സണ്ണി എം കപിക്കാട് നയിക്കുന്ന വില്ലുവണ്ടി യാത്ര പത്തനംതിട്ടയിൽ പ്രവേശിച്ചു

ശബരിമല ആദിവാസികൾക്ക്. ‘ബ്രാഹ്മണ തന്ത്രിമാർ പടിയിറങ്ങുക ‘, സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ വില്ലുവണ്ടികൾ കേരളത്തിൽ പര്യടനം ആരംഭിച്ചു.സവർണ്ണ മാടമ്പികളെ വെല്ലുവിളിച്ച അയ്യന്കാളിയുടെ കാളവണ്ടിയുടെ മണികിലുക്കം വീണ്ടും കേരളത്തിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് വില്ലുവണ്ടിയാത്രയുടെ നൂറ്റി ഇരുപത്തഞ്ചാം വാർഷികത്തിൽ യാദൃശ്ചികം എന്നോണം കേവലം വാർഷികാഘോഷ കലാപരിപാടികൾക്കപ്പുറം ചരിത്രമാവുകയാണ് ബ്രഹ്മണ്യത്തെ വെല്ലുവിളിക്കുന്ന ഈ രണ്ടാം വില്ലുവണ്ടിയാത്ര

വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ നിന്നുമാരംഭിച്ച്  വെള്ളയമ്പലത്തെ മഹാത്മാ അയ്യൻകാളിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി  വില്ലുവണ്ടി യാത്ര പത്തനതിട്ടജില്ലയിലെ അടൂർ, പന്തളം, ആറന്മുള എന്നിവിടങ്ങളിൽ പ്രചരണം നടത്തി ഇന്ന് വൈകിട്ട് പത്തനംതിട്ടയിൽ എത്തി. നാളെ എരുമേലിയിൽ എത്തിച്ചെരും. കേരളത്തിന്റെ വിവിധ നവോത്‌ഥാന കേന്ദ്രങ്ങളിൽ നിന്ന് എട്ടോളം വില്ലുവണ്ടികൾ നാളെ എരുമേലിയിൽ എത്തിച്ചേരും. തുടർന്ന് എരുമേലി മുട്ടപ്പള്ളി അംബേദ്കർ മെമ്മോറിയൽ യു. പി. സ്കൂളിൽ സമാപന സമ്മേളനം നടക്കും.

കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റി നിറുത്തപ്പെടുമായിരുന്ന കേരളത്തിലെ അടിസ്ഥാന ജനസമൂഹത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ച് നടത്തിയ; കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായമായ അയ്യങ്കാളി ആറുപതിറ്റാണ്ടുകാലം നേതൃത്വം നല്‍കിയ കീഴാള നവോത്ഥാന സമര ചരിത്രത്തിലെ ശ്രദ്ധേയമായ വില്ലുവണ്ടിയാത്രയുടെ (1893) നൂറ്റിഇരുപത്തിയഞ്ചാമത് വര്‍ഷമാണിത്.

നവോത്ഥാന കാലഘട്ടത്തെ കീഴ്‌മേല്‍ മറിച്ച കീഴാള നവോത്ഥാന സമരങ്ങളില്‍ അസാധാരണവും സമാനതകളില്ലാത്തതുമായിരുന്നു അയ്യങ്കാളിയുടെ വില്ലുവണ്ടിയിലുള്ള യാത്ര. സഞ്ചാര സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ രേഖപ്പെടുത്തിയ വില്ലുവണ്ടിയാത്ര തിരുവിതാംകൂറിലെ അടിമവര്‍ഗ്ഗം അയിത്തത്തിനും അടിമത്തത്തിനുമെതിരെ നടത്തിയ ആദ്യത്തെ പ്രത്യക്ഷ പ്രതിരോധമായിരുന്നു.

തൃശൂർ വില്ലുവണ്ടി യാത്ര ഡോ. രേഖരാജ് ഉദ്ഘാടനം ചെയ്തു

തന്ത്രികൾ പടിയിറങ്ങുക, ശബരിമല ആദിവാസികൾക്ക്, ഭരണഘടന സംരക്ഷിക്കാനും ലിംഗനീതി ഉറപ്പിക്കാനും സുപ്രീം കോടതി വിധി നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി 
തൃശൂർ വില്ലുവണ്ടി ഇരിങ്ങാലക്കുട കുട്ടംകുളത്ത് നിന്ന് ആരംഭിച്ചു. തൃപ്രയാർ, ഗുരുവായൂർ, കുന്നംകുളം, വേലൂർ, വടക്കാൻഞ്ചേരി എന്നിവടങ്ങളിൽ പ്രചരണ നടത്തി വൈകിട്ട് 6 മണിയ്ക്ക് തൃശൂർ റൗണ്ടിൽ സമാപിക്കും. നാളെ രാവിലെ 7 മണിയ്ക്ക് തൃശൂർ സാഹിത്യ അക്കാദമിയിൽ നിന്ന് എരുമേലിയിലേക്ക് വില്ലുവണ്ടി യാത്ര ആരംഭിക്കും.

എറണാകുളത്ത് നിന്നും ഉള്ള അഡ്വ. ജെസ്സിൻ ഐറിന നയിക്കുന്ന സ്ത്രീകളുടെ വില്ലുവണ്ടിയാത്ര ഡോ. മീരാ വേലായുധൻ ഉദ്‌ഘാടനം ചെയ്‌തു

ഇൻഡ്യൻ ഭരണഘടനയിൽ ഡോ.അംബേദ്കർക്കൊപ്പം ഒപ്പുവെച്ച ദാക്ഷായണി വേലായുധൻറെ മകളും പ്രമുഖ ചരിത്രകാരിയുമായ ഡോ. മീരാ വേലായുധനിൽ നിന്നും ഇൻഡ്യൻ ഭരണഘടനയുടെ കോപ്പി ഏറ്റുവാങ്ങി,

അഡ്വ. ജസ്സിൻ, നയിക്കുന്ന.സ്ത്രീകളുടെ വില്ലുവണ്ടി യാത്ര രാവിലെ 10 മണിക്ക് ദാക്ഷായണി വേലായുധൻ സ്ക്വയറിൽ നിന്നും സത്രീകളുടെ വില്ലുവണ്ടി യാത്ര എരുമേലിയിലേക്ക് പുറപ്പെടും.