വയലിനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്കർ (40) അന്തരിച്ചു. അത്യാസന്ന നിലയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കർ അൽപ്പനേരം മുമ്പാണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതമാണ് മരണകാരണം. പുലർച്ചെ 1 മണിയോടുകൂടി ആയിരുന്നു അന്ത്യം .അപകടത്തിൽ പരിക്കേറ്റിരുന്ന മകൾ തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു.

സെപ്തംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് ഏക മകൾ തേജസ്വിനി ബാല മരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും കാറോടിച്ചിരുന്ന ഡ്രൈവർ അർജുനും അപകടനില തരണം ചെയ്തു.

തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായ പരിക്കേറ്റ ബാലഭാസ്കറിനെ ചികിത്സിക്കാൻ ഡൽഹി എയിംസിൽ നിന്നും വിദഗ്ദ്ധ ഡോക്ടർമാർ എത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ടാവുകയും അദ്ദേഹം കണ്ണുതുറക്കുകയും ചെയ്തു. എന്നാൽ അർദ്ധരാത്രി 12.56ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.