റിവ്യൂ ഹർജി: ആചാരസംരക്ഷണ വക്കീലിനോട് കോടതിയെ ഉപദേശിക്കേണ്ടന്ന് ചീഫ് ജസ്റ്റീസ്

ശബരിമല സ്ത്രീ പ്രവേശന കേസിലെ റിവ്യൂ ഹർജികൾ, തുറന്ന കോടതിയിൽ കേൾക്കണമെന്ന സുപ്രീംകോടതിനടപടിക്രമങ്ങൾക്ക് വിരുദ്ധമായ ആചാര സംരക്ഷണ ഫോറത്തിന്റെ ആവശ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തള്ളി. രാവിലെ റിട്ട് ഹര്‍ജികള്‍ പരിഗണിയ്ക്കുന്നതിനിടയില്‍ റിവ്യൂ ഹർജിയെക്കുറിച്ചുള്ള ഈ ആവശ്യം ഉന്നയിച്ച അഭിഭാഷകനെ കോടതി രൂക്ഷമായി വിമര്‍ശിയ്ക്കുകയും ചെയ്തു. ഫോറത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വി കെ ബിജുവാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇത്തരം കാര്യങ്ങളിൽ കോടതിയെ ഉപദേശിക്കേണ്ട കാര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 4 റിട്ട് ഹർജികളാണ് കോടതി പരിഗണിച്ചത്. 49 റിവ്യൂ ഹർജികൾ പകൽ 3 ന് ചേംബറിൽ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് പരിഗണിക്കും.

റിവ്യൂ ഹർജികൾ പരിഗണിക്കാമെന്ന് തീരുമാനിച്ചാൽ, തുറന്ന കോടതിയിൽ വാദം കേൾക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളിലും നിലപാട് വ്യക്തമാക്കി, കോടതി വൈകിട്ടോടെ ഉത്തരവിറക്കും. റിവ്യൂ ഹർജികൾ എല്ലാം തള്ളാനാണ് തീരുമാനം എങ്കിൽ, നാല് റിട്ടുകൾ പിന്നീട് വേറെ പരിഗണിക്കും

റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തിട്ടുള്ളതിനാൽ, റിട്ട് നിലനിൽക്കില്ലന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ജയ് ദീപ് ഗുപ്തയും വിജയ് ഹൻസാരിയയും ചൂണ്ടിക്കാണിച്ചു. റിട്ട് ഫയൽ ചെയ്തിട്ടുള്ളവർ റിവ്യൂ ഹർജികളും ഫയൽ ചെയ്തിട്ടുണ്ടെന്നും സംസ്ഥാനം കൂട്ടിച്ചേർത്തു.

ശബരിമല സ‌്ത്രീപ്രവേശവുമായി ബന്ധപ്പെട്ട നാല് റിട്ട‌് ഹർജികളും പരിഗണിയ്ക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചിരിയ്ക്കുകയാണ്. ചൊവ്വാഴ‌്ച രാവിലെ തന്നെ പരിഗണനയ്ക്കെടുത്ത കേസുകള്‍ എന്നേയ്ക്ക് എന്ന് വ്യക്തമാക്കാതെ മാറ്റുകയായിരുന്നു. റിവ്യു ഹര്‍ജികള്‍ പരിഗണിച്ച ശേഷമേ ഇനി ഇവയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ.ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച വിധിയ്ക്കെതിരെയുള്ള 49 റിവ്യു ഹര്‍ജികള്‍ ഉച്ച തിരിഞ്ഞു മൂന്നിന് കോടതി പരിഗണിയ്ക്കും.റിവ്യൂ പരിഗണിച്ച ശേഷം റിട്ട് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.