കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരെ ഒരാഴ്‌ചയ്‌ക്കകം പിരിച്ചുവിടാൻ ഹെെക്കോടതി ഉത്തരവ്

കെ.എസ്.ആർ.ടി.സിയിലെ എം പാനൽ ജീവനക്കാരെ പിരിച്ചുവിടാൻ ഹെെക്കോടതിയുടെ ഉത്തരവ്. പത്ത് വർഷത്തിൽ താഴെ സർവീസുള്ള കരാർ തൊഴിലാളികളെ പിരിച്ചു വിടാനാണ് കോടതി ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്തരവ് പ്രകാരം നാലായിരത്തോളം കരാർ ജീവനക്കാർക്ക് ജോലി നഷ്‌ടമാകും. ഒരാഴ്ച‌ക്കകം നടപ്പാക്കണമെന്നാണ് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ചിദംബരേശനും ജസ്റ്റിസ് പിഷാരടിയുമുൾപ്പെടുന്ന ബഞ്ചാണ് ഇതു സംമ്പന്ധിച്ച ഉത്തരവിട്ടത്. ഈ ഒഴിവുകളിലേക്ക് പി.എസ്.ഇ ലിസ്റ്റിൽ നിന്നും നിയമനം നടത്താനും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.

കെ.എസ്.ആർ.ടിസിയിലെ ഒഴിവുകളിലേക്കുള്ള പി.എസ്.സി പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. 4051 പേരുടെ പി.എസ്.സി ലിസ്റ്റ് നിലനിൽക്കെ കരാർ ജീവനക്കാരുമായി കെ.എസ്.ആർ.ടി.സി സർവീസ് തുടരുകയായിരുന്നു. ഇത് മൂലം പി.എസ്.സി പരീക്ഷ പാസായിട്ടും തങ്ങൾക്ക് ജോലി കിട്ടുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ കോടതിയെ അറിയിച്ചു. ഈ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. ഒരാഴ്‌ചയ്‌ക്കകം ഇവരെ പിരിച്ച് വിട്ട് പകരം 4051 പേരുടെ പി.എസ്.സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താനും കോടതി ഉത്തരവിൽ പറയുന്നു.