കേരള ഗ്രാമീണ്‍ ബാങ്ക് സമരം ഒത്തുതീര്‍ന്നു; ശാഖകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

കേരള ഗ്രാമീണ്‍ബാങ്ക് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി. പത്തുദിവസമായി തുടര്‍ന്ന പണിമുടക്ക് ബുധനാഴ്ച ധനമന്ത്രി ഡോ.തോമസ് ഐസകിന്റെയും തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചതിലാണ് ഒത്തുതീര്‍ന്നത്. ഒത്തുതീര്‍പ്പുപ്രകാരം 2016ല്‍ കണ്ടെത്തിയ 329 ഒഴിവുകള്‍ പുനരവലോകത്തിന് വിധേയമാക്കി മൂന്നുമാസത്തിനകം റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കും. ഗ്രാമീണ്‍ ബാങ്ക് ശാഖകള്‍ വ്യാഴാഴ്ച മുതല്‍ പതിവുപോലെ തുറന്നുപ്രവര്‍ത്തിക്കുമെന്ന് ബാങ്ക് യൂണിയന്‍ നേതാക്കള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡിസംബര്‍ 11 മുതല്‍ നടത്തിവന്ന നിരാഹാര സത്യാഗ്രഹവും 17 മുതല്‍ നടത്തിവന്ന അനിശ്ചിത കാല പണിമുടക്കുമാണ് പിന്‍വലിച്ചത്. ഗ്രാമീണ്‍ ബാങ്കില്‍ വര്‍ഷങ്ങളായി കരാവ്യവസ്ഥയില്‍ ജോലിചെയ്യുന്ന പ്യൂണ്‍മാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ചാണ് ബാങ്കിലെ സ്ഥിരം ജീവനക്കാരും മാനേജര്‍മാരും പണിമുടക്കിയത്. താല്‍ക്കാലിക ജിവനക്കാര്‍ക്കുവേണ്ടി സ്ഥിരജീവനക്കാര്‍ പണിമുടക്കുന്നത് സമരചരിത്രത്തിലെത്തന്നെ അപൂര്‍വ സംഭവമാണ്. ഒഴിവുള്ള പ്യൂണ്‍ തസ്തികയിലേക്ക് ദിവസക്കൂലിക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഏക ആവശ്യമുന്നയിച്ചായിരുന്നു സമരം.

നിയമനത്തിന്റെ രീതിയും മാര്‍ഗനിര്‍ദേശവും സംബന്ധിച്ച് സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഗ്രാമീണ്‍ ബാങ്കിലെ 410 ശാഖകളില്‍ പ്യൂണ്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 633 ശാഖകളും 10 റീജണല്‍ ഒഫീസുകളുമുള്ള ബാങ്കില്‍ ഇപ്പോള്‍ 257 സ്ഥിരം പ്യൂണ്‍ മാര്‍ മാത്രമാണ് ഉള്ളത്. ബുധനാഴ്ച രാവിലെ ധനമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച നടന്നത്. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ പ്രതികാര നടപടിഉണ്ടാവില്ലെന്നും ചര്‍ച്ചയില്‍ ധാരണയായി. സമരം ഒത്തുതീര്‍ക്കുന്നതിന് ധനമന്ത്രി ഞായറാഴ്ച വിളിച്ചുചേര്‍ത്ത യോഗം ബാങ്ക് ചെയര്‍മാന്‍ എത്താത്തതിനെത്തുടര്‍ന്ന് നടന്നില്ല. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്ന സര്‍ക്കാരിന്റെ ഉറച്ച നിലപാടാണ് സമരം ഒത്തുതീരുന്നതിന് വഴിതെളിയിച്ചത്.

ചര്‍ച്ചയില്‍ ബാങ്കിനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ നാഗേഷ് ജി വൈദ്യ, ജനറല്‍ മാനേജര്‍മാരായ ഗോവിന്ദ് ഹരിനാരായണന്‍, എസ് പവിത്രന്‍ എന്നിവരും യൂണിയനുകള്‍ക്കുവേണ്ടി ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍, എഐആര്‍ആര്‍ബിഇഎ അഖിലേന്ത്യാ പ്രസിഡന്റ് സി രാജീവന്‍, കെജിബി നേതാക്കളായ പി ഗണേശന്‍, കെ പ്രകാശന്‍, ഗണേശന്‍ പുത്തലത്ത്, സി മിഥുന്‍ എന്നിവരും പങ്കെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ ടി നരേന്ദ്രന്‍, എസ് എസ് അനില്‍, ജോസ് ടി എബ്രഹാം, സി രാജീവന്‍, ഗണേശന്‍ പുത്തലത്ത് എന്നിവര്‍ പങ്കെടുത്തു.