നവംബർ 7: കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകൃതമായ ദിനം

സുരേഷ്. സി.ആർ

നവംബർ 7: കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകൃതമായി 

നവംബർ 7: 20-ാം നൂറ്റാണ്ടിനെ സ്വാധീനിച്ച, റഷ്യൻ വിപ്ലവം വിജയിച്ച ദിനം

ഇൻഡ്യൻ കമ്യൂണിസ്റ്റ് പാർടിയിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ പ്രധാനമായും മൂന്നു കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

1. നെഹ്റു ഗവൺമെന്റിനെ വിലയിരുത്തുന്ന കാര്യത്തിലും അതിനെ ആസ്പദമാക്കി വിപ്ലവത്തിന്റെ മൗലികതന്ത്രം, അതനുസരിച്ച് അംഗീകരിക്കേണ്ട അടവുകൾ എന്നിവ ഉൾക്കൊള്ളുന്ന പാർട്ടി പരിപാടിയും രാഷ്ട്രീയപ്രമേയവും.

2. ഇന്ത്യാ-ചൈനാ തർക്കപ്രശ്നം പരിഹരിക്കേണ്ടത് സമാധാനപരമായോ യുദ്ധത്തിലൂടെയോ.

3. ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നേരിടുന്ന പ്രശ്നങ്ങളിൽ സോവിയറ്റ് പാർടിയുടേതിൽനിന്നും ചൈനീസ് പാർടിയുടേതിൽനിന്നും സ്വതന്ത്രമായ നിലപാട് അംഗീകരിക്കണമോ അതോ സോവിയറ്റ് പാർടിയുടെ നിലപാട് അതേപടി ശരിവയ്ക്കണമോ.

ഈ ആശയപ്രശ്നങ്ങളിൽ ഉടലെടുത്ത് പാർടിയിൽ ശക്തമായി നിലനിന്ന ഉൾപാർട്ടി സമരത്തിന്റെ ഭാഗമായി 1964 ഏപ്രിലിൽ നാഷ്ണൽ കൗൺസിലിൽനിന്ന്32 സഖാക്കളുടെ ഇറങ്ങിപ്പോക്കിൽ കലാശിച്ചിരുന്നു.  അതിനു ശേഷം അവർ വിളിച്ചുകൂട്ടിയ തെനാലി കൺവെൻഷൻ ഏഴാം പാർടി കോൺഗ്രസ് സംഘടിപ്പിക്കുന്നതിന് അടിത്തറ പാകി.

1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കത്തയിൽ ചേർന്ന ഏഴാം പാർടി കോൺഗ്രസ് പാർടി പരിപാടിയും ഭരണഘടനയും അംഗീകരിച്ചു. അടിയന്തര കടമകൾ സംബന്ധിച്ച രാഷ്ട്രീയ പ്രമേയത്തിന് പുറമെ റിവിഷനിസത്തിന് എതിരായ പോരാട്ടം സംബന്ധിച്ച രാഷ്ട്രീയ റിപ്പോർട്ടും അംഗീകരിച്ചു.ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു സിപിഐ (എം) ന്റെ രൂപീകരണം.

പി സുന്ദരയ്യ (ജനറൽ സെക്രട്ടറി), ഇ എം എസ്, എം ബസവപുന്നയ്യ, ജ്യോതി ബസു, എ കെ ജി, പ്രമോദ് ദാസ് ഗുപ്ത, പി രാമമൂർത്തി, ഹർകിഷൻ സിംഗ് സുർജിത്, ബി ടി രണദിവെ എന്നിവരായിരുന്നു ആദ്യ പോളിറ്റ് ബ്യൂറോ അംഗങ്ങൾ.

നവംബർ 7: 20-ാം നൂറ്റാണ്ടിനെ സ്വാധീനിച്ച, റഷ്യൻ വിപ്ലവം വിജയിച്ച ദിനം

ലോകചരിത്രത്തിലാദ്യമായി തൊഴിലാളിവർഗം അധികാരം സ്ഥാപിച്ചു എന്നതാണ് റഷ്യൻ വിപ്ലവത്തിന്റെ ഏറ്റവും വലിയ നേട്ടം. അതോടൊപ്പം മൂന്നാം ലോകരാജ്യങ്ങളുടെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്ക് ശക്തി പകരാനും സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ നിലനിൽപ്പിനും സോവിയറ്റ് യൂണിയൻ വഹിച്ച പങ്ക് വളരെ വലുതാണ്‌.

ഭരണനിർവഹണത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്താനും ശാസ്ത്ര സാങ്കേതിക രംഗത്തെ കുറിച്ചുചാട്ടത്തിനും കലയുടെയും സംസ്കാരത്തിന്റെയും ഉന്നതിക്കും വെളിച്ചം പകർന്നു.

വർഗവ്യത്യാസം പ്രകടമായിരുന്ന റഷ്യയിൽ ഭൂവുടമകളുടെയും ഉദ്യോഗസ്ഥരുടെയും മേധാവിത്തവും അഴിമതിയും നിറഞ്ഞ സാർ വാഴ്ചയാണ് വിപ്ലവത്തിന് അരങ്ങൊരുക്കിയത്. സാമൂഹികവും സാമ്പത്തികവുമായി കർഷകർ അടിച്ചമർത്തപ്പെട്ടു. കർഷകത്തൊഴിലാളികൾ നികുതി ഭാരത്താൽ വലയുകയും ചെയ്തു. ഫാക്ടറികളിൽ ദയനീയമായ സാഹചര്യത്തിൽ രാപകൽ പണിയെടുത്ത തൊഴിലാളികൾക്ക് ചുരുങ്ങിയ കൂലി മാത്രം ലഭിച്ചു. തൊഴിലാളി സംഘടനാപ്രവർത്തനം നിയമവിരുദ്ധവുമായിരുന്നു. വിപ്ലവം എന്ന ആശയം വേരുപിടിക്കാൻ തുടങ്ങിയത് ഈ സാഹചര്യത്തിലാണ്.

1917 ഏപ്രിൽ 16-ന് പത്തു വർഷമായി രാജ്യത്തിനു പുറത്തായിരുന്ന ലെനിന്റെ തിരിച്ചുവരവ് തൊഴിലാളികൾക്ക് ആവേശമായി.

ഏപ്രിൽ 17-ന് തൊഴിലാളികളുടെ സോവിയറ്റുകൾക്ക് അധികാരം കൈമാറണം എന്നാവശ്യപ്പെടുന്ന ‘ഏപ്രിൽ തീസിസ്’ ലെനിൻ പ്രസിദ്ധീകരിച്ചു.

ജൂലൈ 16-ന് ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് കലാപത്തെ അലക്സാണ്ടർ കെറൻസ്കിയുടെ താൽക്കാലിക സർക്കാർ അടിച്ചമർത്തി.

1917 നവംബർ 6-ന് രാത്രി (റഷ്യൻ കലണ്ടറനുസരിച്ച് ഒക്ടോബർ 24 രാത്രി) ലെനിന്റെ ആഹ്വാനം കേട്ടുണർന്ന തൊഴിലാളികളും, ലിയോൺ ട്രോട്സ്കി നയിച്ച ബോൾഷെവിക് പടയാളികളും, കർഷകരും, നാവികരും, പെട്രോഗാഡിലേക്ക് ഇരച്ചുകയറി മന്ത്രിസഭാംഗങ്ങളെ തടവുക്കാരാക്കി.
നവംബർ 7- ന് വിപ്ലവം ജയിച്ചതോടെ തൊഴിലാളിവർഗ ഭരണകൂടത്തിന്റെ പിറവി ലെനിൻ പ്രഖ്യാപിച്ചു.

സോവിയറ്റുകളുടെ സമ്മേളനം വിളിച്ചുകൂട്ടിയ ലെനിൻ ഭൂമി, ബാങ്കുകൾ, ഗതാഗതം, വ്യവസായം എന്നിവയെല്ലാം ദേശസാത്കരിച്ചു. കൃഷിയിടങ്ങൾ ഭൂവുടമകളിൽ നിന്നും പിടിച്ചെടുത്ത് കർഷകർക്കു നൽകുക, ഫാക്ടറികളിലെ ഉൽപ്പാദന നിയന്ത്രണം മുതലാളിമാരിൽനിന്നും പിടിച്ചെടുത്ത് തൊഴിലാളി സമിതികൾക്കു (സോവിയറ്റുകൾക്ക്) നൽകുക, ജർമനിയുമായി സന്ധി ചെയ്ത് ഒന്നാം ലോകയുദ്ധത്തിൽനിന്നും പിൻവാങ്ങുക –ഇതായിരുന്നു ലെനിൻ സമ്മേളനത്തിനു മുന്നിൽ സമർപ്പിച്ച അടിയന്തിര പ്രമാണങ്ങൾ.വിപ്ലവാനന്തരം ബോൾഷെവിക് പാർടിയുടെ പേര് കമ്യൂണിസ്റ്റ് പാർട്ടിയെന്നു മാറ്റി.

ഉല്പാദനശക്തികളെ കെട്ടഴിച്ചുവിടുന്നതിനും എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേമാനുകൂല്യം എത്തിക്കുന്നതിനും ഫാസിസത്തെ ചെറുത്തു തോല്പിക്കുന്നതിനും സോഷ്യലിസത്തിനുള്ള അപാരമായ സാധ്യതയും 74 വർഷം നിലനിന്ന സോവിയറ്റ് ഭരണം കാട്ടിത്തന്നു.
സോവിയറ്റ് യൂണിയൻ ശിഥിലമായെങ്കിലും ഒക്ടോബർ വിപ്ലവത്തിന്റെ പ്രഭ മങ്ങില്ല.