നവോത്ഥാനം മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞ് ശബരിമല കയറിയാൽ, നീയും നിന്റെ കുടുംബവും നാശപ്പെടും

എനിക്ക് പറയാനുള്ളത് ശബരിമല ദർശനത്തിന് തയ്യാറെടുക്കുന്ന യുവതികളോടാണ്. ശബരിമലയെന്നത് ഇന്ന് പുരുഷാധിപത്യത്തിന്റെ, ആൾക്കൂട്ട നീതിയുടെ, കാട്ടുനീതിയുടെ പുരുഷാധിപത്യ മേഖലയാണ്. അവർക്ക് ഓശാനപാടി, ചാമരം വീശുന്ന സർക്കാർ ഒരു ഒത്തുതീർപ്പിനായി ശ്രമിക്കുകയാണ്. അത്തരമൊരു ഒത്തുതീർപ്പിന് ശേഷം, പുരുഷ കേന്ദ്രീകൃത സമൂഹം നിങ്ങൾക്ക് ഔദാര്യമായി, ശബരിമല സ്ത്രീപ്രവേശനം എന്ന എച്ചിൽ കഷ്ണം വലിച്ചെറിഞ്ഞ് തരും. അപ്പോൾ നിങ്ങളാ എച്ചിൽ കഷ്ണം ഒന്ന് ആസ്വദിച്ച് നക്കി സായൂജ്യമടയുക!!

വിനോ ബാസ്ററ്യൻ

കേരളത്തിന്റെ പൊതു സമൂഹത്തിൽ മതങ്ങളുടെ നിലപാടുകൾ ചോദ്യം ചെയ്തോ, ആചാരാനുഷ്ടാനങ്ങളെ അനുസരിക്കാതെയോ ജീവിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ ശ്രമകരമാണ്.

സുപ്രീം കോടതിയെ വിധിയെ തുടർന്ന്, സുപ്രീം കോടതി വിധി നടപ്പാക്കും എന്ന് ശബരിമല വിഷയത്തിൽ സർക്കാർ അതിശക്തമായ നിലപാടാണ് കൈക്കൊണ്ടത്. ശബരിമല ദർശനത്തിനായി എത്തുന്ന യുവതികൾക്കാവശ്യമായ പോലീസ് സുരക്ഷയൊരുക്കുമെന്ന് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിച്ചു. ആ നിലപാടിൽ വിശ്വാസമർപ്പിച്ച് ധാരാളം യുവതികൾ ശബരിമല ദർശനത്തിന് തയ്യാറാകുകയും ചെയ്തു. എണ്ണൂറിലധികം യുവതികൾ ഓൺലൈനായി ശബരിമല ദർശനത്തിനായി ബുക്ക് ചെയ്തു.

എന്നാൽ ശബരിമലയിലെ ക്രമസമാധാനം കൊടും ക്രിമിനലുകൾ കയ്യിലെടുത്തിട്ടും, ബിജെപി നേതാക്കൾ ശബരിമലയിൽ ക്യാമ്പ് ചെയ്ത്, ശബരിമലയിലെ കാര്യങ്ങൾ നിയന്ത്രിച്ചിട്ടും, ശബരിമല ദർശനത്തിനായി വന്ന യുവതികളുടെ ക്രിമിനൽ പശ്ചാത്തലവും, രാഷ്ട്രീയ പശ്ചാത്തലവും അന്വേഷിക്കുകയാണ് സർക്കാർ സംവിധാനങ്ങൾ ചെയ്തത്. ആക്ടിവിസ്റ്റുകൾ ശബരിമലയിൽ കയറരുതെന്നും, ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവർത്തിച്ചാവർത്തിച്ച് പറയുമ്പോൾ, സിപിഐഎം സംസ്ഥാന സെക്രട്ടറി പറയുന്നു ആക്ടിവിസ്റ്റായതുകൊണ്ട് ഒരു യുവതി ശബരിമലയിലേക്ക് വരരുതെന്ന നിലപാട് ശരിയല്ല എന്ന്.

അതൊക്കെ പോട്ടെ, ശബരിമലയിലേക്ക് പുറപ്പെട്ട യുവതികളുടെ വീടുകൾ ആക്രമിക്കപ്പെട്ടു, അത് അക്രമികൾ ചെയ്തതാണ് എന്ന ന്യായം സർക്കാർ സംവിധാനങ്ങൾക്ക് പറയാം.  രഹന ഫാത്തിമയുടെ പേരിൽ മതവികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി നേതാവ് രാധാകൃഷ്‌ണമേനോൻ പത്തനംതിട്ട സ്റ്റേഷനിൽ പരാതികൊടുക്കുന്നു. ആ പരാതി അനുസരിച്ച് അപ്പോൾ തന്നെ പോലീസ് ജാമ്യമില്ലാ വകുപ്പും കരിനിയമവുമായ 295A അനുസരിച്ച് കേസെടുക്കുന്നു, അവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നു.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽപ്പോലും ഈ വകുപ്പിട്ട് കേസെടുക്കാറില്ലെന്നിരിക്കെയാണ് കേരളത്തിലെ പുരോഗമന സർക്കാർ സ്ത്രീകളുടെ പേരിൽത്തന്നെ വർഗീയവാദികളുടെ പരാതിയിൽ കേസെടുത്ത് ജയിലിൽ അടച്ചത് 

(അയ്യപ്പൻറെ ബ്രഹ്മചര്യ സംരക്ഷണ ചുമതല ഏറ്റെടുത്ത് ഒരു സ്റ്റേഷനിൽ തന്നെ ഇദ്ദേഹമാണ് രണ്ട് കേസുകളും നൽകിയിട്ടുള്ളത്)

അതിന് പോലീസും പ്രോസിക്യൂഷനും പറഞ്ഞ ന്യായം, രഹന അർബൻ മാവോയിസ്റ്റാണ് ന്നാണ്. പാർട്ടിയുടെ ജ്വലിക്കുന്ന സിംഹങ്ങൾ രഹനയെ സംഘിയെന്നും മുദ്രകുത്തി, സംഘി മുദ്ര കുത്താനായുള്ള ചാപ്പ തയ്യാറായത് രശ്മിനായരെന്ന പ്രമുഖ വിപ്ലവ സഖാവിന്റെ പ്രൊഫൈലിൽ നിന്നും!! രശ്മിനായർക്കൊക്കെ സോഷ്യൽ മീഡിയാ സഖാക്കൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത, സിപിഐഎം അഖിലേന്ത്യാ സെക്രട്ടറി സഖാവ്. സീതാരാം യെച്ചൂരിക്ക് പോലും ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് എന്റെ മറുപടി.

അതും പോട്ടെ, ആലപ്പുഴയിൽ നിന്ന് ശബരിമല ദർശനത്തിനായി പുറപ്പെട്ട്, അയ്യപ്പ തീവ്രവാദ സംഘവും, പോലീസും അടങ്ങുന്ന സംയുക്ത കൂട്ടുകെട്ട് പാതിവിഴിയിൽ തിരിച്ചയച്ച ലിബി സിഎസ് എന്ന യുവതിക്കെതിരായി ഇതേ ബിജെപി നേതാവ് രാധാകൃഷ്‌ണമേനോൻ അതേ പത്തനംതിട്ട സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ 295A യും ഐടി ആക്ടുമുപയോഗിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് എടുത്തിരിക്കുകയാണ് പോലീസ്. അതുംകൂടാതെ തീവ്രഹിന്ദുത്വ വാദിയായ മറ്റൊരാൾ നൽകിയ പരാതിയിൽ എറണാകുളത്തും ഇതേ വകുപ്പുകൾ ഉപയോഗിച്ച് ലിബിക്കെതിരായി കേസെടുത്തിരിക്കുകയാണ് പോലീസ്. കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിലും ഒരു പെറ്റി കേസിൽ പോലും പ്രതിയല്ലാത്ത ലിബിയുടെ പേരിൽ ശബരിമല യാത്രയ്ക്ക് ശേഷം വിവിധ സ്‌റ്റേഷനുകളിലായി അഞ്ച് കേസുകളാണ് എടുത്തിട്ടുള്ളത്.

(ഇതാണ് മറ്റൊരു ആചാരക്കുരു പൊട്ടിയ കേസിലെ പെറ്റിഷണർ സിഎസ് സുമേഷ് കൃഷണ. കാര്യങ്ങൾ കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ?)

മനിതി സംഘത്തെ പമ്പയിലെത്തിച്ച് അക്രമിസംഘത്തിന് മുന്നിലേക്ക് വലിച്ചെറിഞ്ഞതും ഇതേ പോലീസ് തന്നെയാണ്. ശബരിമല ദർശനത്തിനായി വന്ന ബിന്ദുവിനെനെയും കനക ദുർഗ്ഗയെയും പിൻതിരിപ്പിക്കാനായി ശ്രമിച്ച് പരാജയപ്പെട്ട പോലീസ്, അവരെ ബലമായി മലയിറക്കിയതും നമ്മൾ കണ്ടുകഴിഞ്ഞു. ഓൺലൈനിൽ ബുക്ക് ചെയ്ത എണ്ണൂറോളം സ്ത്രീകളുടെ കാര്യം എന്തായി എന്ന് പോലീസും സർക്കാരും പറയുന്നതേയില്ല.

എനിക്ക് പറയാനുള്ളത് ശബരിമല ദർശനത്തിന് തയ്യാറെടുക്കുന്ന യുവതികളോടാണ്. ശബരിമലയെന്നത് ഇന്ന് പുരുഷാധിപത്യത്തിന്റെ, ആൾക്കൂട്ട നീതിയുടെ, കാട്ടുനീതിയുടെ പുരുഷാധിപത്യ മേഖലയാണ്. അവർക്ക് ഓശാനപാടി, ചാമരം വീശുന്ന സർക്കാർ ഒരു ഒത്തുതീർപ്പിനായി ശ്രമിക്കുകയാണ്. അത്തരമൊരു ഒത്തുതീർപ്പിന് ശേഷം, പുരുഷ കേന്ദ്രീകൃത സമൂഹം നിങ്ങൾക്ക് ഔദാര്യമായി, ശബരിമല സ്ത്രീപ്രവേശനം എന്ന എച്ചിൽ കഷ്ണം വലിച്ചെറിഞ്ഞ് തരും. അപ്പോൾ നിങ്ങളാ എച്ചിൽ കഷ്ണം ഒന്ന് ആസ്വദിച്ച് നക്കി സായൂജ്യമടയുക!!

അല്ലാതെ നവോത്ഥാനം മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞ് പുറപ്പെട്ടിറങ്ങി,  ഇരുമുടി കെട്ടുമേന്തി കറുപ്പുമുടുത്ത്, ശബരിമല കയറിയാൽ, നീയും നിന്റെ കുടുംബവും നാശപ്പെടും. അല്ലേൽ ബിജെപിക്കാര് കൊടുക്കുന്ന പരാതിയിൽ ചാടിവീണ് കേസെടുത്ത്, മതവികാരം വ്രണപ്പെടുത്തിയ കേസെടുത്ത് സർക്കാർ നിങ്ങളെ ജയിലിലടക്കും. ഇതാണ് നവകേരളം, നവോദ്ധാന കേരളത്തിലെ ഇന്നത്തെ സ്ത്രീപുരുഷ സമത്വം.

“സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്ക് സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ” സിംപിളായി പറഞ്ഞാൽ സമത്വം ഒരാശയം മാത്രമാണ്, അതിനുമപ്പുറം യാതൊന്നുമല്ല സമത്വം.

“പോകുവാൻ നമുക്ക് ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം”

ലാൽസലാം..