താനേത് പത്രമാ…? പോടോ, മിണ്ടിപ്പോകരുത്… കുത്തിത്തിരിപ്പിന് ശ്രമിച്ച മനോരമ ലേഖകന് ഗൗരിയമ്മയുടെ ശകാരം

വനിതാമതിലിന് പിന്തുണയുമായി കെ.ആര്‍ ഗൗരിയമ്മ ആലപ്പുഴയില്‍ അണിചേരും. മന്ത്രി ജി സുധാകരന്‍ നേരിട്ടെത്തിയാണ് ഗൗരിയമ്മയെക്ഷണിച്ചത്.സ്ത്രീ ശാക്തീകരണത്തിനുളള സര്‍ക്കാര്‍ ദൗത്യം പ്രശംസനീയമാണെന്ന് ഗൗരിയമ്മ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് താന്‍ വന്നതെന്ന ആമുഖത്തോടെയാണ് മന്ത്രി ജി സുധാകരന്‍ സംസാരിച്ചുതുടങ്ങിയത്. പറഞ്ഞുതീരും മുമ്പെ താന്‍ വനിതാമതിലിനൊപ്പമുണ്ടാകുമെന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി. ദേശീയപാതയില്‍ ശവക്കോട്ടപ്പാലത്തിന് സമീപം ഗൗരിയമ്മ അണിചേരും

ആലപ്പുഴയിലെ ചാത്തനാട്ടെ വീട്ടില്‍ മന്ത്രി ജി സുധാകരനും സിപിഐ എം നേതാക്കളും വനിതാമതിലിലേക്ക് ഗൗരിയമ്മയെ ക്ഷണിക്കാനെത്തിയപ്പോൾ വനിതാമതിലിന്റെ പേരില്‍ വാര്‍ത്തയ്‌ക്കെത്തി കുത്തിത്തിരിപ്പിന് ശ്രമിച്ച മാധ്യമപ്രവര്‍ത്തകന് ഗൗരിയമ്മയുടെ പതിവ് ശൈലിയിലുള്ള ശകാരം കേൾക്കേണ്ടി വന്നന്നു. മുന്നണിപ്രവേശനത്തെക്കുറിച്ച് മാത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിക്കുകയായിരുന്നു മനോരമ ന്യൂസ് ലേഖകന്‍. എന്നാല്‍ ഇതാണോ ഇപ്പോഴത്തെ വിഷയമെന്നും വനിതാമലല്ലേ എന്നും ഗൗരിയമ്മ തിരിച്ചടിച്ചു.

അസഹനീയമായ രീതിയില്‍ ചോദ്യങ്ങള്‍ ചോദിച്ച ലേഖകനോട് തന്റെ പേരെന്താണെന്ന് ഗൗരിയമ്മ പലവട്ടം ചോദിച്ചു. പക്ഷേ മറുപടി ഉണ്ടായിരുന്നില്ല. വീണ്ടും മുന്നണിപ്രവേശനം തന്നെയായിരുന്നു ചോദ്യം. ഇടതുമുന്നണിയുമായി സഹകരിച്ച് പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഒരുമിച്ച് പോകാതെ കൈപിടിക്കാന്‍ പോകുമോ എന്ന് ഗൗരിയമ്മ മറുപടി നല്‍കി. നാളെ എന്താണ് വിഷയമെന്നും ഇപ്പോള്‍ വന്നിട്ട് മറ്റ് വിഷയങ്ങളെക്കുറിച്ച് ചോദിക്കുകയാണോ എന്നും ഗൗരിയമ്മ ചോദിച്ചു. ഏത് പത്രത്തിന്റെ ലേഖകനാണെന്ന് ചോദിച്ചപ്പോഴും മറുപടി ഉണ്ടായിരുന്നില്ല.

മനോരമ ലേഖകനും ഗൗരിയമ്മയും തമ്മില്‍ നടന്ന സംഭാഷണം ചുവടെ

ലേഖകന്‍ : ജെഎസ്എസിനെ ഇടതമുന്നണിയിലെടുക്കണമെന്ന അപേക്ഷയുണ്ടായിരുന്നോ

ഗൗരിയമ്മ : വേണ്ടാത്തതൊക്കെ വേണ്ടാത്ത സമയത്ത് ചോദിക്കരുത്. ഇതാണ് ചില പ്രസുകാരെ ഞാന്‍ തല്ലിവിടുന്നത്, പൊയ്‌ക്കോ… കൈയില്‍ ഇത് പിടിക്കാന്‍ വന്നാല്‍പിന്നെ ഇടതുമുന്നണിയിലെന്തുക്കുവാണെന്നാ.. ഇടത് മുന്നണിയില്‍ ഞങ്ങള് തമ്മില് ഇടിക്കും, എന്താ തനിക്കെന്താ..

ലേഖകന്‍ : ഒരുമിച്ച് പോകുന്നുണ്ടോ, ഇടതുമുന്നണിയുമായി സഹകരിച്ച് പോകുന്നുണ്ടല്ലേ

ഗൗരിയമ്മ : ഒരുമിച്ച് പോകാതെ കൈ പിടിക്കാന്‍ പോകുമോ.. തന്റെ പേരെന്താ..

ലേഖകന്‍ : (മറുപടിയില്ല)

ഗൗരിയമ്മ : അല്ല തന്റെ പേരെന്താ

ലേഖകന്‍ : മുന്നണിയ്‌‌‌‌ക്കകത്ത് പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നല്ലോ

ഗൗരിയമ്മ : അങ്ങോട്ട് പോ, ഇത് മുന്നണി പ്രവേശനമാണോ വിഷയം. ആണോ.. ഈ വിഷയമാണോ നാളെ

ലേഖകന്‍ : വനിതാമതില്‍

ഗൗരിയമ്മ : എന്തിനാ, സ്‌‌‌‌ത്രീകളുടെ അവകാശങ്ങള്‍ക്ക്. ഇപ്പോ വന്നിട്ട് വേറെ കാര്യം ചോദിക്കുന്നു. തനേത് പത്രമാ,

ലേഖകന്‍ : അത് ചോദിച്ചതെന്താന്ന് വെച്ചാല്‍..

ഗൗരിയമ്മ : താനേത് പത്രമാ..

ലേഖകന്‍ : അല്ല അത് പറയാം.. ഈ ദിവസങ്ങളില്…

ഗൗരിയമ്മ : പോടോ, മിണ്ടിപ്പോകരുത്.. ചോദ്യത്തിന് മറുപടി പറയാതെ നിന്നുകൊണ്ട് ചോദ്യം ചോദിക്കുന്നു.