സാഹസിക റൈഡിങ്ങിനിടെ തൃപ്പുണിത്തുറ സ്വദേശിനി ബൈക്കില്‍ നിന്നും തെറിച്ച് വീണ് മരിച്ചു

അടിമാലിയിൽ ബൈക്കില്‍ സാഹസിക റൈഡിങ്ങ് നടത്തുന്നതിനിടെ തെറിച്ച് വീണ യുവതിയായ വിനോദ സഞ്ചാരി മരിച്ചു. തൃപ്പുണിത്തറ വടക്കേഭാഗം മല്ലശ്ശേരി പറമ്പില്‍ പരേതനായ രാജേന്ദ്രന്റെ മകള്‍ ചിപ്പി രാജേന്ദ്രന്‍( 23) ആണ് മരിച്ചത്.

ശനിയാഴ്ച്ച രാവിലെ 11 മണിയോടെ അടിമാലി കൂമ്പന്‍പാറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹില്‍ടോപ്പ് അഡൈ്വജര്‍ എന്ന ബൈക്ക് റൈഡിങ്ങ് സ്ഥാപനത്തിലാണ് സംഭവം. സുഹൃത്തുകളോടൊപ്പം ചിപ്പിയും സംഘവും മൂന്നാര്‍ സന്ദര്‍ശിക്കുവാന്‍ എത്തിയതാണ്. കൂമ്പന്‍പാറയില്‍ എത്തിയപ്പോഴാണ് റൈഡിങ്ങ് സ്ഥാപനത്തെ കുറിച്ച് അറിയുന്നത്. ഇങ്ങനെയാണ് ചിപ്പിയും സുഹൃത്തും ഈ സ്ഥാപനത്തില്‍ എത്തിയത്.

ഇവിടെ ബൈക്കില്‍ സാഹസിക റൈഡിങ്ങ് നടത്തുന്നതിനിടെ ചിപ്പി ബൈക്കില്‍ നിന്നും തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം അടിമാലിയിലെ മോണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികില്‍സയ്ക്കായി ആലുവയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.

മരിച്ച ചിപ്പി രാജഗിരി ആശുപത്രിയിലെ ജീവനക്കാരിയാണ്.ഒരു മാസം മുന്‍പാണ് ഈ ആശുപത്രിയില്‍ ജോലിയില്‍ ചേര്‍ന്നത്. തൃപ്പുണിത്തറ നഗരസഭയിലെ സ്ഥിരം സമിതി അദ്ധ്യക്ഷ നിഷ രാജേന്ദ്രനാണ് മാതാവ്. നിജു ഏക സഹോദരന്‍. മൃതുദേഹം പെരുമ്പാവൂരിലെ സ്വാകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.