പെരിയോർ പ്രതിമയ്‌ക്ക് നേരെ ബി.ജെ.പി ആക്രമണം; അഭിഭാഷകൻ അറസ്റ്റിൽ

നവോത്ഥാന നായകനും ആധുനിക തമിഴ്നാടിന്റെ ശിൽപിയും സാമൂഹിക പരിഷ്ക്കർത്താവുമായ പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കരുടെ ചെന്നൈയിലെ പ്രതിമയ്ക്ക് നേരെ ചെരിപ്പെറിഞ്ഞ സംഭവത്തിൽ അഭിഭാഷകനെ പൊലീസ് പിടികൂടി. ഇയാൾ ബി.ജെ.പി നേതാവാണെന്നാണ് പോലീസ് നൽകുന്നവിവരം. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡി.ജഗദീശൻ എന്ന അഭിഭാഷകനാണ് പിടിയിലായത്.

പെരിയാർ ജന്മവാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതിമയിൽ പ്രാർത്ഥനകൾ നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. ഉടൻ തന്നെ ഇയാളെ പൊലീസ് പിടികൂടി. സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ഡി.ജയകുമാർ വ്യക്തമാക്കി. പെരിയാർ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണം തമിഴ്ജനതയ്ക്ക് നേരെയുള്ള ആക്രമണത്തിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പെരിയാറിന്റെ 140ആമത് ജന്മദിന ആഘോഷങ്ങൾക്കിടെ തമിഴ്നാട്ടിൽ അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് നേരെ വ്യാപക ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ. അന്നാസാലൈയ്ക്ക് സമീപത്തുള്ള പെരിയാർ പ്രതിമയിൽ ആദരവ് അർപ്പിക്കുന്നതിനിടെ മോട്ടോർ ബൈക്കിലെത്തിയ സംഘം പ്രതിമയ്ക്ക് നേരെ ചെരിപ്പെറിഞ്ഞു. തിരുപ്പൂരിൽ പെരിയാർ പ്രതിമ ഒരു സംഘം തകർക്കുകയും ചെയ്തു.

അതേസമയം, തിരുപ്പൂരിലെ സംഭവത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് കണ്ടെത്തിയെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചെന്നൈയിൽ നിന്ന് പിടിയിലായ അഭിഭാഷകനും താൻ ബി.ജെ.പി നേതാവാണെന്ന് മൊഴി നൽകിയിട്ടുണ്ട്. ഇയാളിൽ നിന്ന് കണ്ടെത്തിയ തിരിച്ചറിയൽ കാർഡിൽ നിന്നും ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ ക്രമസമാധാന നില തകർക്കാൻ ചില ഹിന്ദു സംഘടനകൾ നടത്തുന്ന ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ബി.ജെ.പി വക്താവ് ഇതുവരെ തയ്യാറായിട്ടില്ല.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622