‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥ തിരികെ വേണം; ചർച്ച വേണ്ട :വിട്ടുവീഴ്ചക്ക് തയ്യാറാകാതെ എം.ടി.

READ IN ENGLISH: Randamoozham: M T adamant on his stand that script should be returned

‘രണ്ടാമൂഴം’ എന്ന ചിത്രത്തിന് വേണ്ടി താൻ എഴുതിയ തിരക്കഥ തിരികെ വേണമെന്ന നിലപാട് കടുപ്പിച്ച് എം.ടി. വാസുദേവൻ നായർ. ‘ചർച്ചയ്ക്ക് ഞാൻ തയ്യാറല്ല. സിനിമയുടെ ചിത്രീകരണം തുടങ്ങാത്ത വേളയിൽ ചർച്ച ചെയ്യുന്നതിന് പ്രസക്തിയില്ല.’- എം.ടി. കോടതിയിൽ അറിയിച്ചു.എം.ടി. നൽകിയ കേസ് പരിഗണിക്കുന്നത് കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി ഈ മാസം പതിനാലാം തീയതിയിലേക്ക് മാറ്റി.

താനുമായി ഉണ്ടാക്കിയ കരാർ ലംഘിച്ചതിനാലാണ്, സിനിമയുടെ ഹിന്ദി, ഇംഗ്ലീഷ് എന്നീ പതിപ്പുകൾ നിർമ്മിക്കാനായി താൻ എഴുതി നൽകിയ തിരക്കഥ തിരികെ ചോദിക്കുന്നതെന്നു എം.ടി. മുൻപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോനും, നിർമ്മാതാക്കളായ എർത്ത് ആൻഡ് എയർ എന്റർടൈൻമെന്റുമാണ് തർക്കത്തിൽ എതിർകക്ഷികൾ. തിരക്കഥ തിരികെ വേണമെന്നും താൻ തിരക്കഥ എഴുതിയതിനു മുൻകൂറായി വാങ്ങിയ പണം തിരികെ നൽകാമെന്നും നേരത്തെതന്നെ എം.ടി. വ്യക്തമാക്കിയിരുന്നു. കേസിന്റെ വാദത്തിനിടെയാണ് ആർബിട്രേറ്ററെ വെച്ച് വിട്ടുവീഴ്ചക്ക് ശ്രമിക്കാം എന്ന നിർദ്ദേശം സംവിധായകൻ മുന്നോട്ട് വച്ചത്. ഇതിനെതിരെയുള്ള തന്റെ തീരുമാനമാണ് എം.ടി. ഇപ്പോൾ കോടതിയെ അറിയിച്ചിരിക്കുന്നത്.

‘പദ്ധതി തുടങ്ങാത്തതിനാൽ ആർബിട്രേറ്ററെ വെച്ച ചർച്ച ചെയ്യേണ്ട യാതൊരു കാര്യവുമില്ല. എനിക്ക് തന്ന കരാർ ഇപ്പോൾ ലംഘിച്ചിരിക്കുകയാണ്.’ തിരക്കഥ കൈമാറി 3 വർഷത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും എന്നായിരുന്നു എം.ടിക്ക് നൽകിയ കരാർ. എന്നാൽ 4 വര്ഷം കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങിയില്ല. അതിനാലാണ് തിരക്കഥ തിരികെ ആവശ്യപ്പെട്ടു കോടതിയിൽ കേസ് കൊടുക്കാൻ എം.ടി. തീരുമാനിക്കുന്നത്.