സുനില്‍ പി ഇളയിടം ലേഖനഭാഗം പകര്‍ത്തിയെന്ന് ആരോപിച്ചവര്‍ മാപ്പു പറയണമെന്ന് കെ. എന്‍ പണിക്കര്‍

കാലടി ശ്രീശങ്കരാചാര്യസംസ്‌കൃത സര്‍വകലാശാലാ അധ്യാപകന്‍ സുനില്‍ പി. ഇളയിടത്തിനെതിരെ നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ സാംസ്‌കാരിക നായകര്‍. ലേഖന ഭാഗം അനുവാദമില്ലാതെ പകര്‍ത്തിയെന്നത് അടിസ്ഥാന രഹിതമാണെന്നും ഇത്തരം വിലകുറഞ്ഞ നീക്കങ്ങളെ അപലപിക്കുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.

ഇത്തരം പ്രചാരണത്തിന് തുടക്കമിട്ടത് സാഹിത്യവിമര്‍ശം മാസികയിലൂടെയാണ്. തുടര്‍ന്ന് നിരവധി ഫെയ്സ്ബുക്ക് പേജുകളിലും ഇത് പ്രത്യക്ഷപ്പെട്ടു. രവിശങ്കര്‍ എസ് നായരാണ് ഇത്തരം വിലകുറഞ്ഞ ആരോപണത്തിന് പിന്നില്‍. അദ്ദേഹം ചൂണ്ടിക്കാട്ടുന്ന ഉദാഹരണങ്ങളും വാദങ്ങളും വസ്തുതാവിരുദ്ധവും അബദ്ധജടിലവുമാണ്. സുനില്‍ പി ഇളയിടത്തെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തില്‍ രവിശങ്കര്‍ ഖേദം പ്രകടിപ്പിക്കണമെന്നും പത്രക്കുറിപ്പില്‍ ഇവര്‍ ആവശ്യപ്പെട്ടു.

പ്രധാനമായും സുനില്‍ പി ഇളയിടത്തിന്റെ ‘അനുഭൂതികളുടെ ചരിത്രജീവിതമെന്ന ഗ്രന്ഥത്തിലെ ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍ ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും’ എന്ന പ്രബന്ധത്തെ സംബന്ധിച്ചിട്ടാണ് ആരോപണങ്ങള്‍ ഉന്നിയിച്ചിട്ടുള്ളത്. ആശയങ്ങള്‍ സ്വീകരിച്ചുവെന്ന പറയുന്ന ഗ്രന്ഥത്തോട് സുനില്‍ പി ഇളയിടം കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ താന്‍ ആശയങ്ങള്‍ സ്വീകരിച്ച വ്യക്തികളുടെ പേരും ലേഖനങ്ങളെ സംബന്ധിച്ചും അദ്ദേഹം പ്രബന്ധത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ആശയങ്ങള്‍ അതേപടി സ്വീകരിച്ചു എന്ന ആരോപണത്തില്‍ ഉന്നയിക്കുന്ന ദവേഷ് സൊണേജിയുടെ പ്രബന്ധത്തോട് സുനിലിന്റെ പഠനത്തില്‍ 16 ഇടങ്ങളില്‍ കൃത്യമായ കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ സ്രോതസ് മറച്ചുവെച്ച് സൊണേജിയുടെ ആശയങ്ങള്‍ മോഷ്ടിച്ചു എന്ന വാദത്തിന് പ്രസക്തിയില്ല. കൂടാതെ നൃത്തപഠന മേഖലയിലെ പ്രധാനപ്പെട്ട പണ്ഡിതരായ ഇന്ദിരാ പീറ്റേഴ്‌സണ്‍, ജാനറ്റ് ഷിയ, കപിലാ വാത്സ്യാന്‍ എന്നിങ്ങനെ നിരവധി പേരേയും സാമൂഹ്യ ശാസ്ത്ര-സാംസ്‌കാരിക ചരിത്ര ചിന്തകരായ പാര്‍ത്ഥാ  ചാറ്റര്‍ജി, സുമിത് സര്‍ക്കാര്‍, ജൂഡിത്ത് ബട്‌ലര്‍ തുടങ്ങിയവരേയും 87 ഇടങ്ങളില്‍ സ്രോതസ് എന്ന നിലയില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

പ്രൊഫ. കെ.എന്‍. പണിക്കര്‍, ഡോ. കെ. സച്ചിദാനന്ദന്‍, പ്രൊഫ. കേശവന്‍ വെളുത്താട്ട്, പ്രൊഫ. സി രാജേന്ദ്രന്‍, പ്രൊഫ. സ്‌കറിയ സക്കറിയ, പ്രൊഫ. ഇ വി രാമകൃഷ്ണന്‍, പ്രൊഫ. പി പി രവീന്ദ്രന്‍, പ്രൊഫ. കെ എന്‍ ഗണേഷ്, പ്രൊഫ. ഉദയകുമാര്‍, പ്രൊഫ. കെ എം കൃഷ്ണന്‍, പ്രൊഫ. സനല്‍ മോഹന്‍, പ്രൊഫ. കെ എം സീതി, പ്രൊഫ. മീന ടി പിള്ള,  പ്രൊഫ.എം വി നാരായണന്‍, പ്രൊഫ. ടി വി മധു, ഡോ കവിത ബാലകൃഷ്ണന്‍ എന്നിവരാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.