ബിന്ദുവിനെ ഉപദ്രവിക്കുന്ന മേലാളബോധത്തെ കണ്ടില്ലെന്നു നടിക്കരുത്: ശാരദക്കുട്ടി

സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച് പോലീസ് സുരക്ഷ നല്കാതിരുന്നതിനാൽ പിൻവാങ്ങിയ അധ്യാപിക ബിന്ദു തങ്കം കല്യാണി നേരിടുന്നത് വെറും ഭീഷണിയല്ല. നേരിട്ടുള്ള ആക്രമണമാണ്. കല്ലും വടിയും ആയുധവും നാവുമുപയോഗിച്ചുള്ള ആക്രമണമാണ്.അത് ഒരേ സമയം ശാരീരികവും മാനസികവും ജാതീയവും സ്ത്രീപരവുമാണെന്ന് .ഡോ.എസ്.ശാരദക്കുട്ടി. വീടിനു പുറത്തിറങ്ങാൻ അനുവദിക്കാതെ, തൊഴിലിനു പോകാൻ അനുവദിക്കാതെ അവരെ ഉപദ്രവിക്കുന്ന മേലാളബോധത്തെ കണ്ടില്ലെന്നു നടിക്കുമ്പോൾ നമ്മുടെ പുരോഗമന മുദ്രാവാക്യങ്ങൾ വെറും കടലാസു വാക്യങ്ങൾ മാത്രമാകുകയാണ്.അത് അങ്ങേയറ്റം പുരുഷപരവും ജാതിബദ്ധവും ആവുകയാണ്. നവോത്ഥാനമെന്ന വാക്കുച്ചരിക്കാനുള്ള നമ്മുടെ അർഹതയാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്എന്ന് ശാരദക്കുട്ടി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ബിന്ദു തങ്കം കല്യാണി താൻ താമസിക്കുന്ന സ്ഥലത്തും പഠിപ്പിക്കുന്ന സ്കൂളിലും ആർത്തവ ലഹളക്കാരാൽ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് ജോലി ചെയ്തു വന്നിരുന്ന ബിന്ദു അഗളി ഗവൺമെന്റ് സ്കൂളിലേക്ക് മാറിയതറിഞ്ഞ് ആർത്തവ ലഹളക്കാർ നാമജപ സമരവുമായി സ്‌കൂളിൽ എത്തിയിരുന്നു. ഇതിനു പിന്നാലെ ക്ലാസ് മുറികളിലും ചില വിദ്യാർത്ഥികളെക്കൊണ്ട് പ്രശ്നമുണ്ടാക്കിച്ചു. ക്ലാസിൽ ചെല്ലുമ്പോൾ വിദ്യാർത്ഥികൾ കൂക്കിവിളികളും ശരണം വിളികളുമായി ശല്യം ചെയ്യുകയായിരുന്നു.

ഇന്നലെ പകൽ അഗളി അയ്യപ്പക്ഷേത്രത്തിൽ നിന്നും അഗളി സ്‌കൂളിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും സ്‌കൂളിലെത്തി കുട്ടികളെ കൂടി വിളിച്ചിറക്കി സ്‌കൂളിൽ സംഘർഷമുണ്ടാകാൻ നടത്തിയ ശ്രമം സ്‌കൂൾ ഗെയ്റ്റ് പൂട്ടി കുട്ടികളെ പുറത്തിറക്കാതെ പോലീസ് തടഞ്ഞു.എന്നിട്ടും 12 കുട്ടികൾ നാമജപവിവരദോഷികളുടെ ആഹ്വാനപ്രകാരം പുറത്തിറങ്ങിയെങ്കിലും പരീക്ഷയെഴുതിപ്പിക്കില്ല എന്ന് പ്രിൻസിപ്പാൾ മുന്നറിയിപ്പ് കൊടുത്തതിനാൽ പിൻവാങ്ങുകയായിരുന്നു.

സ്‌കൂളിൽ ആസൂത്രണം ചെയ്ത അക്രമം പരാജയപ്പെട്ട നിരാശയിൽ ആർത്തവ ലഹളക്കാർ വീണ്ടും രാത്രി താമസസ്ഥലത്ത് കൊലവിളിയുമായി എത്തിയിരുന്നു.രാജ്യത്തെ പരമോന്നത നീതിപീഠം ഉറപ്പു വരുത്തിയ അവകാശത്തിൽ ശബരിമല ദർശനം നടത്താൻ ശ്രമിച്ചു എന്നതാണ് ബിന്ദു ടീച്ചർ ചെയ്തത്, അതിനവർ നൽകേണ്ടി വന്ന വില നാടും വീടും ജോലി സ്ഥലവും വിട്ട് പാലായനം ചെയ്യേണ്ടി വന്നു എന്നതാണ്.

ഒട്ടും സുരക്ഷിതമല്ല അവരുടെ അവസ്ഥ.ആദ്യം അവർ ജോലി ചെയ്തിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിലെ സ്കൂളിൽ നിന്ന് കലാപകാരികളുടെ വേട്ടയാടലിനെ തുടർന്ന് അട്ടപ്പാടി അഗളി ഗവൺമെന്റ് സ്കൂളിലേക്ക് സ്ഥലം മാറ്റം നടത്തേണ്ടി വരുകയും, ഇപ്പോൾ അഗളിയിലും കലാപകാരികളാൽ അവർ വേട്ടയാടപ്പെടുന്നു എന്നത്, ഈ ജനാധിപത്യ സമൂഹത്തിലെ സവർണതയുടെ ധിക്കാരമാണ്, ജനാധിപത്യ വിശ്വാസികൾ ഒരു കാരണവശാലും ഇത് അംഗീകരിച്ചു കൊടുക്കാൻ പാടില്ല.

ശാരദക്കുട്ടിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്:

ബിന്ദു Bindu Thankam Kalyani നേരിടുന്നത് വെറും ഭീഷണിയല്ല. നേരിട്ടുള്ള ആക്രമണമാണ്. കല്ലും വടിയും ആയുധവും നാവുമുപയോഗിച്ചുള്ള ആക്രമണമാണ്.അത് ഒരേ സമയം ശാരീരികവും മാനസികവും ജാതീയവും സ്ത്രീപരവുമാണ്. വീടിനു പുറത്തിറങ്ങാൻ അനുവദിക്കാതെ, തൊഴിലിനു പോകാൻ അനുവദിക്കാതെ അവരെ ഉപദ്രവിക്കുന്ന മേലാളബോധത്തെ കണ്ടില്ലെന്നു നടിക്കുമ്പോൾ നമ്മുടെ പുരോഗമന മുദ്രാവാക്യങ്ങൾ വെറും കടലാസു വാക്യങ്ങൾ മാത്രമാകുകയാണ്.അത് അങ്ങേയറ്റം പുരുഷപരവും ജാതിബദ്ധവും ആവുകയാണ്. നവോത്ഥാനമെന്ന വാക്കുച്ചരിക്കാനുള്ള നമ്മുടെ അർഹതയാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

എസ്.ശാരദക്കുട്ടി
13.11.2018