടന്നു.കോഴിക്കോട് നടന്ന പ്രതിഷേധത്തിന് കെ .അജിത നേതൃത്വം നൽകി.

ലൈംഗിക പീഢനത്തിനെതിരെ നീതി തേടി സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കും പുറത്തു വരാനാവാത്ത വനിതാ പാർട്ടി നേതാവിനൊപ്പം.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുക.എന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം നടന്നത് ഫ്രാങ്കോയെ ഉടൻ അറസ്റ്റ് ചെയ്യാത്ത പക്ഷം സമരം ശക്തമാക്കുമെന്നും തെരുവിലിറങ്ങുമെന്നും സ്ത്രീപക്ഷ പ്രവർത്തകർ പറഞ്ഞു.

നീതി നിഷേധത്തിനെതിരെ സ്ത്രീകളുടെ ശക്തമായ സമരത്തിനാണ് വരും നാളുകളിൽ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അവർ പറഞ്ഞു കാലങ്ങളായി കന്യാസ്ത്രീകള്‍ നേരിടുന്ന പീഢനങ്ങള്‍ രക്തം മരവിപ്പിക്കുന്നതാണ്. വിരലില്‍ എണ്ണാവുന്നവര്‍ സഹനത്തിന്റെ പാരമ്യത കടക്കുമ്പോള്‍ എല്ലാം ഉപേക്ഷിച്ച് പുറത്തു വരും. അതില്‍ ജസ്മിയെപോലെ ഒന്നോ രണ്ടോപേര്‍ തങ്ങളുടെ പോരാട്ടവുമായി സമൂഹത്തിന്റെ മുഖ്യധാരയില്‍ തന്നെ നില്‍ക്കും. ബാക്കിയുള്ളവര്‍ എവിടെ? എങ്ങനെ? എന്നറിയാതെ മറഞ്ഞുപോകും. പുറത്തു വരുന്നവര്‍ വളരെ കുറച്ചാണങ്കില്‍ എല്ലാം ഉള്ളിലൊതുക്കി, തുടക്കത്തില്‍ പരാമര്‍ശിച്ച സിസ്റ്ററെപോലെ മരണംവരെ ഉള്ളില്‍ തന്നെ തുടരുന്നവരാണ് ഭൂരിഭാഗവും. അത്തരമൊരു സാഹചര്യത്തില്‍ നിന്നും അഞ്ച് കന്യാസ്ത്രീകള്‍ നീതിക്കായി തെരുവില്‍ ഇറങ്ങുമ്പോള്‍ അത് സഭയുടെ കേരളത്തിലെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്.

പക്ഷേ, അങ്ങനെയൊരു നീക്കത്തിലേക്ക് അവര്‍ക്ക് കടക്കേണ്ടി വരുമ്പോള്‍ അതിന്റെ നാണക്കേടും പാപഭാരവും പേറേണ്ടത് ഇവിടുത്തെ സര്‍ക്കാരാണ്. സഭ അവരുടെ കൂടെയില്ല, സഭയില്‍ നിന്നും അവർക്ക് നീതി കിട്ടില്ല എന്നു മനസിലാക്കി അവര്‍ സമീപിച്ചത് സര്‍ക്കാരിനെയാണ്, ഇവിടുത്തെ നീതി, നിയമ സംവിധാനത്തെയാണ്. പക്ഷേ, പരാതി ഉണ്ടായിട്ട്, എല്ലാ തെളിവുകളും നല്‍കിയിട്ടും എഴുപത്തിയഞ്ച് ദിവസങ്ങള്‍ക്കിപ്പുറവും ബിഷപ്പ് ഫ്രാങ്കോ ഇപ്പോഴും സംരക്ഷിക്കപ്പെടുമ്പോള്‍, ആ കന്യാസ്ത്രീകള്‍ നിരാശയോടെ പറയുന്നത്; “ഞങ്ങളെ സംരക്ഷിക്കാന്‍ സഭയില്ല, ഞങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇല്ല, ഞങ്ങളെ സംരക്ഷിക്കാന്‍ പോലീസ് ഇല്ല…” എന്നാണ്.എന്നാൽ സര്‍ക്കാരില്ലെങ്കിലും കേരളത്തിലെ സ്ത്രീ സമൂഹം ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിക്കാനാണ് തങ്ങൾ തെരുവിലിറങ്ങുന്നതെന്ന് സ്ത്രീപക്ഷ പ്രവർത്തകർ പറഞ്ഞു.

“ഞങ്ങള്‍ ഝാന്‍സി റാണിമാരല്ല, ഫൂലന്‍ ദേവിമാരുമല്ല… ഞങ്ങള്‍ക്ക് ആശങ്കകളും ഭയവുമുണ്ട്, പക്ഷേ ഞങ്ങള്‍ പോരാടുകയാണ്” എന്നാണ് ഹൈക്കോടതി ജംഗ്ഷനിലെ പ്രതിഷേപ്പന്തലില്‍ നിന്ന് ആ കന്യാസ്ത്രിമാര്‍ പറഞ്ഞത്.

സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ നീതി തേടി ഒരു കന്യാസ്ത്രീയും തെരുവില്‍ ഇറങ്ങിയിട്ടില്ല. അതേസമയം അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുരോഹിതര്‍ അറസ്റ്റിലായപ്പോള്‍ അവര്‍ക്ക് നീതി തേടി ഇറങ്ങിയിട്ടുണ്ട് കന്യാസ്ത്രീകള്‍… ഭൂമി തട്ടിപ്പ് നടത്തിയ കര്‍ദ്ദിനാളിനു വേണ്ടിയും പ്ലക്കാര്‍ഡുകള്‍ പിടിച്ച് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അതെല്ലാം അവര്‍ സ്വമനസാലെ ഇറങ്ങിയതല്ല, അവരെക്കൊണ്ട് ചെയ്യിക്കുന്നതാണ്. ദൈവത്തിന്റെ പേര് പറഞ്ഞ്, ദൈവത്തിന്റെ പ്രതിനിധികളായ ബിഷപ്പുമാരെയും പുരോഹിതന്മാരെയും സംരക്ഷിക്കാനും അനുസരിക്കാനും ഉള്ള ബാധ്യതകള്‍ ഓര്‍മിപ്പിച്ച് സഭയുടെ സല്‍പ്പേര് നിലനിര്‍ത്താന്‍ വേണ്ടി അടിമകളെയെന്നപോലെ കന്യാസ്ത്രീമാരെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

എക്കാലവും അവര്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി, സകലതും സഹിച്ച് കൂടെ നില്‍ക്കുമെന്ന പുരോഹിതരുടെ വിശ്വാസത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് പുറത്തു വന്ന് നീതി തേടിയുള്ള സമരംഇന്ന് രണ്ടാം ദിവസം പിന്നിട്ടിരിക്കുകയാണ്.രണ്ടു ഗ്ലാസ് വൈനിന്റെ ബലത്തില്‍ ഇടയലേഖനം വായിക്കുന്നതു പോലെയല്ല നീതിക്ക് വേണ്ടി തെരുവിലിറങ്ങിയ കന്യാസ്ത്രീകള്‍ എന്നോര്‍മ വേണം.കർത്താവിന്റെ മണവാട്ടിമാർ എന്ന കാല്പനികതക്കപ്പുറം സ്വന്തം സഹോദരിയുടെ നീതിക്കു വേണ്ടി പോരാടാനിറങ്ങിയവരാണ്. ഉപവാസമിരിക്കുന്നത് ഇനിയും നീതി വൈകിക്കുന്നത് ‘നമ്പർ വൺ കേരള’ത്തിന് ഭൂഷണമല്ല.ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിപക്ഷ നേതാവിനോ കെപിസിസി പ്രസിഡന്റിനോ പ്രതിഷേധമില്ല.ജനാധിപത്യ മഹിളാ അസോസിയേഷൻ പിരിച്ചു വിട്ടോ എന്നറിയില്ല.സഖാവ് ജോസഫൈൻ നയിക്കുന്ന വനിതാ കമ്മീഷനും . കെആർ ചിന്താ ജെറോം നയിക്കുന്ന യുവജന ക്ഷേമ ബോർഡും ഉണ്ട് ആരും ഇത് ഇതുവരെ അറിഞ്ഞിട്ടില്ലെങ്കിൽ ഇനി നമ്മൾ അറിയിക്കുമെന്നും സ്ത്രീപക്ഷ പ്രവർത്തകർ പ്രഖ്യാപിച്ചു.