കന്യാസ്ത്രീകളുടെ സമരത്തിന് എന്ത് അതിരാണ് നിശ്ചയിച്ചിട്ടുള്ളത്? കെ.സി.ബി.സിയോട് സുനിത ദേവദാസ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം അതിരുകടക്കുന്നു എന്ന് പ്രസ്താവന ഇറക്കിയ കെ.സി.ബി.സിയോട് മാദ്ധ്യമ പ്രവർത്തക സുനിത ദേവദാസ് ചോദിക്കുന്നു ‘കന്യാസ്ത്രീകളുടെ സമരത്തിന് എന്ത് അതിരാണ് നിശ്ചയിച്ചിട്ടുള്ളത്’ എന്ന്. അവരുടെ സമരത്തിനെ മറ്റു സമരവുമായി താരതമ്യം ചെയ്താൽ സമൂഹത്തിന് ഒരു നാശനഷ്ടവും വരുത്തിയിട്ടില്ല, അവർ ബസിനു കല്ലെറിഞ്ഞില്ല, ഹർത്താൽ നടത്തിയില്ല, ജനജീവിതം സ്തംഭിപ്പിച്ചില്ല. പീഡനവിഷയത്തിൽ ക്ഷമയുടെ 75 ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് പ്രതിഷേധവുമായി കന്യാസ്ത്രീകൾ തെരുവിലിറങ്ങേണ്ടി വന്നതെന്നും സുനിത ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കത്തോലിക്കരെ ,
ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാൻ കഴിയാത്തതാണെന്നുമാണല്ലോ കെ സി ബി സിയുടെ അഭിപ്രായം.

ഒരേയൊരു ചോദ്യം ചോദിച്ചോട്ടെ. ആരാണ് ഈ അതിരു നിശ്ചയിക്കുന്നത്? എന്തിന്റെ അതിരിനെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്?

1 . സമരത്തിന്റെ അതിരാണെങ്കിൽ നിലവിൽ നടക്കുന്ന മറ്റു സമരങ്ങളുമായി താരതമ്യം ചെയ്യമ്പോൾ അവർ ആർക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല. അവർ ബസിനു കല്ലെറിഞ്ഞില്ല, ഹർത്താൽ നടത്തിയില്ല, ജനജീവിതം സ്തംഭിപ്പിച്ചില്ല, സെക്രട്ടറിയേറ്റിനു മുന്നിൽ കുടിൽ കിട്ടിയില്ല, കന്യാസ്ത്രീ കുപ്പായം ഊരിയെറിഞ്ഞില്ല…. അങ്ങനെ ഒന്നും ചെയ്തില്ല. പരാതി നൽകി 75 ദിവസമായിട്ടും നടപടി ഒന്നും കാണാഞ്ഞപ്പോഴാണ് സമരം തുടങ്ങിയത്. അതും സമാധാനപരമായ രീതിയിൽ.

2 . അംഗീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞത് ബലാൽസംഗത്തെ കുറിച്ചാണോ? ഇത്രയും പോരായിരന്നോ പീഡനം? അതോ കന്യാസ്ത്രീ കുറച്ചു കൂടി ക്ഷമിച്ചു കുറച്ചു കൂടി ബലാൽസംഗം ചെയ്യാൻ അവസരം കൊടുക്കണമായിരന്നോ ? ഇവിടെയാണോ അതിരു ലംഘിച്ചത് ?

3 . ക്ഷമയുടെ അതിരാണെങ്കിൽ അവർ 75 ദിവസം ക്ഷമിച്ചാൽ പോരായിരന്നോ? ഇനിയും ക്ഷമിക്കണമായിരന്നോ?

എവിടെയാണ് അതിര്? എന്തിന്റെ അതിര് ? അത് നിശ്ചയിക്കുന്നത് ആരാണ്? സ്ത്രീകളുടെ അതിരുകൾ നിശ്ചയിക്കുന്നത് ബിഷപ്പ് ആണോ? അതോ പൊതു ബോധമോ? അതോ പാട്രിയാർക്കിയോ ?

കത്തോലിക്കരെ നിങ്ങൾ ഇപ്പോൾ കണ്ടത് കന്യാസ്ത്രീകൾ അതിരു ലംഘിച്ചതാണല്ലോ.

ബിഷപ്പ് ഒരതിരും ഇതുവരെ ലംഘിച്ചില്ലല്ലോ അല്ലെ? ലൈംഗിക വേഴ്ച നടത്തിയില്ല, അത് ഒതുക്കി തീർക്കാൻ നോക്കിയില്ല, ബലാൽസംഗം ചെയ്തില്ല, പരാതിപ്പെടാതിരിക്കാൻ പണവും മറ്റും വാഗ്ദാനം ചെയ്തില്ല. ഒന്നും ചെയ്തില്ല. ഒരതിരും ലംഘിക്കാത്ത ഒരു പുണ്യാളൻ ബിഷപ്പ് അല്ലെ ?

നാണം വേണം. ഇത്തിരി മനുഷ്യത്വവും.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622