ശിവഗിരിയിൽ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നവോത്ഥാന ചിത്രപ്രദർശനം തുടങ്ങി

പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നവോത്ഥാന ചിത്രപ്രദർശനം തുടങ്ങി. അതോടൊപ്പം ശിവഗിരി തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന്‌ വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചതായി വർക്കല തഹസിൽദാർ പി.ഷിബു അറിയിച്ചു. കുടിവെളള വിതരണത്തിനായി 40 വാട്ടർടാങ്കുകൾ സ്ഥാപിച്ചു. ട്രാൻസ് ഫോർമറുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കി. ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ആംബുലൻസിന്റെയും സേവനം മുഴുവൻ സമയവും ഉണ്ടായിരിക്കും.

അധികമായി 10 കെ.എസ്.ആർ.ടി.സി ബസുകൾ ആരംഭിച്ചു. മറ്റു ഡിപ്പോകളിൽ നിന്നു ശിവഗിരിയിലേക്ക് തീർത്ഥാടകർ ഒരുമിച്ചാവശ്യപ്പെട്ടാൽ സ്പെഷ്യൽ സർവീസ് നടത്തും. വിവിധ സ്ഥലങ്ങളിൽ സി.സി ടിവി കാമറകൾ സ്ഥാപിച്ചു. ക്രമസമാധാന പാലനത്തിന്‌ 700 പൊലീസുകാരെ അധികമായി നിയോഗിച്ചു. ഫയർഫോഴ്സ് യൂണിറ്റിന്റെയും ക്യുആർ വെഹിക്കിളിന്റെയും സേവനവും 24 മണിക്കൂറും ഉണ്ടായിരിക്കും. സിവിൽ സപ്ലൈസ് വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തും. എക്സൈസ് വകുപ്പിന്റെ കൺട്രോൾറൂം ശിവഗിരിയിൽ പ്രവർത്തിക്കും. മഫ്റ്റിയിലുളള ഷാഡോ ടീമും ഉണ്ടാകും. ശിവഗിരിയിൽ ലഹരിവിരുദ്ധ ബോധവത്കരണ സ്റ്റാളും പ്രവർത്തിക്കും. നഗരസഭയുടെ നേതൃത്വത്തിൽ റോഡുകൾക്ക് ഇരുവശങ്ങളിലും കാട് വെട്ടിത്തെളിക്കുകയും ഫ്ലക്സ് ബോഡുകൾ നീക്കുകയും ചെയ്തു. താത്കാലിക ടോയ്‌ലെറ്റുകളും സ്ഥാപിച്ചു. വർക്കല-ശിവഗിരി റെയിൽവേസ്റ്റേഷനിൽ അധികമായി ഒരു ടിക്കറ്റ്കൗണ്ടറും ശിവഗിരിയിൽ ടിക്കറ്ര് കൗണ്ടറും ഉണ്ടായിരിക്കും. റെയിൽവേസ്റ്റേഷനിൽ ഹെൽത്ത്ഡെസ്കും മെഡിക്കൽടീമും സജ്ജമാണ്.

ഇന്ന്  ഉച്ചയ്ക്ക് 12.30ന് തീർത്ഥാടന ലക്ഷ്യങ്ങളായ വിദ്യാഭ്യാസവും കൈത്തൊഴിലും എന്ന സമ്മേളനം മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സമ്പൂർണ മാനവികതയാണ് സമ്മേളന വിഷയം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. പി.എം.രാജൻഗുരുക്കൾ അദ്ധ്യക്ഷത വഹിക്കും. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻപിളള, മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, എം.ജി, കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജെയിംസ്, കയർബോർഡ് ചെയർമാൻ സി.പി.രാധാകൃഷ്ണൻ, സംസ്കൃത സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ.എം.സി. ദിലീപ്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ഡയറക്ടർ കെ.പി. ലളിതാമണി, മാംഗളൂർ സർവകലാശാല രജിസ്ട്രാർ പ്രൊഫ. എ.എൻ.ഖാൻ, എസ്.എൻ.ഡി.പി യോഗം വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീതാവിശ്വനാഥൻ എന്നിവർ സംസാരിക്കും. സ്വാമി ഗുരുപ്രകാശം സ്വാഗതവും സ്വാമി വിഖ്യാതാനന്ദ നന്ദിയും പറയും.

ഒന്നാം ദിവസമായ ഇന്നലെ 3.30ന് സാഹിത്യസമ്മേളനം ഡോ.ശശിതരൂർ എം.പി ഉദ്ഘാടനം ചെയ്തു. എൻ.എസ്.മാധവൻ അദ്ധ്യക്ഷത വഹിച്ചു . കെ.വി.മോഹൻകുമാർ, ഡോ.ജോർജ്ജ് ഓണക്കൂർ, ബാലചന്ദ്രൻ വടക്കേടത്ത്, പി.കെ.പാറക്കടവ്, ഡോ.പോൾമണലിൽ, പി.കെ.ഗോപി, മങ്ങാട് ബാലചന്ദ്രൻ, ഡോ.അജയൻപനയറ എന്നിവർ സംസാരിച്ചു .സ്വാമി അവ്യയാനന്ദ സ്വാഗതവും ഡോ. ബി.ഭുവനേന്ദ്രൻ നന്ദിയും പറഞ്ഞു.

വൈകിട്ട് 6.30ന് ആദ്ധ്യാത്മിക സമ്മേളനം നടന്നു . ഭക്തിയും ആരാധനയും ഗുരുവീക്ഷണത്തിൽ എന്നതായിരുന്നു സമ്മേളനവിഷയം. തമിഴ്നാട് ഗവർണർ ബെൻവരിലാൽ പുരോഹിത് ഉദ്ഘാടനം ചെയ്തു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തി. സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി അസ്പർശാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ധർമ്മചൈതന്യ എന്നിവർ സംസാരിച്ചു. സ്വാമി ശാരദാനന്ദ സ്വാഗതവും സ്വാമി ബ്രഹ്മസ്വരൂപാനന്ദ നന്ദിയും പറഞ്ഞു.

രാത്രി 7.15ന് പ്രശസ്ത സിനിമാസംവിധായകൻ ഷാജി എൻ. കരുൺ തീർത്ഥാടന ദിവസങ്ങളിലെ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ.റസൂൽ പൂക്കുട്ടി മുഖ്യാതിഥിയായിരുന്നു. വി.അനിൽകുമാർ സ്വാഗതം പറഞ്ഞു. രാവിലെ 7.30ന് വാഴമുട്ടം ചന്ദ്രബാബുവിന്റെ സംഗീതക്കച്ചേരി, രാത്രി 8ന് ലിസി മുരളീധരനും സരിഗ മുരളീധരനും അവതരിപ്പിക്കുന്ന ഗുരുവന്ദനം, 8.20ന് ആശാ മനോജിന്റെ ശിവതാണ്ഡവം ഡാൻസ്, 8.30ന് പണ്ഡിറ്റ് രമേഷ് നാരായണനും മധുശ്രീയും അവതരിപ്പിക്കുന്ന സംഗീതനിശ, 10.30ന് കരിവളളൂർ നിർമ്മലയുടെ ഓട്ടൻതുളളൽ, 11.30ന് ചിറക്കര സലിംകുമാറിന്റെ കഥാപ്രസംഗം, 1.30ന് വൈക്കം മാളവികയുടെ മഞ്ഞ് പെയ്യുന്ന മനസ് നാടകം.

മൂലൂർ സ്മാരകത്തിൽ നിന്ന് ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹമെത്തി

തീർത്ഥാടന ദിവസങ്ങളിൽ ശിവഗിരിയിലെ സമ്മേളനവേദിയിൽ സ്ഥാപിക്കുന്നതിനായി ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നിന്ന് ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പദയാത്രയായി ശിവഗിരിയിലെത്തിച്ചു. ശിവഗിരിമഠത്തിലെ സന്യാസിവര്യർ വിഗ്രഹം ഏറ്രുവാങ്ങി സമ്മേളനവേദിയിൽ സ്ഥാപിച്ചു. വിഗ്രഹത്തിന് മുന്നിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ദീപം തെളിയിച്ചതോടെ സമ്മേളന പരിപാടികൾ ആരംഭിച്ചു.

86 വർഷം മുമ്പ് ഇലവുംതിട്ടയിലെ മൂലൂരിന്റെ വസതിയായ കേരളവർമ്മസൗധത്തിൽ നിന്ന് മഞ്ഞവസ്ത്രധാരികളായ അഞ്ച് തീർത്ഥാടകർ പദയാത്രികരായി എത്തിയതാണ് ആദ്യ ശിവഗിരി തീർത്ഥാടനം. ഇതിന്റെ സ്മരണയിലാണ് കഴിഞ്ഞ കുറെ വർഷങ്ങളായി സമ്മേളനവേദിയിൽ സ്ഥാപിക്കുന്ന പഞ്ചലോഹവിഗ്രഹവുമായി ഇലവുംതിട്ടയിൽ നിന്ന് പദയാത്ര എത്തുന്നത്. മൂലൂർ സ്മാരക സമിതിയുടെ പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.സി. രാജഗോപാലൻ, ജാഥാ ക്യാപ്ടൻ സ്നേഹലാൽ, സമിതിഅംഗം പിങ്കി ശ്രീധരൻ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.