ശബരിമലയെ സംബന്ധിച്ചുള്ള കോടതി പരാമർശം സർക്കാരിനുള്ള അംഗീകാരം: മുഖ്യമന്ത്രി

ശബരിമലയെ സംബന്ധിച്ചുള്ള കോടതിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശങ്ങൾ സംസഥാന സർക്കാരിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ പൊലീസിന് പൂർണ അധികാരം നൽകുന്നതാണ് വിധി. ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വ്യക്തിപരമായി 14 പേജുള്ള ഉത്തരവിൽ കോടതി വിമർശിച്ചിട്ടില്ല. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘യഥാർത്ഥ ഭക്തർക്ക് ശബരിമലയിൽ ഒരുതടസവും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കും ഭക്തരെ തടയാൻ ശ്രമിക്കുന്നവർക്കും എതിരെയാണ് പൊലീസ്. കലാപകാരികളിൽ നിന്നും ഭക്തരെ തടയാൻ ശ്രമിക്കുന്നതിനുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചത്. പൊലീസിന്റെ ഇടപെടൽ ശരിയായ ദിശയിലാണ്’ -മുഖ്യമന്ത്രി പറഞ്ഞു.

നിലയ്‌ക്കൽ പമ്പ സർവീസ് നേരത്തെ തന്നെ കോടതി തടഞ്ഞതാണ്. കേന്ദ്രമന്ത്രിക്ക് ആദരവ് കൊടുത്തു തന്നെയാണ് പൊലീസ് സംസാരിച്ചത്. അതിൽ പ്രത്യേകിച്ച് അപാതകയൊന്നുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് മാന്യമായി തന്നെയാണ് കാര്യങ്ങൾ നീക്കുന്നത്. ഉദ്യോഗസ്ഥരെല്ലാം നല്ല രീതിയിൽ ഡ്യൂട്ടി നോക്കുന്നു. സ്‌തുത്യർഹമായ നിലയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.