എ ആര്‍ റഹ്മാനെ ഞെട്ടിച്ച വീട്ടമ്മയ്ക്ക് സ്വപ്‌ന സാക്ഷാത്കാരം; പുതിയ ചിത്രത്തില്‍ പിന്നണി ഗായിക

സോഷ്യല്‍ മീഡിയയിൽ വെറും നേരംപോക്കിന് എ ആര്‍ റഹ്മാന്റെ ഓ ചെലിയ പാടി അദ്ദേഹത്തെപ്പോലും അമ്പരപ്പിച്ച ആന്ധ്രാപ്രദേശുകാരി വീട്ടമ്മ ബേബി സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ സിനിമയില്‍ പിന്നണി പാടിയിരിക്കുകയാണ് ഈ വീട്ടമ്മ. ഉടന്‍ തിയേറ്ററുകളിലെത്തുന്ന തെലുങ്ക് ചിത്രം ‘ പലാസ 1978’ എന്ന ചിത്രത്തിലാണ് ബേബി പാടിയിരിക്കുന്നത്. രഘു കുഞ്ചേയാണ് സംഗീത സംവിധായകന്‍.

ബേബി സ്റ്റുഡിയോയില്‍ പാടുന്നതിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തഴക്കം വന്ന പ്രൊഫഷണല്‍ ഗായികയെപോലുള്ള ബേബിയുടെ പ്രകടനം സംഗീതപ്രേമികള്‍ ഏറ്റെടുത്തുകഴിഞ്ഞു. തമിഴ് ചിത്രം കാതലന്റെ തെലുങ്ക് പതിപ്പായ ‘പ്രേമിക്കുഡു’വിലെ റഹ്മാന്‍ ഈണമിട്ട ‘ഓ ചെലിയ’ എന്ന ഗാനമായിരുന്നു ബേബി പാടിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ബേബിയുടെ പാട്ട് എ. ആര്‍. റഹ്മാന്‍ തന്നെ തൻറെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.