“സ്ത്രീണാം പുംസാം പൃഥക് പൃഥക്”

ലിബി.സി. എസ്

“സ്ത്രീണാം പുംസാം പൃഥക് പൃഥക്”

പേടിക്കണ്ട ഇത് സ്ത്രീവിരുദ്ധരായ പൂണൂൽ ധാരികളുടെ ആരുടേയും വാക്കുകളല്ല നാരായണ ഗുരുവിന്റെ വരികളാണ്. ഇത് ഇപ്പോഴത്തെ ചില സംഭവങ്ങളുമായി കൂട്ടിവായിക്കാം എന്ന് തോന്നുന്നു.

ഗുരു ഇന്ന് പല ഭക്തശിരോമണികളും ധരിച്ചുവച്ചിരിക്കുന്നതുപോലെ പ്രതിമയിലും ഫോട്ടോയിലുമൊക്കെ കാണുമ്പോലെ ബലംപിടിച്ചിരിക്കുന്ന ഒരാളൊന്നുമല്ലായിരുന്നു. ശിഷ്യന്മാരോട് അപ്രമാദിത്വമൊന്നും കാണിക്കാതെ അവരുടെ അഭിപ്രായങ്ങൾ മാനിക്കുകയും അവരുടെ അഭിപ്രായങ്ങളാണ് ശരിയെങ്കിൽ തിരുത്തുകയും അത് സ്വീകരിക്കുകയും അവരുമായി തമാശപറയുകയും അവരുടെ സങ്കടങ്ങളിൽ കരയുകയുമൊക്കെ ചെയ്തിട്ടുള്ളയാളാണ്. ഗുരു കരഞ്ഞതിനെക്കുറിച്ച് സഹോദരൻ അയ്യപ്പൻ തൻറെ അവസാനത്തെ ശിവഗിരി പ്രസംഗത്തിൽ ഇങ്ങനെ പറയുന്നുണ്ട്”എന്റെ ഗുരു കരയുന്നതും ഞാൻ കണ്ടു.അത് സത്യവൃതൻ മരിച്ച്ചപ്പോഴാണ്.

ഗുരു അയ്യപ്പനോട് പോലും റോൾമോഡലായി ചൂണ്ടിക്കാണിച്ചിട്ടുള്ളത് പണ്ട് ഗുരുവിനെ തല്ലാൻ വന്ന പിന്നീട് ശിഷ്യനായി മാറിയ ചങ്ങനാശേരി അങ്ങാടിയിലെ റൗഡി ആയിരുന്ന അയ്യപ്പൻപിള്ള എന്ന സത്യവൃതനെയാണ്. “സത്യവൃതനെ കണ്ടുപഠിക്കൂ,സത്യവൃതന് അശേഷം ജാതിയില്ല. നമുക്ക്പോലും അത്രയും ജാതിപോയിട്ടില്ല” എന്നാണ്
അയ്യപ്പനോടും സിവി കുഞ്ഞുരാമനോടുമെല്ലാം ഉള്ള സംഭാഷണങ്ങളിൽ ഗുരു പറയുന്നത് .

പക്ഷെ 32 ആമത്തെ വയസിൽ സത്യവ്രതൻ എല്ലാവരെയും വിട്ടുപോയി. അന്ന് ഫോൺ ഒന്നുമില്ലായിരുന്നല്ലോ?സത്യവൃതന്റെ മരണവാർത്തയുടെ ടെലഗ്രാം വായിച്ച് ഗുരു ചാരുകസേരയിലേക്ക് മറിഞ്ഞുവീണ് പൊട്ടിക്കരയുകയായിരുന്നു’

ഞാൻ പറഞ്ഞുവന്നത് ഈ കരച്ചിലിനെക്കുറിച്ചല്ല മറ്റൊരു കൂട്ട ചിരിയെക്കുറിച്ചാണ്.

ഗുരു ശ്രീനാരായണ ധർമ്മസംഘം രൂപീകരിക്കുന്നതിന് തീരുമാനമെടുത്ത ശേഷം അതിൻറെ രു ബയല തയാറാക്കാനായി ശിഷ്യന്മാരെ ചുമതലപ്പെടുത്തി.അതിന് ശേഷം പല ആഴ്ചകളിലും മീറ്റിങ് കൂടുമ്പോൾ ഗുരു ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ ആരും എഴുതിയിട്ടുണ്ടാവില്ല. അവസാനം ഇത് നടപ്പുള്ള കാര്യമല്ല എന്ന് ബോധ്യമായിട്ടായിരിക്കും ഒരു പേപ്പർ എടുക്കൂ ഞാൻ പറയാം എഴുതിക്കൊള്ളു എന്ന് പറഞ്ഞു.അങ്ങനെ ഗുരുപറഞ്ഞുകൊടുത്തതാണ് ആശ്രമം എന്ന കൃതിയും മുനിചര്യാ പഞ്ചകം എന്ന കൃതിയും.അതാണ്‌ ശിവഗിരിമഠത്തിൻറെ യഥാർത്ഥ ബയല. സംസ്കൃത ശ്ലോകങ്ങളായിട്ടാണ് പറഞ്ഞത്.

അതിലെ ഒരു ശ്ലോകം ഇങ്ങനെയാണ്

“യദ്വദത്രൈവ തദ്വച്ച
സ്ത്രീണ‍ാം പുംസ‍ാം പൃഥക് പൃഥക്
വിദ്യാലയാ ദിശി ദിശി
ക്രിയന്താമാശ്രമാഃ സഭാഃ”

ഒരൊശ്ലോകവും ചൊല്ലി അതേക്കുറിച്ച് ശിഷ്യന്മാരുമായി ഡിസ്കസ് ചെയ്താണ് എഴുതിയത്. ഈ ശ്ലോകം ചൊല്ലിയപ്പോൾ പക്ഷേ നാടാരാജഗുരു ഉടക്കി.

” പിന്നെ ഗുരുവിൻറെ ഒരു പൃഥക് പൃഥക്” ‘ഗുരുതന്നെപറയുന്നു ഒരുജാതി,ഒരുമതം, ഒരു ദൈവം മനുഷ്യന്.ഒരു യോനി ഒരാകാരം ഒരുഭേദവുമില്ലതിൽ എന്ന് അതിന് വിരുദ്ധമല്ലേ ഇത് എന്ന് ?

നടരാജൻ പറഞ്ഞപ്പോൾ ഗുരുവിനും തോന്നി അതിൽ കാര്യമുണ്ടെന്ന്.ഉടനെ ഗുരു വളരെ രസകരമായ ഒരു നിർദ്ദേശം വെയ്ക്കും ” എങ്കിൽ നമുക്ക് ഒരുകാര്യം ചെയ്യാം സ്ത്രീകളുടെ ആശ്രമം ഈ ശിവഗിരിയിൽനിന്ന് ഒരു രാത്രി മുഴുവൻ നടന്നാലും എത്താത്ത സ്ഥലത്തായിരിക്കണം” എന്ന്.

ഉടനെ ശിഷ്യന്മാർ അതിന് അതിലും രസകരമായ സൊല്യൂഷൻ കണ്ടെത്തി ” അതിനിപ്പോൾ എന്താ ഉച്ചക്കേ നടന്നാൽ പോരേ?”എന്നാണ് അവർ ഗുരുവിനോട് ചോദിച്ചത്.

ഈ സംഭാഷണം ഡോ.ടി. ഭാസ്കരൻ സാറിൻറെ “ഗുരുവൈഖരിയിൽ” ചേർത്തിട്ടുണ്ട്.ഈ ചോദ്യങ്ങളിൽ നിന്നും ഉത്തരങ്ങളിൽനിന്നും തന്നെ ആ ഗുരുശിഷ്യബന്ധം അന്നത്തെ സങ്കൽപ്പങ്ങളെക്കാളൊക്കെ എത്രയോ സ്വതന്ത്രമായിരുന്നു എന്ന് വ്യക്തമാണല്ലോ?

” സ്വപ്നസ്ഖലനമുണ്ടാകുന്ന പുരുഷന് ശബരിമല കയറാൻ പോലീസ് പരിശോധന വേണ്ടായെങ്കിൽ, നമ്മെ പെറ്റ് വളർത്തിയ സ്ത്രീക്ക് എന്തോ ദോഷമുണ്ടെന്ന് കരുതുന്നവർക്ക് മനോരോഗമാണ്. ” എന്നു അദ്ദേഹത്തിൻറെ ശിഷ്യൻ ഗുരു നിത്യചൈതന്യയതി പറഞ്ഞതിൽ ആശ്ചര്യപ്പെടാനില്ല എന്ന് മനസ്സിലായിക്കാണുമല്ലോ ?

പിന്നീട് ഗുരു നടരാജൻപറഞ്ഞത് ഉൾക്കൊള്ളുക മാത്രമല്ല. ഒരു പടികൂടികടന്ന് ഗുരുകുലം സ്ഥാപിച്ചപ്പോൾ നാരായണ ഗുരു നടരാജ ഗുരുവിനോട് നല്കിയ രണ്ടു നിർദ്ദേശങ്ങളിൽ ഒന്ന് ‘വിവാഹം വിലക്കരുത്’ എന്നായിരുന്നു. ഗുരുകുലത്തിൽ അതുകൊണ്ട് വിവാഹം കഴിക്കണം എന്നുള്ളവർക്ക് കഴിക്കാം. വിനയചൈതന്യ സ്വാമിയൊക്കെ വിവാഹിതരാണല്ലോ?

അതുകൊണ്ട് ശ്രീനാരായണീയർ ഏതോ ഒരു കാട്ടിൽ പോയി ഇരിക്കുന്ന അയ്യപ്പസ്വാമിയുടെ നൈഷടീക ബ്രഹ്മചര്യം സംരക്ഷിക്കാൻ സാമൂഹ്യവിരുദ്ധരോടൊപ്പം ഇറങ്ങിപ്പുറപ്പെടുമ്പോൾ നിങ്ങൾക്ക്‌ വഴിനടക്കാനും തുണിയുടുക്കാനും വിദ്യനേടാനും മനുഷ്യനായി ജീവിക്കാനും അവസരം ഉണ്ടാക്കിത്തന്ന ഈ സ്വാമിയേ മറക്കാതിരുന്നാൽ കൊള്ളാം.