കെ.കെ.രമയെ കളിയാക്കാനുള്ള എന്ത് യോഗ്യതയാണ് സി.പി.ഐ.എം സൈബർ സഖാക്കൾക്കുള്ളത്?

ഷെഫീക്ക് സുബൈദ ഹക്കീം

അർ.എം.പി. നേതാവ് സഖാവ് കെ.കെ.രമയെ കളിയാക്കാനുള്ള എന്ത് യോഗ്യതയാണ് സി.പി.ഐ.എം സൈബർ സഖാക്കൾക്കുള്ളത്? എതിരഭിപ്രായം പറയുന്നവനെ വെട്ടിയരിഞ്ഞ് കൊല്ലുക മാത്രല്ല അവന്റെ കുംടുംബത്തിൽ നിന്നും ഒരു സ്ത്രീ സജീവമായി നിങ്ങളെ നൈതികമായി, രാഷ്ട്രീയമായി വെല്ലുവിളിച്ചു നിൽക്കുമ്പോൾ അവരെയും ഇല്ലായ്മ ചെയ്യാനുള്ള കുടിപ്പക സൂക്ഷിക്കുന്ന ‘കുല സംസ്കാരം’ നിങ്ങൾ എക്കാലത്തും ഇക്കാലത്തും സൂക്ഷിക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകൂടിയാണ് സഖാവ് രമ.

എത്രയെത്ര സൈബറാക്രമണങ്ങൾക്ക് ആ സ്ത്രീ വ്യക്തിത്വം വിധേയമായിക്കൊണ്ടിരിക്കുന്നു. ഫ്രാങ്കോ ഫാദറും ശശിയും ബലാത്സംഗ കേസുകൾക്കൊ സ്ത്രീകളോടുള്ള ലൈംഗീക അവഹേളന കേസുകൾക്കോ പ്രതിസ്ഥാനത്ത് വരുമ്പോൾ ‘വയിൽ പഴം’ (സി.അയ്യപ്പന്റെ പ്രയോഗം) സൂക്ഷിക്കുന്ന നിങ്ങളാണോ കേരളത്തിലെ സകല വിഷയങ്ങളിലും വിശേഷിച്ച് സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ തന്റെതായ ഇടപെടലുകൾ നടത്തുന്ന രമേച്ചിയെ അവഹേളിക്കാൻ അർഹർ?

ആദ്യം പോയി ഫ്രാങ്കോക്കും ശശിക്കുമെതിരെ ചെറുവിരലനക്ക്. കൺമുന്നിൽ നിങ്ങളുടെ സഖാവും നിങ്ങളുടെ സർക്കാർ രാഷ്ട്രീയ അഭയം പരോക്ഷമായി നൽകുന്ന പുരോഹിതനുമൊക്കെ സ്ത്രീകളെ ബലാത്സംഗം ചെയ്തും ലൈംഗികമായി അവഹേളിച്ചും അറുമാദിക്കുമ്പോൾ, ഇന്ത്യൻ നീതിന്യായ നിയമ വ്യവസ്ഥയെ നിങ്ങളുടെ അധികാരത്തണലിൽ അപമാനിക്കുകയും പുച്ഛിക്കുകയും സ്ത്രീകളെ വിക്ടിം ഷെയിമിങ്ങ് നടത്തുകയും ചെയുമ്പോൾ നിങ്ങളും നിങ്ങളുടെ സഖാക്കൻമാരും ഇരട്ടച്ചങ്കനും സർക്കാറും എന്തെടുക്കുകയായിരുന്നു?

സ്ത്രീകൾക്ക്‌ ആത്മാഭിമാനത്തോടെ ജീവിക്കാൻ വേണ്ടി കൂടിയാണ് നിങ്ങളെ ജനാധിപത്യ വ്യവസ്ഥയിൽ സർക്കാർ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. അല്ലാതെ കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്യാൻ പോകുന്ന ആൺപുരോഹിതന്മാരുടെ ആണധികാരങ്ങൾക്ക് ചൂട്ടുപിടിക്കാനല്ല. ഓർമ്മവേണം.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622