എട്ട് വര്‍ഷം മുമ്പുള്ള കേസില്‍ ചന്ദ്രബാബു നായിഡുവിനെതിരെ ജാമ്യമില്ലാ വാറണ്ട്

എട്ട് വര്‍ഷം പഴയ കേസില്‍ ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറണ്ട്. 2010 ജൂലൈ മാസത്തില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ പേരിലാണ് അദ്ദേഹത്തിനും മറ്റ് കൂട്ടുപ്രതികള്‍ക്കുമെതിരെ മഹാരാഷ്ട്ര പോലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് ലഭിക്കുമ്പോള്‍ ബ്രഹ്‌മോത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തിരുപ്പതിയിലായിരുന്നു ചന്ദ്രബാബു നായിഡു.

ഗോദാവരി നദിക്ക് കുറുകെ കെട്ടുന്ന ബബ്ലി പദ്ധതിയുടെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ അന്ന് മഹാരാഷ്ട്ര ഭരിച്ചിരുന്ന കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാരിനെതിരെ ചന്ദ്രബാബു നായിഡു പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്ന് തെലങ്കാന സംസ്ഥാനത്തിന്റെ ഭാഗമായ, അന്ന് ആന്ധ്രയുടെ ഭഗാമായ പ്രദേശങ്ങളിലെ ജലസേചനം തടസപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ സമരം. സമരത്തിന്റെ പേരില്‍ അക്രമം നടത്തിയെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്നും ആരോപിച്ചാണ് എട്ട് വര്‍ഷം പഴയ കേസില്‍ മഹാരാഷ്ട്ര പോലീസ് ജാമ്യമില്ലാ വാറണ്ട് അയച്ചത്.

മഹാരാഷ്ട്ര പോലീസിന്റെ നടപടിക്കെതിരെ ആന്ധ്രയിലെങ്ങും പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. ടി.ഡി.പി പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ചന്ദ്രബാബു നായിഡു എന്‍.ഡി.എ വിട്ടതിന്റെ പ്രതികാര നടപടിയാണ് അറസ്റ്റ് വാറണ്ടെന്ന് ടി.ഡി.പി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് അറസ്റ്റ് വാറണ്ടെന്ന് ടി.ഡി.പി നേതാവും സംസ്ഥാന കൃഷി മന്ത്രിയുമായ സോമിറെഡ്ഡി ചന്ദ്രമോഹന്‍ റെഡ്ഡി ആരോപിച്ചു.

കേസില്‍ ചന്ദ്രബാബു നായിഡു മഹാരാഷ്ട്ര ഹൈക്കോടതിയില്‍ ഹാജരായേക്കും. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ടി.ഡി.പിയുടെ നീക്കം.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622