ആധാർ ഉപേക്ഷിക്കാൻ വ്യക്തികൾക്ക് അവകാശം നൽകുന്ന തരത്തിൽ ആധാർ നിയമം ഭേദഗതി ചെയ്തേക്കും

ആധാർ ഉപേക്ഷിക്കാൻ വ്യക്തികൾക്ക് അവകാശം നൽകുന്ന തരത്തിൽ ആധാർ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിയന്ത്രണങ്ങളോടെ ആധാർ നിയമം സാധൂകരിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഭേദഗതി. ആധാറെടുത്ത കുട്ടികൾക്ക് പതിനെട്ടുവയസ് പൂർത്തിയായാൽ ആധാറിൽ തുടരണമോയെന്ന് തീരുമാനിക്കാൻ ആറുമാസം സമയം നൽകുന്ന ശുപാർശയാണ് ഏകീകൃത തിരിച്ചറിയിൽ അതോറിട്ടി തയാറാക്കിയത്.

എന്നാൽ എല്ലാ വ്യക്തികൾക്കും ആധാർ വേണ്ടെന്ന് വയ്ക്കാൻ അവസരം നൽകണമെന്ന നിർദ്ദേശം നിയമന്ത്രാലയം നൽകുകയായിരുന്നു. ഭേദഗതിക്കുള്ള കരട് തയാറാക്കുന്നത് അവസാനഘട്ടത്തിലാണെന്നും കേന്ദ്രമന്ത്രിസഭയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഏകീകൃത തിരിച്ചറിയൽ അതോറിട്ടി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. പാൻകാർഡിന് അധാർ നിർബന്ധമാണെന്ന സുപ്രീംകോടതി വിധിയുള്ളതിനാൽ പാൻകാർഡുള്ളവർക്ക് ഈ സാദ്ധ്യതയുണ്ടാകില്ല. 16.84 കോടിപേരാണ് ഇതുവരെ പാൻകാർഡും ആധാറും ബന്ധിപ്പിച്ചിട്ടുള്ളത്.