ശബരിമല വനിതാ പ്രവേശനത്തെ എതിർക്കുന്നവർ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എം.എം മണി

ശബരിമലയിലെ വനിതാ പ്രവേശനത്തെ എതിർക്കുന്നവർ ഇരുട്ടിന്റെ സന്തതികളാണെന്ന് വൈദ്യുത മന്ത്രി എം.എം മണി. സ്ത്രീ പുരുഷ സമത്വത്വത്തിന് സർക്കാറിന്റെ നേതൃത്വത്തിൽ അണിനിരക്കുന്ന വനിതാ മതിലിനെ പിന്തുണയ്‌ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ ആഹ്വാനം.

എം.എം. മണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ചില്ലിക്കാശിന്റെ, വോട്ടിന്റെ ലാഭം നോക്കി ആർ.എസ്.എസ്, ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ രാഷ്‌ട്രീയ വൽക്കരിക്കുകയാണ്. നവോത്ഥാന മുന്നേറ്റത്തെ തടയുന്ന പ്രവർത്തനമാണ് ഇവർ നടത്തികൊണ്ടിരിക്കുന്നത്. പഴയ ചാതുർവർണ്യ സിദ്ധാന്ത കാലത്ത് മനുഷ്യത്വമില്ലാതെ ഒരു വലിയ വിഭാഗം ജനങ്ങളെ അടിച്ചമർത്തുകയും, വഴി നടക്കാനോ, മാറുമറയ്‌ക്കാനോ, ആരാധനയ്‌ക്കോ ഉള്ള സ്വാതന്ത്ര്യം നൽകാതെ പഴയ യുഗം തിരിച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇരുട്ടിന്റെ സന്തതികൾ.

ശബരിമല വിധിയെ തുടർന്ന് സംസ്ഥാനത്ത് നടന്നതെല്ലാം ഇതായിരുന്നു. നവോത്ഥന സംഘടനകളെയും കോടിക്കണക്കിന് സ്ത്രീകളെയും അണിനിരത്തി കൊണ്ട് നടക്കാൻ പോകുന്ന വനിതാ മതിലിൽ എല്ലാ സഹോദരിമാരും അണിനിരക്കാണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.’