കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; സര്‍വീസുകള്‍ നിര്‍ത്തിവച്ചു

തലസ്ഥാന നഗരത്തിന് പിന്നാലെ കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം. ഇതോടെ മിക്ക ഡിപ്പോകളില്‍ നിന്നും സര്‍വീസ് നിര്‍ത്തിവച്ചു.

റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ സമരം. വിഷയത്തില്‍ സംയുക്ത തൊഴിലാളി യൂണിയന്‍ ആദ്യം തിരുവനന്തപുരത്ത് തുടങ്ങിയ സമരം മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലാണ് ഇവര്‍ സമരം നടത്തിയത്. തിരുവനന്തപുരത്ത് യൂണിയന്‍ നടത്തിയ ഉപരോധസമരത്തില്‍ സംഘര്‍ഷമുണ്ടായി. സമരക്കാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് സംഘര്‍ഷത്തിലെത്തിയത്. ഇതോടെയാണ് സമരം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചത്.

ഇതോടെ കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുളള പരിശീലനം മുടങ്ങി. പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ ഗതാഗതമന്ത്രി ട്രേഡ് യൂണിയനുകളുമായി ഇന്ന് ചര്‍ച്ച നടത്തുമെന്ന് പറഞ്ഞിരുന്നു.