ചോദ്യങ്ങളും കോപ്പിയടിച്ചു: പിഎസ്‌സി പരീക്ഷയുടെ ചോദ്യങ്ങള്‍ പലയിടങ്ങളില്‍ നിന്ന് പകര്‍ത്തിയത് എന്ന് പരാതി

കേരള പിഎസ് സി ജോര്‍ണലിസം ലക്ചറര്‍ പരീക്ഷയുടെ ഭൂരിഭാഗം ചോദ്യങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും പകര്‍ത്തിയതാണെന്ന് ആരോപണങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ ചേദ്യങ്ങള്‍ ഇന്റര്‍നെറ്റിലെ സ്വകാര്യ ക്വിസ് കൂട്ടായ്മകളില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റെണല്‍ പരീക്ഷകള്‍ക്കായി തയ്യാറാക്കിയ ബുക്ക്‌ലെറ്റില്‍ നിന്നും ക്രമം പോലും തെറ്റാതെ അതേപടി പകര്‍ത്തിയതാണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

വെബ്‌സൈറ്റില്‍ നിന്നും അതേപടി പകര്‍ത്തിയെടുത്ത് പരീക്ഷയ്ക്ക് ചേദ്യങ്ങള്‍ ചേദിക്കുകയായിരുന്നു. ജേണലിസം ലക്ചര്‍ പരീക്ഷയിലെ 24 മുതല്‍ 37 വരെയുള്ള ചോദ്യങ്ങളാണിത്. ഇവയെല്ലാം ക്രമം പോലും തെറ്റാതെ ഓപ്ഷനില്‍ മാറ്റമില്ലാതെ ഈ വെബ്‌സൈറ്റുകളില്‍ കാണാം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ ബുക്ക്‌ലെറ്റില്‍ നിന്നെടുത്തവയാണ് 38 മുതല്‍ 60 വരെയുള്ള ചോദ്യങ്ങളെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.

എന്നാല്‍ സൈറ്റുകളില്‍ നിന്നും പകര്‍ത്തിയ ചേദ്യങ്ങള്‍ ചോര്‍ന്നിട്ടില്ലാ എന്ന് എന്ത് ഉറപ്പാണുള്ളതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നത്. പരാതി പരിശോധിച്ച് ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് പിഎസ്‌സി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചിട്ടുണ്ട്. പരീക്ഷ കഴിഞ്ഞ ഉടന്‍ തന്നെ ചില വെബ്‌സൈറ്റില്‍ ഈ ചോദ്യത്തിന്റെ ഉത്തരസൂചിക പുറത്തുവരുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഇത് രണ്ടാമത്തെ തവണയാണ് പിഎസ് സി ജോണലിസം ലക്ചര്‍ തസ്തികയിലേക്ക് പരീക്ഷ നടത്തുന്നത്.