അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്രം പഠിക്കണം: ശാരദക്കുട്ടി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പി കെ ശ്രീമതി ടീച്ചര്‍ ഹിന്ദുത്വത്തെ ആക്ഷേപിച്ചുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരിയും സാമുഹ്യ പ്രവര്‍ത്തകയുമായ ഡോ. എസ്.ശാരദക്കുട്ടി. ശ്രീമതി ടീച്ചറുടെ എല്ലാ അഭിപ്രായങ്ങളോടും തനിക്ക് യോജിക്കാന്‍ കഴിയില്ല എന്നാല്‍ ചരിത്ര സൂചനകളുള്ള ഒരു പ്രസംഗത്തിലെ ഒറ്റവരി മാത്രം അടര്‍ത്തിയെടുത്ത് അത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന മട്ടില്‍ പ്രചരിപ്പിക്കരുതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. അജ്ഞത ഒരു കിരീടമാക്കി അതില്‍ അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്ര പുസ്തകങ്ങള്‍ വായിച്ചു പഠിക്കാന്‍ ശ്രമിക്കണമെന്നും ശാരദക്കുട്ടി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ശ്രീമതി ടീച്ചര്‍ പറയുന്ന എല്ലാ കാര്യങ്ങളുമായും യോജിപ്പുള്ള ആളല്ല ഞാന്‍. എന്നാല്‍ ശ്രീമതി ടീച്ചറുടെ ചരിത്ര സൂചനകളുള്ള ഒരു പ്രസംഗത്തിലെ ഒരൊറ്റ വരി മാത്രം അടര്‍ത്തിയെടുത്ത് അത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന മട്ടില്‍ നടക്കുന്ന പ്രചരണത്തെ നിന്ദ്യമെന്നല്ലാതെ പറയാന്‍ വാക്കില്ല.

ക്ഷേത്ര ദര്‍ശന സമയത്തു പോലും മാറുമറയ്ക്കാന്‍ അനുവാദമില്ലാതിരുന്ന ഒരു ചരിത്ര സന്ദര്‍ഭത്തെയാണവര്‍ കൃത്യമായി അടയാളപ്പെടുത്തിയത്. ഈറനുടുത്ത് ക്ഷേത്ര ദര്‍ശനത്തിനു പോകണമായിരുന്നു പണ്ട്. ക്ഷേത്രനടയില്‍ മാര്‍ച്ചേല വലിച്ചു കീറിയ സംഭവങ്ങളും ചരിത്രത്തിലുണ്ട്.അതു പറയുമ്പോള്‍, ചരിത്രം വായിച്ചിട്ടില്ലാത്തവരല്ലാതെ ആരും ഉറഞ്ഞു തുള്ളാന്‍ വരില്ല. അജ്ഞത ഒരു കിരീടമാക്കി അതില്‍ അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്ര പുസ്തകങ്ങള്‍ വായിച്ചു പഠിക്കാന്‍ ശ്രമിക്കണം.

സ്വന്തം മുന്‍ഗാമികളുടെ ചെയ്തികള്‍ വെളിപ്പെട്ടു പോകുമ്പോഴുള്ള അങ്കലാപ്പാണ് ഇത്തരത്തിലുള്ള വൈകൃതങ്ങള്‍ക്ക് സംഘപരിവാറുകാരെ പ്രേരിപ്പിക്കുന്നത്. ചരിത്രത്തെ ഭയക്കുന്ന ഭീരുക്കളെന്നാകും നിങ്ങളെ കാലം അടയാളപ്പെടുത്തുക. അറിവില്ലായ്മകളുടെ മേല്‍ അടയിരുന്നു നുണകള്‍ വിരിയിച്ചെടുക്കുന്നതിന് കാലം നിങ്ങളോട് കണക്കു ചോദിക്കാതിരിക്കില്ല.

(ഈ പ്രസംഗം മുഴുവന്‍ കേള്‍ക്കാത്തവര്‍ കമന്റിടാന്‍ വരരുതെന്നഭ്യര്‍ഥിക്കുന്നു)