എം.എം.ഹസൻ പുറത്ത്; മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷൻ

കോൺഗ്രസിൽ പലതലകളും തെറിച്ചു,വൻ അഴിച്ചുപണിയുമായി രാഹുൽ ഗാന്ധി. വടകര എം. പിയും എ. ഐ. സി. സി തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാനുമായ മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സിയുടെ പുതിയ അദ്ധ്യക്ഷനായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു.എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.ഐ. ഷാനവാസ്, മുൻ എം.പി കെ. സുധാകരൻ എന്നിവർ വർക്കിംഗ് പ്രസിഡന്റുമാരായി. ബെന്നി ബെഹനാനെ യു.ഡി.എഫ് കൺവീനറും കെ.മുരളീധരൻ എം.എൽ.എയെ സംസ്ഥാന പ്രചാരണ സമിതി അദ്ധ്യക്ഷനുമാക്കി.

ഏറെ നാളത്തെ ചർച്ചകൾക്കു ശേഷമാണ് കേരളത്തിലെ നേതൃനിരയിലെ സുപ്രധാന അഴിച്ചുപണി രാഹുൽ ഗാന്ധി നടത്തിയത്. മദ്ധ്യപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങൾക്ക് സമാനമായി കേരളത്തിൽ വർക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുന്നത് ആദ്യമാണ്.എ.ഐ.സി.സി പുനഃസംഘടനയിൽ തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്റെ റോൾ ഭംഗിയായി നിർവ്വഹിച്ച മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ. പി. സി. സി അദ്ധ്യക്ഷ പദവിയിലേക്ക് മുൻതൂക്കം കൽപ്പിച്ചിരുന്നതും. ഗ്രൂപ്പുകൾക്ക് അതീതനായ നേതാവെന്ന പരിഗണനയും തുണയായി.

ദളിത് നേതാവെന്ന നിലയിൽ സാദ്ധ്യത കൽപ്പിച്ചിരുന്ന കൊടിക്കുന്നിൽ സുരേഷിനെയും വടക്കൻ മലബാറിലെ ശക്തനായ കെ.സുധാകരനെയും വർക്കിംഗ് പ്രസിഡന്റ്മാരാക്കിയതും ശ്രദ്ധേയമായി. മുസ്ളീം പ്രാതിനിദ്ധ്യം ഉറപ്പാക്കിയപ്പോൾ വയനാട് എംപി എം.ഐ.ഷാനവാസിന് അപ്രതീക്ഷിത അംഗീകാരമായി.

ഉമ്മൻചാണ്ടിയുടെ അനുയായിയായ ബെന്നി ബെഹനാനെ യു.ഡി.എഫ് കൺവീനറാക്കിയതിലൂടെ എ ഗ്രൂപ്പിനെയും ക്രിസ്ത്യൻ സമുദായത്തെയും പരിഗണിച്ചപ്പോൾ ഐ ഗ്രൂപ്പിന് സുധാകരനിലൂടെ പ്രാതിനിദ്ധ്യമായി. കൺവീനർ സ്ഥാനം പ്രതീക്ഷിച്ചിരുന്ന കെ. മുരളീധരന് പ്രചാരണ സമിതി സ്ഥാനം നൽകി തൃപ്തിപ്പെടുത്തി.

വി.എം. സുധീരൻ രാജിവച്ചതിനെ തുടർന്ന് ഉപാദ്ധ്യക്ഷൻ എം.എം.ഹസൻ താത്കാലിക ചുമതല വഹിച്ചു വരികയായിരുന്നു. പുതിയ അദ്ധ്യക്ഷനെ നിയമിക്കുന്നതിന് മുൻപായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം. എം.ഹസൻ, കേരളത്തിലെ എം. പിമാർ എന്നിവരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. സാദ്ധ്യത കൽപ്പിച്ചിരുന്ന മുൻ കേന്ദ്രമന്ത്രിയും എറണാകുളം എംപിയുമായ പ്രൊഫ. കെ.വി. തോമസിനെ പരിഗണിച്ചില്ല.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913