മരുന്ന് തിന്നുന്ന കേരളം: ഇനി ഓൺലൈനിൽ മരുന്നുകൾ വീട്ടിലെത്തും; കുറിപ്പടി വാട്സാപ്പിൽ

പ്രതിവർഷം മലയാളിയുടെ ശരാശരി മരുന്നുപയോഗം 4000 രൂപ

രാജ്യത്തെ മരുന്നുപയോഗത്തിൽ 18ശതമാനം കേരളത്തിൽ
50,000 രൂപ അടച്ചാൽ ഓൺലൈൻ മരുന്നുവ്യാപാരം തുടങ്ങാം

1,10,000 കോടിയുടേതാണ് ഇന്ത്യയിലെ പ്രതിവർഷ മരുന്നുവിപണി

ഓൺലൈൻ മരുന്നുകമ്പനികൾക്ക് വിപണിതുറക്കാൻ വാട്സാപ്പ് വഴിയുള്ള മരുന്നുകുറിപ്പടികൾക്ക് സർക്കാർ അനുമതി. മാനസിക രോഗത്തിനുള്ള ഷെഡ്യൂൾ-എക്സ് മരുന്നുകൾ ഒഴികെയുള്ളവ വാട്സാപ്പിലെ കുറിപ്പടിയുടെ ചിത്രം കാട്ടി ഫാർമസികളിൽ നിന്ന് വാങ്ങാമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി എല്ലാവർക്കും വ്യക്തിഗത ഡോക്ടർ’ എന്ന സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വാട്സാപ്പ് കുറിപ്പടി അനുവദിക്കുന്നത്. 30ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ വീട്ടിലെത്തും.

ശക്തിയേറിയ ആന്റിബയോട്ടിക്കുകൾ, ശീതീകരിച്ച് സൂക്ഷിക്കേണ്ട മരുന്നുകൾ, വാക്സിനുകൾ, ഗർഭച്ഛിദ്റമരുന്നുകൾ, ലൈംഗിക ഉത്തേജകങ്ങൾ, ക്ഷയരോഗത്തിനുള്ള മരുന്നുകൾ എന്നിവ ഓൺലൈനായി വിൽക്കുന്നതിനെ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ എതിർത്തിരുന്നു. 40ശതമാനം മരുന്നുകളും 25മുതൽ 30ഡിഗ്രി താപനിലയിൽ സൂക്ഷിക്കേണ്ടവയാണ്. ഇത് തള്ളിക്കളഞ്ഞ് മാനസികരോഗത്തിനുള്ള മരുന്നുകളും വേദനസംഹാരികളും മാത്രം ഒഴിവാക്കിയാണ് വാട്സാപ്പ് മരുന്ന് കുറിപ്പടിക്ക് അനുമതി നൽകുന്നത്. പനിക്കു മുതൽ പ്രമേഹത്തിനും അർബുദത്തിനും വരെയുള്ള ചൈനീസ് വ്യാജമരുന്നുകൾ ജാർഖണ്ഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ പിടികൂടിയിട്ടുണ്ട്. തുടർച്ചയായി പരിശോധനയുള്ളതിനാൽ കേരളത്തിൽ ഇതുവരെ വ്യാജമരുന്നുകൾ പിടികൂടിയിട്ടില്ല.

കേരളത്തിൽ രജിസ്റ്റർചെയ്യാത്ത കമ്പനികളെ നിയന്ത്രിക്കാനോ മരുന്നുകളുടെ വിലനിയന്ത്രണം പരിശോധിക്കാനോ സർക്കാരിനാവില്ല. എന്നാൽ, വൻ വിലക്കുറവിൽ മരുന്നുകൾ ലഭിക്കുമെന്നതും വിദേശത്തിരുന്ന് പണമടച്ചാലും മരുന്നുകൾ വീട്ടിലെത്തിക്കാമെന്നതും ഗുണകരമാണ്.

ഓൺലൈനിൽ പണമടച്ചാൽ മരുന്ന് വീട്ടിലെത്തിക്കുന്നതിന് ഡോക്ടറുടെ മരുന്നുകുറിപ്പടി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. കുറിപ്പടി ഫാർമസിയിലെ മൊബൈലിലേക്കോ ഇ-മെയിൽ വിലാസത്തിലേക്കോ രോഗിയുടെ വാട്സാപ്പിലേക്കോ ഡോക്ടർക്ക് അയയ്ക്കാം. ഈ സന്ദേശങ്ങൾ മരുന്ന് നൽകാനുള്ള നിയമപരമായ രേഖയായി പരിഗണിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെയും ഫാർമസികളെയും രോഗിക്ക് രജിസ്റ്റർ ചെയ്യാനും സംവിധാനമുണ്ടാവും.

ഓൺലൈൻ മരുന്നുകളുടെ പരിശോധന അസാദ്ധ്യമാണ്. ഗുണമേന്മയിലും ദുരുപയോഗത്തിലും ആശങ്കയുണ്ട്. കരുതൽവേണം എന്ന് ഡ്രഗ്സ് കൺട്രോളർ രവി.എസ്.മേനോൻ പറഞ്ഞു.

എന്നാൽ വാട്സാപ്പ് മരുന്നുകുറിപ്പടി അംഗീകരിക്കുന്നത് പ്രൈമറികെയർ സംവിധാനത്തിന്റെ ആദ്യപടിയാണ്. മരുന്നുകളുടെ ദുരുപയോഗം കുറയ്ക്കും.” എന്നാണ് ആരോഗ്യ സെക്രട്ടറി രാജീവ്സദാനന്ദൻ പറയുന്നത്.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622