ആര്‍ക്കും ഞങ്ങളെ തടയാനാകില്ല; ബംഗാളില്‍ രഥയാത്ര നടത്തും; വെല്ലുവിളിയുമായി അമിത് ഷാ

READ IN ENGLISH: “Nobody Can Stop Rath Yatra” Says Amit Shah Targets Mamata Banerjee

അനുമതി നിഷേധിച്ചെങ്കിലും ബംഗാളില്‍ രഥയാത്ര നടത്തുമെന്ന വെല്ലുവിളിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും തൃണമൂല്‍ സര്‍ക്കാരിനുമെതിരെ നിശിത വിമര്‍ശനമുന്നയിച്ച ശേഷമാണ് വെല്ലുവിളി നടത്തിയിരിക്കുന്നത്. ബംഗാളിലേതു ഭീകര ഭരണമാണെന്നു പറഞ്ഞ ഷാ, ജനാധിപത്യത്തെ മമത ഞെക്കിക്കൊല്ലുകയാണെന്ന് ആരോപിച്ചു.

തീര്‍ച്ചയായും രഥയാത്ര നടത്തും, ആര്‍ക്കും ഞങ്ങളെ തടയാനാകില്ലെന്നും അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 3 രഥയാത്രകള്‍ ഉള്‍പ്പെടുന്ന ജനാധിപത്യ സംരക്ഷണ റാലിയാണു ബംഗാളില്‍ നടത്താനിരുന്നത്. വെള്ളിയാഴ്ച തുടങ്ങാനിരുന്ന യാത്രയ്ക്കു കുച്ച് ബെഹാര്‍ പൊലീസ് അനുമതി നല്‍കിയില്ല.

നേരത്തെ, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നയിക്കുന്ന രഥയാത്ര വര്‍ഗീയലഹള ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കല്‍ക്കട്ട ഹൈക്കോടതി അനുമതി റദ്ദാക്കി. പശ്ചിമ ബംഗാളിലെ കൂച്ച്ബഹാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്്. . റാലി നടത്തുന്നതിന് നല്‍കിയ അപേക്ഷയില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും പ്രതികരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക വിധി.

രഥ യാത്ര നടന്നാല്‍ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി റാലി വിലക്കിയത്. സമാധാനപരമായി രഥ യാത്ര നടത്താമെന്ന ബിജെപിയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല. സംഘര്‍ഷം ഉണ്ടായാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന് കോടതി ചോദിച്ചു. എന്നാല്‍, ക്രമസമാധാനപാലനം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു ബിജെപിയുടെ മറുപടി.

മൂന്നു ഘട്ടങ്ങളായി സംസ്ഥാനത്തെ 42 ലോക്സഭ മണ്ഡലങ്ങളിലൂടെ രഥ യാത്ര നടത്താനായിരുന്നു ബിജെപിയുടെ പരിപാടി. ആദ്യ ഘട്ടം ഏഴിന് കൂച്ച്ബഹാര്‍ ജില്ലയില്‍നിന്നും രണ്ടാം ഘട്ട യാത്ര ഒമ്പതിനു സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്നും മൂന്നാം ഘട്ടം ബിര്‍മും ജില്ലയില്‍ ഡിസംബര്‍ 14 നും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. യാത്രയുടെ അവസാനം കോല്‍ക്കത്തയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കാനാണു പദ്ധതിയിട്ടിരുന്നത്.

Online Advertisement Tariff for Newsgil media Phone: 6282485622