ദൈവം ഋതുമതിയായ സ്ത്രീക്കും അവകാശപ്പെട്ടതാണ് എന്നെഴുതിയത് എഴുത്തച്ഛനാണെന്ന് മുഖ്യമന്ത്രി

ദൈവം ബ്രാഹ്മണന് എത്രത്തോളം അവകാശപ്പെട്ടതാണോ അത്രത്തേോളം അവകാശപ്പെട്ടതാണ് ഋതുമതിയായ സ്ത്രീക്കും എന്നെഴുതിയ എഴുത്തച്ഛനെ തിരുത്താൻ ഹിന്ദു വർഗ്ഗീയ വാദികൾ ശ്രമിക്കുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂർ ക്ഷേത്രപ്രവേശന സ്‌മാരകവും സി.സി.ടിവി കാമറകളുടെ പ്രവർത്തനോദ്‌ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം എഴുത്തച്ഛൻ പുരോഗമനപരമാണ് കാര്യങ്ങളെ കണ്ടത്. അനാചാരത്തെ ഉറപ്പിക്കാനുള്ളതല്ല വിശ്വാസം . ആചാരങ്ങൾ മാറ്റാനും പരിഷ്‌കരിക്കാനും മുന്നിലുണ്ടായിരുന്നത്‌ വിശ്വാസികളായിരുന്നു. അനാചരങ്ങൾ മാറ്റാനുളള ഊർജ്ജമായിരുന്നു അവർക്ക്‌ വിശ്വാസം എന്നത്‌ നാം മറന്നുകൂടെന്നും പിണറായി പറഞ്ഞു. .

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി കസ്‌തൂർബ ഗാന്ധിയും രാജഗോപാലാചാരിയും പൊന്നാനി താലൂക്കിലുടനീളം ജനങ്ങളെ ബോധവത്കരിക്കാൻ പരിശ്രമിച്ചു. ഇന്ന്, ആചാരമാണ്‌, വിശ്വാസമാണ്‌ മാറ്റാൻ പാടില്ല എന്ന്‌ പറയുന്നവർ ഇവരെക്കുറിച്ചും ഓർക്കണം. അക്കാലത്ത്‌ കോൺഗ്രസ് നേതൃത്വം കൈക്കൊണ്ട നിലപാട്‌ ഇപ്പോൾ എടുക്കാൻ ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തിന്‌ കഴിയുന്നുണ്ടോ എന്ന കാര്യത്തിൽ ആത്മപരിശോധന നടത്തണമെന്നും പിണറായി പറഞ്ഞു. .

കെ. കേളപ്പൻ ഉൾപ്പെടെയുള്ളവർ ഗുരുവായൂർ ക്ഷേത്രം തകരട്ടെ എന്ന്‌ കരുതിയല്ല ഗുരുവായൂർ സത്യാഗ്രഹം നടത്തിയത്‌. ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ജനതയുടെ അവകാശത്തിന്‌ വേണ്ടിയായിരുന്നു സമരം. സമൂഹത്തിന്‌ നിഷേധിക്കപ്പെട്ട അവകാശം സ്ഥാപിച്ചെടുക്കാനായിരുന്നു അത്‌. സത്യാഗ്രഹത്തിന്റെ അവസാനകാലത്തും അവർണരുടെ ക്ഷേത്രപ്രവേശനം സാദ്ധ്യമായില്ല. പക്ഷെ സാമൂഹ്യ അവബോധത്തിൽ മാറ്റം ഉണ്ടായി.

ഇത്തരം മാറ്റങ്ങൾക്കെതിരെ എക്കാലത്തും യാഥാസ്ഥിതിക വിഭാഗം രംഗത്ത്‌ വന്നിട്ടുണ്ട്‌. എന്നാൽ ഇവരുടെ അട്ടിപ്പേറെടുക്കാൻ ഒരു രാഷ്‌ട്രീയ പ്രസ്ഥാനം തയ്യാറായില്ല. കാരണം സമൂഹത്തിന്‌ വേണ്ടിയാണ്‌ രാഷ്‌ട്രീയപ്രസ്ഥാനങ്ങൾ നിലകൊളളുന്നത്‌. എന്നാൽ അന്നത്തെ യാഥാസ്ഥിതിക വിഭാഗത്തിന്റെ അട്ടിപ്പേറെടുക്കുന്നവരാണ്‌ ഇന്ന്‌ മാറ്റങ്ങൾ പാടില്ല എന്ന്‌ പറയുന്നത്‌. ഇത്തരക്കാരുടെ സ്ഥാനം ചരിത്രത്തിൽ എവിടെയാണ്‌ എന്ന്‌ അന്വേഷിച്ചാൽ മനസിലാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.