വിജയ് മല്യയുടെ ‘ഗ്രേറ്റ് എസ്‌കേപ്പിന്’ പിന്നിൽ നരേന്ദ്ര മോദിയെന്ന് രാഹുൽ ഗാന്ധി

വായ്പാ തട്ടിപ്പ് കേസിൽ കുടുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ആരോപണവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. വിദേശത്തേക്ക് കടക്കാതിരിക്കാൻ സി.ബി.ഐ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ലഘൂകരിച്ചതും മോദിയാണ്. പ്രധാനമന്ത്രിയോട് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ കഴിയുന്നവരാണ് സി.ബി.ഐ ഉദ്യോഗസ്ഥർ. ഇത്രയും വലിയ വിവാദങ്ങൾ ഉണ്ടാക്കിയ കേസിലെ ഉത്തരവ് പ്രധാനമന്ത്രിയുടെ അറിവില്ലാതെ സി.ബി.ഐ തിരുത്തില്ലെന്നും രാഹുൽ ട്വിറ്ററിലൂടെ ആരോപിച്ചു.

അതേസമയം, സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വിവിധ അന്വേഷണ ഏജൻസികളുടെ അന്വേഷണം നടക്കുന്നതിനാൽ മല്യ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കില്ലെന്ന് കരുതിയാണ് ലുക്കൗട്ട് നോട്ടീസ് ലഘൂകരിച്ചതെന്ന് സി.ബി.ഐ വൃത്തങ്ങൾ വാദിക്കുന്നു. 2015 ഒക്ടോബർ 16ന് ഏർപ്പെടുത്തിയ ലുക്കൗട്ട് നോട്ടീസ് നവംബർ 24നാണ് യാത്ര ചെയ്യാനെത്തുന്നുവെങ്കിൽ അറിയിക്കുക എന്നാക്കി മാറ്റിയത്.

ഇക്കാലയളവിൽ മല്യ വിവിധ തവണ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുകയും ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തിരുന്നു. ഡിസംബർ 9,10,11 എന്നീ തീയതികളിൽ ചോദ്യം ചെയ്തപ്പോഴും മല്യ വിദേശത്തേക്ക് കടക്കുന്നതിന്റെ ലക്ഷണം കാണിച്ചിരുന്നില്ലെന്നും സി.ബി.ഐ വൃത്തങ്ങൾ വാദിക്കുന്നു.

സി.ബി.ഐയുടെ ഈ വാദവും ചൂണ്ടിക്കാട്ടിയാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ നേരിട്ട് ആക്രമണം നടത്തിയിരിക്കുന്നത്. മോദിയുടെ നിർദ്ദേശ പ്രകാരം തന്നെയാണ് സി.ബി.ഐ ഇത്തരമൊരു തീരുമാനമെടുത്തതെന്നും രാഹുൽ ആരോപിച്ചു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622