മേം ഹിന്ദി മാലൂം നഹീം …തര്‍ജമ ചെയ്ത വി മുരളീധരന്റെ മലക്കം മറിച്ചില്‍ പൊളിച്ചടുക്കി ഷാനി പ്രഭാകർ (വീഡിയോ)

സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. വലിച്ച് താഴെയിടും എന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് മുരളീധരന്‍ . മനോരമ ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയിലായിരുന്നു സംഭവം. സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്ന് മലയാളത്തില്‍ തര്‍ജമ ചെയ്തത് താങ്കളാണ് അങ്ങനെ തന്നെയല്ലേ താങ്കള്‍ ഉദ്ദേശിച്ചത് എന്ന് ചര്‍ച്ചക്കിടെ അവതാരക ചോദിച്ചു. വലിച്ച് താഴെയിടും എന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.

വലിച്ച് താഴെയിടും എന്ന പറഞ്ഞെന്നും വീഡിയോ കാണണോ എന്ന് അവതാരിക ചോദിക്കുകയും കാണണം എന്ന് വി മുരളീധരന്‍ മറുപടി പറയുകയും ചെയ്തു. തുടര്‍ന്ന് മുരളീധരന്റെ തര്‍ജമ സംപ്രേഷണം ചെയ്ത് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് വീണ്ടും ചോദിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ബിജെപി പ്രവര്‍ത്തകര്‍ നിങ്ങളുടെ സര്‍ക്കാരിനെ തുടച്ചുനീക്കും എന്നായിരുന്നു അമിത് ഷാ പ്രസംഗിച്ചത്.

ഇതിന്റെ തര്‍ജമയായി ‘1500 ല്‍ അധികം ഡിവൈഎഫ്ഐക്കാരെ വച്ച് ശബരിമലയിലെ അയ്യപ്പ ഭക്തന്‍മാരെ അടിച്ച് അമര്‍ത്താനുളള നീക്കങ്ങള്‍ നടത്തുന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ഞാന് താക്കീത് നല്‍കാന്‍ ആഗ്രഹിക്കുകയാണ് ഈ മര്‍ദ്ദന സമീപനം, ഈ അടിച്ചമര്‍ത്തല്‍ സമീപനവുമായിട്ടാണ് പോകുന്നതെങ്കില്‍ ഈ സര്‍ക്കാരിനെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്’.

തുടര്‍ന്ന് ഈ കാര്യത്തില്‍ തര്‍ക്കമില്ലല്ലോ എന്ന് ഷാനി പ്രഭാകറിന്റെ ചോദ്യത്തിന് തര്‍ക്കമുണ്ടല്ലോ മര്‍ദ്ദന സമീപനവുമായി മുന്നോട്ട് പോയാല്‍ ഈ സര്‍ക്കാരിനെ താഴെയിറെക്കും അതിലെന്താ തെറ്റ് വെറുതെയിരിക്കുന്ന സര്‍ക്കാരിനെയല്ല മര്‍ദ്ദന സമീപനവുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെ താഴെയിറക്കും അതിലെന്താണ് തെറ്റ് എന്നായി വാദം.

താഴെയിറക്കും എന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഇപ്പോള്‍ തെളിഞ്ഞല്ലോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ താഴെയിറക്കും എന്ന് പറഞ്ഞിട്ടില്ല എന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു. പ്രേക്ഷകര്‍ ഇത് കാണുന്നുണ്ടെന്നും താങ്കള്‍ പ്രധാനപ്പെട്ട് ഒരു രാഷ്ട്രീയ നേതാവാണെന്നും അവതാരിക ഓര്‍മപ്പെടുത്തുന്നുമുണ്ട്.