കീരികളെ കൊന്നൊടുക്കി ബ്രഷ് നിര്‍മ്മിക്കുന്നു; രഹസ്യവിവരത്തെ തുടർന്ന് വൻ റെയ്ഡ്

ചായംപൂശാനുള്ള ബ്രഷ് ഉണ്ടാക്കാന്‍ കീരികളെ വ്യാപകമായി കൊന്നൊടുക്കുന്നു. വെറും ഒരു ദിവസം മാത്രം നടത്തിയ റെയ്ഡില്‍ 3500 ബ്രഷുകളാണ് പിടിച്ചെടുത്തത്. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോളര്‍ ഡിവിഷനും സംസ്ഥാനങ്ങളിലെ വനംവകുപ്പും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇത്.

കീരികളെ കൊന്നൊടുക്കി ബ്രഷ് നിര്‍മ്മിക്കുന്ന ലോബികളെ കുറിച്ച് വൈല്‍ഡ്‌ലൈഫ് ഓഫ് ഇന്ത്യക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഹിമാചല്‍പ്രദേശ് , ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളില്‍ ഒരേസമയമായിരുന്നു റെയ്ഡ്. കേരളത്തിലും ഇത്തരം ലോബികള്‍ സജീവമാണെന്ന് ഡബ്ല്യുഐഐ വ്യക്തമാക്കുന്നു.

കൊച്ചിയില്‍ നിന്ന് നേരത്തെ 15,000 ബ്രഹുകള്‍ പിടിച്ചെടുത്തിരുന്നു. ബ്രഷ് നിര്‍മ്മാണത്തിന് വില്‍ക്കുന്ന കീരി രോമത്തിന് കിലോയ്ക്ക് 3000 മുത്യല്‍ 3500 വരെയാണ് വില. ഇത്തരത്തിലുള്ള ഓരോ കിലോ രോമത്തിനുമായി ഏകദേശം 50 കീരികളെയെങ്കിലും കൊന്നാടുക്കേണ്ടി വരുമെന്നാണ് കണക്ക്.

പാതിജീവനില്‍ നിര്‍ത്തിയാണ് കീരികളുടെ രോമം പറിച്ചെടുക്കുന്നത്. പകച്ച് ഓടുന്ന കീരികളെ വടികൊണ്ടും കല്ലുകൊണ്ടും എറിഞ്ഞു വീഴ്ത്തും. പിന്നെ രോമം പറിച്ചെടുക്കും. ഒടുവില്‍ വെറും മാംസപിണ്ഡം മാത്രമാകുന്ന അവയെ ഒരിറ്റ് വെള്ളം പോലും കൊടുക്കാതെ അവിടെത്തന്നെ ഉപേക്ഷിക്കും. ഒടുവില്‍ മരണത്തിന് കീഴടങ്ങും. കൂടുതല്‍ രോമങ്ങളുള്ള ഭാഗത്തു നിന്നുമാത്രം പറിച്ചെടുത്ത് കീരികളെ വിട്ടയക്കുന്നവരും ഉണ്ട്. അതുകൊണ്ടു തന്നെ പലയിടങ്ങളിലും പാതിരോമം കൊഴിഞ്ഞ ദിലയിലുള്ള കീരികളെ കണ്ടുവരുന്നുണ്ട്. എന്തെങ്കിലും രോഗം ബാധിച്ചവയാണ് ഇവയെന്നു കരുതി പലരും ഇത്തരം കീരികളെ ആട്ടിയോടിക്കുകയാണ്. ഇത്തരത്തില്‍ പ്രതിരോധ കവചം നഷ്ടപ്പെടുന്ന കീരികള്‍ വൈകാതെ ചത്തുവീഴുകയാണ് ചെയ്യുന്നത്.

വൈല്‍ഡ് ലൈഫ് ആക്ഡിന്റെ (1972) സംരക്ഷണമുള്ള ജീവികളുടെ പട്ടിക(2)യിലാണ് കീരികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലുള്ള ആറിനം കീരികളും സംരക്ഷിത വിഭാഗത്തില്‍ ഉള്ളവയാണ്. ഇവയെ കൊന്നതായി തെളിഞ്ഞാല്‍ 7 വര്‍ഷം വരെ തടവും 10,000 രൂപവരെ പിഴയും ശിക്ഷയുണ്ട്. ഇത്തരം ബ്രഷ് ഉപയോഗിക്കുന്നതില്‍ നിന്നും ആളുകള്‍ സ്വയം പിന്മാറണമെന്നും ഡബ്ല്യുഐഐ ആവശ്യപ്പെട്ടു. വന്യജീവികളെ കടത്തുന്നതുമായി ബന്ധപ്പെട്ട വിവരം കേരളാ വനം വകുപ്പിന്റെ 1800 425 4733 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം.