അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കമായി

READ IN ENGLISH: 59th Kerala state youth festival commences at Alappuzha

ആർഭാടങ്ങളില്ലാതെ പ്രളയാനന്തര കേരളത്തെ കൈപിടിച്ച് ഉയർത്താനുള്ള സന്ദേശവുമായി അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ തുടക്കമായി. കലോത്സവത്തിന്റെ പ്രധാന വേദിയായ ഉത്തരാസ്വയംവരത്തിൽ കൃത്യം ഒമ്പതിന് 59 സ്‌കൂൾ കുട്ടികൾ ചേർന്ന് 59 മൺചെരാതുകൾ തെളിച്ചാണ് മേളയുടെ തുടക്കം കുറിച്ചത്. പ്രളയകാലത്ത് ആയിരങ്ങൾക്ക് അഭയമൊരുക്കിയ സ്കൂളിൽ നിന്ന് തന്നെ കലോത്സവത്തിന് തുടക്കമായത് മറ്റൊരു ചരിത്രമായി.

ഇതിനോടൊപ്പം തന്നെ 29 വേദികളിലായി വിവിധ കലാപരിപാടികൾ ആരംഭിച്ചു. ഇന്ന് 62 ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. സർക്കാരിന്റെ ചെലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായി ലളിതമായാണ് മത്സര പരിപാടികൾ നടത്തപ്പെടുന്നത്. എന്നാലും മേളയുടെ ഒരിടത്തും ആവേശത്തിന് കുറവൊന്നുമില്ല. പ്രളയകാലത്ത് മലയാളി ആർജ്ജിച്ചെടുത്ത സ്നേഹത്തിന്റെ തിരി വെളിച്ചം എല്ലായിടത്തും നിറഞ്ഞ് കത്തുന്നുമുണ്ട്. ഇനി മൂന്ന് ദിവസം ആലപ്പുഴയുടെ മണ്ണിൽ താളവും മേളവും നിറഞ്ഞാടും.