സെഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: 22 പ്രതികളെയും സിബിഐ കോടതി വെറുതേ വിട്ടു

READ IN ENGLISH: Sohrabuddin Shaikh ‘fake’ encounter case verdict: All 22 accused acquitted of all charges

പതിമൂന്ന് വര്‍ഷം നീണ്ട വിചാരണകള്‍ക്കൊടുവില്‍ സെഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതരായ 22 പേരെ പ്രത്യേക സിബിഐ കോടതി വെറുതേ വിട്ടു. പ്രോസിക്യൂഷന് കൊലപാതകവും ഗൂഡാലോചനയും തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ കോടതിയെ വിശ്വസിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.

ഇന്ത്യ ഏറെ ചര്‍ച്ച ചെയ്ത കേസില്‍ ഗുജറാത്തിലെയും രാജസ്ഥാനിലെയും ഉന്നത പോലീസുകാരായിരുന്നു പ്രതികളില്‍ കൂടുതലും. രാഷ്ട്രീയ സാമ്പത്തീക നേട്ടങ്ങള്‍ക്കായി ഇവര്‍ നടത്തിയ ഗൂഡാലോചനയായിരുന്നു വ്യാജഏറ്റുമുട്ടലെന്നായിരുന്നു കണ്ടെത്തിയത്. വീണ്ടും വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു സാക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി. സൊറാബുദ്ദീന്റെ കൂട്ടാളിയായിരുന്ന പ്രജാപതിയുടെ കൊലപാതകത്തില്‍ ഗൂഡാലോചന തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ കൊണ്ടുവരാനും കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

കേസില്‍ വീണ്ടും വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് കേസിലെ രണ്ടു സാക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിച്ചില്ല. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി, കൂട്ടാളി തുള്‍സീറാം പ്രജാപതി എന്നിവരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ് ആസൂത്രിതവും സൊഹ്‌റാബുദ്ദീനും പ്രജാപതിയും വ്യാജ ഏറ്റുമുട്ടലിലും ഭാര്യ കൗസര്‍ബി പീഡനത്തിന് ശേഷം കൊലപ്പെടുത്തുകയും ആയിരുന്നു എന്നാണ് നേരത്തേ സിബിഐ കണ്ടെത്തിയത്.

ആദ്യം പോലീസ് അന്വേഷിച്ച കേസില്‍ മൂവരേയും കൊലപ്പെടുത്തിയ ശേഷം ഇല്ലാക്കഥ പോലീസ് മെനയുകയായിരുന്നു എന്നാണ് സിബിഐ കണ്ടെത്തിയത്. നരേന്ദ്രമോഡിയെ കൊല്ലാനെത്തിയ ലഷ്‌ക്കറെ തയ്ബ പ്രവര്‍ത്തകനായ ഭീകരനെന്ന് ആരോപിച്ചായിരുന്നു സെഹ്‌റാബുദ്ദീനെ കൊലപ്പെടുത്തിയത്. പ്രജാപതിയെ കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റു മരിച്ചു എന്ന വ്യാജേനെ കൊലപ്പെടുത്തി. കൗസര്‍ബിയെ പിന്നീട് കാണാതാകുകയുമായിരുന്നു. എന്നാല്‍ മൂവരേയും മഹാരാഷ്ട്രയിലേക്കുള്ള യാത്രയ്ക്കിടയില്‍ തട്ടിക്കൊണ്ടു പോകുകയും വെടിവെച്ചു കൊല്ലുകയുമായിരുന്നെന്നാണ് സിബിഐ യുടെ കണ്ടെത്തല്‍.

2005 നവംബറിലായിരുന്നു സൊഹ്‌റാബുദ്ദീനെ കൊലപ്പെടുത്തിയത്. 2006 ലായിരുന്നു പ്രജാപതിയെ കൊലപ്പെടുത്തിയത്. ഇരുവരും അധോലോക റാക്കറ്റിന്റെ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിന്റെ ഭാഗമായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അമിത്ഷാ, ഏതാനും ഐഎഎസുകാര്‍ ഉള്‍പ്പെടെ 38 പേരെയാണ് സിബിഐ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയും അമിത്ഷാ ആഭ്യന്തരമന്ത്രിയും ആയിരുന്ന കാലത്തായിരുന്നു സംഭവം.

അതേസമയം അമിത്ഷായേയും ഐപിഎസ് ഉദ്യോഗസ്ഥരുമടക്കം 16 പേരെ കോടതി കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. എസ്‌ഐ, എഎസ്‌ഐ, കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള 21 പേരും ഉള്‍പ്പെടെ കൗസര്‍ബിയെ കൊന്ന് തെളിവു നശിപ്പിച്ചതായി ആരോപിക്കപ്പെട്ട ഒരു ഫാംഹൗസ് ഉടമയുമാണ് വിചാരണ നേരിട്ടത്. കേസില്‍ 210 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 92 പേര്‍ കൂറുമാറിയപ്പോള്‍ 400 സാക്ഷികളെ വിസ്തരിച്ചില്ല. അനേകര്‍ ഭീഷണിയില്‍ ഭയന്ന് കോടതിയില്‍ മൊഴി നല്‍കാനും എത്തിയില്ല.