പറശിനിക്കടവ് കൂട്ടമാനഭംഗം കൂടുതൽ പെൺകുട്ടികൾ പീഡനത്തിനിരയായി വിവരം

പറശിനിക്കടവിലെ ലോഡ്ജിൽ 16കാരിയെ കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. കൂടുതൽ പെൺകുട്ടികൾ പീഡനത്തിനിരയായെന്ന വിവരം പുറത്തുവന്നതോടെ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചേക്കും. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് പുറമെ പഴയങ്ങാടി, കുടിയാന്മല പൊലീസ് സ്റ്റേഷനിലും പെൺകുട്ടിയെ കൂട്ടമായി മാനഭംഗ പ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്. വളപട്ടണത്ത് ആറോളം കേസുകളും രജിസ്റ്റർ ചെയ്തു.

സംഭവത്തിൽ 5 പേരെയാണ് അറസ്റ്റുചെയ്തത്. ഇന്ന് രണ്ടുപേരുടെ അറസ്റ്റുകൂടി പൊലീസ് രേഖപ്പെടുത്തി. അഞ്ചോളം പേർ കസ്റ്റഡിയിലുണ്ട്. പെൺകുട്ടിയുടെ സുഹൃത്തിനെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാളെ കണ്ണൂർ വനിതാ പൊലീസ് അറസ്റ്റുചെയ്തു. ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വിവിധ ടവർ ലോക്കേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

ലോഡ്ജിൽ പീഡനത്തിനിരയായ പെൺകുട്ടിയെ 19 പേർ പീഡിപ്പിച്ച വിവരമാണ് പുറത്തുവന്നത്. ഇതിൽ ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവും ഉണ്ട്. ഇയാളുടെ നേതൃത്വത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച ലോഡ്ജിലേക്ക് മാർച്ചും നടത്തിയിരുന്നു. ഈ സംഭവം വിവാദമായിട്ടുണ്ട്.

പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസ്. മാട്ടൂൽ സ്വദേശി കെ.വി. സന്ദീപ് (30), നടുവിലിലെ സി.പി. ഷംസുദ്ദീൻ (37), ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി വി.സി ഷബീർ (36), നടുവിലെ കെ.വി അയൂബ് (32), പറശിനിക്കടവ് പാർക്ക് ടൂറിറ്റ്‌ഹോം മാനാജർ കെ. പവിത്രൻ (38) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. തളിപ്പറമ്പ് പൊലീസ് ഇന്ന് മാട്ടൂൽ നോർത്തിലെ തോട്ടത്തിൽ വീട്ടിൽ ജിതിൻ (30), വടക്കാഞ്ചേരി ഉഷസിൽ വൈശാക് (25) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

പഴയങ്ങാടി പൊലീസ് നാല് കേസുകളും എടക്കാട് ഒന്നും കുടിയാന്മലയിൽ ഒരു കേസുമാണ് കൂട്ടപീഡനത്തിന് രജിസ്റ്റർ ചെയ്തത്. തളിപ്പറമ്പ് പ്രിൻസിപ്പൽ എസ്.ഐ കെ.ദിനേശൻ, എസ്.ഐ ബി.ദിനേശൻ, എ.എസ്.ഐമാരായ അനിൽബാബു, ഗണേശൻ, സി.പി.ഒ സുരേഷ് കക്കറ, കെ.വി. രമേശൻ, കെ. സിന്ധു, സത്യൻ ബിനീഷ്, ജയശ്രീ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

അതിനിടെ പെൺകുട്ടിയുടെ സുഹൃത്ത് നല്കിയ പരാതിയിൽ കണ്ണൂർ വനിതാ പൊലീസ് കരിങ്കൽകുഴി സ്വദേശി ആദർശിനെ അറസ്റ്റുചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.