‘ഒടിയൻ’ വെള്ളിത്തിരയിലെത്തിയപ്പോള്‍ പിഴച്ചുപോയതെവിടെയാണ്?

കെ. ടി. നിശാന്ത്

സൂപ്പർ സ്റ്റാറിന്റെ അതും ജനപ്രീയ നടൻ മോഹൻലാലിന്റെ സിനിമ, അതും, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം റിലീസായ സിനിമ, റിലീസിന്റെ തൊട്ടടുത്ത ദിവസം ആളും ആരവമില്ലാതെ.. ഫാൻസിന്റെ പോലും കൈയ്യടി ഇല്ലാതെ കാണേണ്ടി വരിക.. അടുത്ത കാലത്തെ സിനിമ അനുഭവങ്ങളിൽ അപൂർവ്വം..

വാരണാസിയിലെ പശ്ചാത്തലത്തിൽ പതിവുപോലെ സാഹസികനായ നായകനിൽ തുടങ്ങുന്ന സിനിമ പിന്നീട് പാലക്കാടിന്റെ പതിവ് പശ്ചാത്തലത്തിലൂടെയാണ് പുരോഗമിക്കുന്നത്.. പരമ്പരാഗതമായി ക്വട്ടേഷൻ എടുക്കാൻ വിധിക്കപ്പെട്ട, കരിംപടം പുതച്ച് വിവിധ വേഷങ്ങളിൽ എത്തി എതിരാളിയെ ഭയപ്പെടുത്താൻ പ്രത്യേക പരിശീലനവും ഒപ്പം ജീവിതചര്യയും, ജീവിതമാർഗ്ഗവുമാക്കിയ, വൈദ്യുതിയും, വഴിവിളക്കും വന്നതോടെ വംശനാശം സംഭവിച്ച പാലക്കാടൻ ഗ്രാമത്തിലെ അവസാന ഒടിയനായ ഒടിയൻമാണിക്യനാണ് കഥാനായകൻ..

പിന്നീട് കഥയിൽ ഉള്ളതെല്ലാം മലയാള സിനിമ എങ്ങോ ഉപേക്ഷിച്ച കേളകത്ത് തറവാടും, പ്രഭാവതി തമ്പുരാട്ടിയും, അന്ധയായ കൊച്ചു തമ്പുരാട്ടി മീനാക്ഷിയും, തങ്കമണി വാരസ്യാരും, രാവുണ്ണി നായരും,ചയക്കടക്കാരൻ നായർ ചേട്ടനും ഒക്കെയാണ്.. കേളകത്ത് തറവാടിന്റെ ആഢ്യതയും, ക്ഷയവും ഒക്കെ മലയാളി കണ്ടു മടുത്ത ക്ലീഷേകൾ..

കേളകത്തു തറവാട്ടിലെ പുറം പണിക്കാരനും, ദാസ്യനും ഒക്കെയാണ് ഒടിവേല ചെയ്യുന്ന മാണിക്യം.. കരുത്തനും, നായകനും, ഒക്കെയാണങ്കിലും കോലോത്തെ ഒരിറ്റ് കഞ്ഞിക്കു വേണ്ടി തേങ്ങാ പൊതിയും, വിറകു കീറലും സ്വന്തം കർത്തവ്യവും ദിനചര്യയുമാണ് മാണിക്യന്… ഒപ്പം കോലോത്തെ തമ്പുരാട്ടിക്കുട്ടിക്ക് മാണിക്യനോടും, മാണിക്യനു തിരിച്ചും ഒരിക്കലും പങ്കുവയ്ക്കാനാവാത്ത വിശുദ്ദ പ്രണയവും..രാവുണ്ണി നായർ എന്ന വില്ലൻ നായരെ [ പ്രകാശ് രാജ് ] കറുപ്പിച്ച് കരിമ്പൻ നായരായി അവതരിപ്പിച്ചിരിക്കുന്നു.. വില്ലൻ നായരാണങ്കിൽ കറുത്തതാകണം എന്നുനിർബന്ധമുള്ളതുപോലെ ജാതിയതയും, ഒപ്പം രാഷ്ട്രീയവും അവിടവിടെ ശർദ്ദിച്ച് വച്ചിട്ടുമുണ്ട്..

ഒടിയന്റെ ഒടിവിദ്യ മാത്രമാണ് സിനിമയിലെ ആകെയുള്ള ആകർഷണം..അതും വീഡിയോ ഗയിമിന്റെ സാങ്കേതികത പോലുമില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്.. ഇരുട്ടിനെ സ്നേഹിക്കുന്ന നായകനും, നായകനേയും, ഒപ്പം ഇരുട്ടിനെയും ഇഷ്ടപ്പെടുന്ന തബ്രാട്ടി നായികയും കൂടിച്ചേരുന്നിടത്തും.. മാണിക്യൻ കരിമ്പൻ നായരോട് പ്രതികാരം ചെയ്യുന്നിടത്തു് സിനിമ അവസാനിക്കുന്നു..

ക്ലൈമാക്സ് കച്ചിത്തുറുവിന് തീയിട്ട് വീഡിയോ ഗയിമിന്റെ സാങ്കേതിക തികവോടെ ചിത്രീകരിച്ചിരിക്കുന്നത് ചിത്രത്തിന്റെ നിലവാരം വ്യക്തമാക്കും.. ഒപ്പം ”അൽപ്പം കഞ്ഞി എടുക്കട്ടെ” നിലവാരത്തിലുള്ള സ്ക്രിപ്റ്റും.. ഇന്ത്യയിലെ ഏറ്റവും നല്ല നടൻമ്മാരായ മോഹൻലാലിനും പ്രകാശ് രാജിനും, ലേഡീ സൂപ്പർ സ്റ്റാർ മഞ്ജുവാര്യർക്കും, പീറ്റർ ഹെയ്ൻ എന്ന ഇറക്കുമതി സംഘട്ടന സംവിധായകനും, ഒന്നും ഈ സിനിമയിൽ വലുതായി ഒന്നും തന്നെ ചെയ്യാനില്ല..

അടുക്കും ചിട്ടയുമില്ലാത്ത ആഖ്യായനശൈലി, കെട്ടുറപ്പില്ലാത്ത തിരക്കഥ.. മോഹൽലാൽ ഉൾപ്പെടെയുള്ളവരുടെ നിരാശപ്പെടുത്തുന്ന അഭിനയം.. സ്ഥിരം ജാതി ക്ലീഷേകളും, ഒടിയൻ, ഒടിയൻ എന്ന് ഓരിയിടുന്ന ബീജിയവും മാത്രമാണ് ശ്രീകുമാരമേനോന്റെ ബ്രഹ്മാണ്ഢസിനിമയിലെ ആകെ തുക..