‘കൊയ്യില്ലീവിള മറ്റാരും’എന്ന് പ്രഖ്യാപിച്ച കരുത്തിന്റെ കവി ഇടശ്ശേരി യുടെ ഓർമ്മദിനം

ദളിതനെ മനുഷ്യനായി അവതരിപ്പിച്ച മലയാള സാഹിത്യത്തിലെ ആദ്യസൃഷ്ടിയായിരുന്നു ‘ദുരവസ്ഥ’ അതിന് ശേഷം ആശാൻ തന്നെ “നെല്ലിൻചുവട്ടിൽ മുളക്കും കാട്ടു പുല്ലല്ല സാധുപ്പുലയൻ” എന്ന് പറയുന്നൊരു പുലയനെ സൃഷ്ടിക്കുകയും “ചണ്ഡാലിതൻ മെയ് ദ്വിജൻറെ ബീജേപിണ്ഡത്തിന് ഊഷരമാണോ” എന്ന വലിയ ചോദ്യമുന്നയിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് ചങ്ങമ്പുഴയിലെത്തുമ്പോൾ താൻ നട്ട് നനച്ചു വളർത്തിയ കുല പാകമാകുമ്പോൾ വെട്ടിക്കൊണ്ടുപോകുന്ന ജന്മിക്കുമുൻപിലുള്ള പുലയൻറെ നിസഹായത ‘വഴക്കുല’യിൽ വരച്ചിടുന്നതോടോപ്പം ‘ഇതിനൊക്കെ പ്രതികാരം ചെയ്യതടങ്ങുമോ, പതിതരെ നിങ്ങൾതൻ പിന്മുറക്കാർ?’ എന്ന ചോദ്യവും കവിഉന്നയിക്കുന്നുണ്ട് കേരള നവോത്ഥാനത്തോടൊപ്പം ആശാനിൽനിന്നും ആരംഭിച്ച സാഹിത്യത്തിലെ ഈ നവോത്ഥാനവും ഇടശ്ശേരിയിലെത്തുമ്പോൾ താൻ വിതച്ച് വളർത്തിയ വിളകൊയ്യാൻ വരുന്ന ജന്മിയോട് ‘കൊയ്യില്ലീവിള മറ്റാരും’എന്ന് പ്രഖ്യാപിക്കുന്ന പുലയനിലേക്കെത്തുന്നു.

എല്ലുറപ്പുള്ള കവിതയെന്നാണ് ഇടശ്ശേരിക്കവിതയെ വിശേഷിപ്പിക്കാറ്. ഇടശ്ശേരി ഗോവിന്ദന്‍നായരെ ശക്തിയുടെ കവിയെന്നും. ലളിതസുന്ദരകാന്തപദാവലികളുടെ മഞ്ഞണിപ്പൂനിലാവില്‍ കുളിച്ചുനിന്ന കവിതയെ ജീവിതത്തിന്റെ പരുക്കന്‍ നേരുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി,കാല്പനികതയെ രാഷ്ട്രീയത്തോടും ജീവിതത്തോടും കൂട്ടിയിണക്കുകയായിരുന്നു ഇടശ്ശേരി.

1906 ഡിസംബര്‍ 23ന് കുറ്റിപ്പുറത്ത് ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെയും പി. കൃഷ്ണക്കുറുപ്പിന്റെയും മകനായി, തകര്‍ന്ന നായര്‍ത്തറവാട്ടില്‍, ദാരിദ്ര്യത്തിന്റെ നടുവില്‍ ജനനം. 12-ാം വയസ്സു മുതല്‍ കവിതയെഴുതുമായിരുന്നു. 14-ാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ പഠനം നിന്നു. പിന്നെ കുടുംബം പോറ്റാന്‍ ഗുമസ്തപ്പണിക്കിറങ്ങി. പലേടത്തും കറങ്ങി, ഒടുവില്‍ വക്കീല്‍ ഗുമസ്തനായി, ജീവിതാന്ത്യം വരെ. 1938-ല്‍ വിവാഹം. 1974 ഒക്ടോബര്‍ 16ന് ഇടശ്ശേരി അന്തരിച്ചു.

സ്വന്തമായ കവിതാസരണി വെട്ടിത്തുറന്നു ഇടശ്ശേരി. ‘എനിക്കിതേ വേണ്ടൂ പറഞ്ഞുപോകരു/ തിതുമറ്റൊന്നിന്റെ പകര്‍പ്പെന്നു മാത്രം’ (എന്റെ പുരപ്പണി) എന്നദ്ദേഹം എഴുതിയിട്ടുണ്ട്. നാട്ടിന്‍പുറവും ദാരിദ്ര്യവും പുരനിറഞ്ഞ പെണ്ണും കറുത്ത ചെട്ടിച്ചികളെപ്പോലെ വരുന്ന വര്‍ഷമേഘങ്ങളും കുഞ്ഞനുജനെപ്പോറ്റാന്‍ വഴിതെറ്റിപ്പോയി ആര്‍ക്കും വേണ്ടാതാവുന്ന പെങ്ങളും മകന്റെ വാശിക്കു കീഴടങ്ങുന്ന അച്ഛനും ഇഷ്ടപ്പെട്ട ഉണ്ണിയെത്തേടിയലയുന്ന പൂതവും മില്ലു വന്നപ്പോള്‍ ഉപജീവനമാര്‍ഗം നഷ്ടമായ നെല്ലുകുത്തുകാരിപ്പാറുവും, ‘ഞാനീ കറുത്തൊരു നീറ്റില്‍ മുങ്ങി കാണാതെയാമ്പോള്‍ കരയുമോ നീ’ എന്നുപറഞ്ഞ് ആത്മഹത്യ ചെയ്യുന്ന ചേച്ചിയും…. അങ്ങനെ എത്രയെത്ര ദീപ്തചിത്രങ്ങള്‍! ആരും പറയാത്തവ! പറയണമെന്നു തോന്നാത്തവ!

പുത്തന്‍കലവും അരിവാളും, പണിമുടക്കം എന്നീ രണ്ടു കവിതകളിലൂടെ വിപ്ലവത്തിന്റെ അതിശക്തമായ സന്ദേശമാണ് ഇടശ്ശേരി മലയാളത്തിനു നല്കിയത്. അധികാരമാദ്യം കൊയ്യണമെന്ന് മനസ്സിലാക്കുന്ന കോമന്‍, മുതലാളി കുഞ്ഞുണ്ടാവാന്‍ ദാനംനല്കിയ പായസം ആര്‍ത്തിയോടെ കഴിച്ച് അതിസാരം വന്നു മരിച്ച മക്കളെയോരോരുത്തരെ കുഴിയിലടക്കുന്ന രാമന്‍ – കുഴിവെട്ടിമൂടുക വേദനകള്‍ കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍ എന്നു കവി പ്രഖ്യാപിക്കുന്നു.

കുട്ടികള്‍ക്കേറെയിഷ്ടപ്പെട്ട പൂതപ്പാട്ട്, കുറ്റിപ്പുറം പാലം, കാവിലെപ്പാട്ട്, വിവാഹസമ്മാനം, കല്യാണപ്പുടവ, പെങ്ങള്‍, മകന്റെ വാശി, നെല്ലുകുത്തുകാരിപ്പാറുവിന്റെ കഥ, അങ്ങേ വീട്ടിലേക്ക്, തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍, ബിംബിസാരന്റെ ഇടയന്‍ തുടങ്ങിയ കവിതകളെല്ലാം ക്ലാസിക്കുകള്‍.

സ്വാതന്ത്ര്യസമര കാലത്ത് ദേശീയപ്രസ്ഥാനത്തിലുണ്ടായിരുന്ന ഇടശ്ശേരി, പിന്നീട് രാഷ്ട്രീയം വിട്ട് മാനവികതയുടെ വക്താവായി. ‘കൂട്ടുകൃഷി’ നാടകം കാര്‍ഷികകേരളത്തിന്റെ കഥതന്നെയാണ്. യന്ത്ര, നഗര സംസ്‌കാരത്തോട് എന്നും വിപ്രതിപത്തി പുലര്‍ത്തി കവി, അതിനകത്തെ അമാനവികത തന്നെ ഹേതു.

കൂട്ടുകൃഷി, പുത്തന്‍കലവും അരിവാളും എന്നിവ മദ്രാസ് സര്‍ക്കാറിന്റെ പുരസ്‌കാരങ്ങള്‍ നേടി. ‘ഒരുപിടി നെല്ലിക്ക’ 1969-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടി. ‘കാവിലെപ്പാട്ടി’ന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.