യുവാവിനെ കാറിനു മുന്നിലേക്ക് ചവിട്ടിയിട്ട ഡിവൈ.എസ്.പിക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുത്തു

റോഡരികിലെ കാർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ പാഞ്ഞുവന്ന മറ്റൊരു കാറിനു മുന്നിലേക്ക് ചവിട്ടിയിട്ട നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി. ഹരികുമാറിനെതിരേ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഒളിവിൽ പോയ ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല. കേസെടുത്തതോടെ ഇയാളെ സസ്പെൻഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. എൻ.ആർ.ഐ സെൽ എസ്.പി കെ.എസ്. വിമലാണ് അന്വേഷണം നടത്തുക.

നെയ്യാറ്റിൻകര കൊടങ്ങാവിള കാവുവിള വീട്ടിൽ സനലാണ് (32) ഡിവൈ.എസ്.പിയുടെ ക്രൂരതയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം. കേസന്വേഷണം നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് കൈമാറിയതായി റൂറൽ എസ്.പി പി. അശോക് കുമാർ പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടുമെന്നതാണ് സർക്കാർ നയമെന്നതിനാൽ ഡിവൈ.എസ്.പിയുടെ പണി പോവുമെന്ന് ഉറപ്പായി.

ഡിവൈ.എസ്.പി ഹരികുമാർ ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടിൽ പോയി മടങ്ങിയപ്പോഴായിരുന്നു സംഭവം. തന്റെ സ്വകാര്യ കാർ ഡിവൈ.എസ്.പി റോഡരികിൽ പാർക്ക് ചെയ്‌തിരുന്നു. ഇതിനടുത്തായി സനൽ തന്റെ കാർ പാർക്ക് ചെയ്‌തിരുന്നു. കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയ ഡിവൈ.എസ്.പിയും സനലും തമ്മിൽ ഇതു സംബന്ധിച്ച് വാക്കുതർക്കമുണ്ടായി. മഫ്‌തിയിലായതിനാൽ ഡിവൈ.എസ്.പിയെ സനൽ തിരിച്ചറിഞ്ഞില്ല.

നാട്ടുകാർ നോക്കിനിൽക്കെ സനലിനെ ഡിവൈ.എസ്.പി മർദ്ദിച്ച് അവശനാക്കി. ഇരുകൈകളും പിടിച്ചുതിരിച്ചശേഷം റോഡിലേക്ക് ചവിട്ടി തള്ളിയപ്പോഴാണ് അതുവഴി വന്ന കാറിനടിയിൽപ്പെട്ട് സനലിന് ഗുരുതരമായി പരിക്കേറ്റത്. റോഡിൽ കിടന്ന സനലിനെ ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാതിരുന്ന ഡിവൈ.എസ്.പിയെ ബിനു കാറിൽ കയറ്റി രക്ഷപ്പെടുത്തിയെന്ന് നാട്ടുകാർ പറയുന്നു. നെയ്യാറ്റിൻകര എസ്.ഐയെത്തി സനലിനെ ആംബുലൻസിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ കുഴഞ്ഞു വീണപ്പോഴാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം സനലിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി.

മൃതദേഹവുമായി നാട്ടുകാർ മൂന്നുകല്ലുംമൂട് ജംഗ്ഷനിൽ രണ്ടുമണിക്കൂറോളം റോഡ് ഉപരോധിച്ചു. ഡി.ജി.പിയും കളക്ടറും സ്ഥലത്തെത്തണമെന്നായിരുന്നു ആവശ്യം. വൈകിട്ട് ആറോടെ നെടുമങ്ങാട് ആർ.ഡി.ഒ സ്ഥലത്തെത്തി അനുനയചർച്ച നടത്തി. സനലിന്റെ ഭാര്യയ്‌ക്ക് ജോലിയും നഷ്ടപരിഹാരവും നൽകണമെന്നും ഡിവൈ.എസ്.പിക്കെതിരേ കർശന നടപടിയെടുക്കണമെന്നും സർക്കാരിന് ശുപാർശ നൽകുമെന്ന് ആർ.ഡി.ഒ രേഖാമൂലം എഴുതി നൽകിയതിനെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. ആറരയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിച്ചു.

ബി.ജെ.പി, കാമരാജ് കോൺഗ്രസ്, വി.എസ്.ഡി.പി എന്നീ സംഘടനകൾ നെയ്യാറ്റിൻകര താലൂക്കിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. മരിച്ച സനൽ ഇലക്ട്രിഷ്യനാണ്. ഭാര്യ വിജി. എബി, ആൽബിൻ എന്നിവർ മക്കളാണ്.

എന്നാൽ തമിഴ്നാട്ടിലേക്കുള്ള ദേശീയപാത ഉപരോധിച്ച ഹർത്താൽ അനുകൂലികളായ ആയിരത്തോളം പേർക്കെതിരേ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അന്യായമായി സംഘംചേർന്ന് ഗതാഗതം തടഞ്ഞതിനാണ് കേസ്.